മേഘം മൂടിയ മലമുകളില്‍.

മേഘം മൂടിയ മലമുകളില്‍

ഒന്നാം നാള്‍






സമയം ഏകദേശം പുലര്‍ച്ചെ ഒരു മൂന്നു മണിയായിക്കാണും. പാറപ്പുറത്ത് ചിരട്ടയിട്ടുരക്കുന്ന പോലത്തെ ഒരു ശബ്ദം കേട്ടാണ് ഞാന്‍ ഉറക്കത്തില്‍ നിന്നുണര്‍ന്നത്‌. കണ്ണുകള്‍ പാതി മാത്രം തുറന്ന് ശബ്ദം കേട്ട ഭാഗത്തേക്ക് ഞാന്‍ നോക്കി. നീണ്ട് വിളറിയ മുഖവുംഎലത്തൂര്‍ പള്ളിയിലെ മിനാരം പോലെ നീണ്ട തൊപ്പിയുംഒരു അവിഞ്ഞ ചിരിയുമായി പേര്‍ഷ്യന്‍ കഥകളിലെ സൂഫി ര്‍ത്തകരെ അനുസ്മരിപ്പിക്കും വിധത്തില്‍ വസ്ത്രം ധരിച്ച ഒരു രൂപം എന്നോട് പറഞ്ഞു:
"അസ്സലാമു അലൈക്കും ജസീംക്കാവേഗം ണീക്ക്".


"ങേ! ഫസലല്ലേ ഇത്‌. ഇച്ചങ്ങായി എന്താ എന്റെ റൂമില്! വല്ല സ്വപ്നവുമായിരിക്കും" ഞാന്‍ തിരിഞ്ഞു കിടന്നു. അപ്പോഴാണ് പിറകില്‍ നിന്ന് മറ്റൊരു ശബ്ദം :
"എത്താ കാക്കാ ഇജ്ജ് കാട്ട്ണത്‌. ബേം ണീച്ചാ ജ്ജ്". "ങേ! പടച്ച തമ്പുരാനേറഫ്സലാണല്ലോ അത്"
ഞാന്‍ ചാടി എണീറ്റ് കണ്ണ് തിരുമ്മി ചുറ്റും നോക്കി. അപ്പോഴാണ് സത്യം പറഞ്ഞാല്‍ പരിസരബോധം വന്നത്‌. യാത്രയുടെ ആദ്യം ദിവസം തന്നെ നേരം വൈകരുതല്ലോ. ഞാന്‍ ചാടി എണീറ്റ് കുളിമുറിയിലേക്കോടി. രാവിലെ എല്ലാറ്റിനേയും പുറപ്പെടുവിക്കാനുള്ള ബുദ്ധിമുട്ട് ആലോചിച്ചാണ് എല്ലാവരും കൂടെ റംസിയുടെ വീട്ടില്‍ തങ്ങിയത്‌. അതേതായാലും നന്നായി. അത് കൊണ്ട് സുബ്ഹിയുടെ മുന്‍പ്‌ തന്നെ പുറപ്പെടാന്‍ പറ്റി.
മേഘമലൈ. വാക്കുകള്‍ക്കതീതമായ സൌന്ദര്യം പേരില്‍ തന്നെ ഒളിപ്പിച്ചു വെച്ച ഒരു കൊച്ചു ഗ്രാമം. ഓണ്‍ലൈന്‍ യാത്രാ ഫോറങ്ങളില്‍ പലപ്പോഴായി ഞാന്‍ കണ്ടുമുട്ടിയിട്ടുണ്ട് കൊച്ചു സുന്ദരിയെ. വലിയ നാണക്കാരിയാണ് ഇവള്‍‍. അധികമാരും ചെന്നെത്തിയിട്ടില്ലാത്ത ഒരിടം. മേഘമലയെ കുറിച്ച് അധികം വിവരങ്ങള്‍ ആവശ്യപ്പെട്ടപ്പോള്‍ സാക്ഷാല്‍ ഗൂഗിള്‍ ഉസ്താദ് പോലും നിന്ന് വിയര്‍ക്കുകയായിരുന്നു. അതും കൂടെയായപ്പോള്‍ മനസ്സില്‍ ഉറപ്പിച്ചതാണ്എന്നെങ്കിലുമൊരിക്കല്‍ ന്‍റെ ബുള്ളറ്റമ്മാവനേയും കൂട്ടി  മല കയറിയിറങ്ങണമെന്ന്‌. എന്നാല്‍ പല കാരണങ്ങളാല്‍  യാത്ര നീണ്ടു പോയി.
അങ്ങ് ദുഫായില്‍ എണ്ണയൂറ്റി ബോറടിക്കുന്ന സമയത്ത് റഫ്സല്‍ ഫോണെടുത്ത് എന്നെ വിളിക്കും.
"ടാ ജെസിയേ! ഒരു ട്രിപ്പ് പ്ളാന്‍ ചെയ്യെടാഞാന്‍ വരുമ്പോഴേക്ക്".
"നോക്കാം" എന്ന് ഞാന് മറുപടിയും പറയും. 
പുട്ടിന് തേങ്ങയിടുന്നത് പോലെ ഇടക്കിടക്ക്  ഫോണ് വരാറുണ്ടെങ്കിലും കാര്യമായ പ്ളാനിംഗ് ഒന്നും നടന്നിരുന്നില്ല.
മേഘമലൈ എന്ന പേരു തന്നെ മറന്നു തുടങ്ങിയപ്പോഴായിരുന്നു ഒരു കസിന്‍റെ കല്ല്യാണം പെട്ടന്ന് ശരിയായത്‌. എല്ലാവരെയും വിളിക്കുന്നതിന്‍റെ കൂട്ടത്തില്‍ ഒരു ഫോര്‍മാലിറ്റി എന്ന നിലക്ക് റഫ്സലിനും കിട്ടി ഒരു വാട്സാപ്പ് മെസേജ്‌. കേട്ട പാതി കേള്‍ക്കാത്ത പാതി അവന്‍ കേറി ടിക്കറ്റും ബുക്ക് ചെയ്തു. ഗ്രൂപ്പില് ഒരു വോയ്സ് ക്ളിപ്പും:
"ഒന്നാലോയിച്ച് നോക്ക്യാകോയിപ്പാട്ട്സും പൊറാട്ടയും സല്ക്കാരവും...ശ്ശൊ എനിക്ക് വയ്യ".
അതും കഴിഞ്ഞു നാലഞ്ച് ദിവസം കഴിഞ്ഞപ്പോഴേക്കും മൂപ്പരാള് കരിപ്പൂര് ബീമാനത്താവളത്തില് വന്നിറങ്ങി. പിന്നെ കല്യാണവും സല്ക്കാരവും ഒക്കെയായി കുറച്ച് ദിവസങ്ങള്‍‍. അമ്മായി ചുട്ട അപ്പങ്ങളേക്കാളും കൂടുതല്‍ ഐറ്റംസായിരുന്നു മൂന്നാല് ദിവസം കൊണ്ട് അടിച്ച് കേറ്റിയത്‌.
" പൊറാട്ടകോഴിപ്പാട്ട്സ്നെയ്ചോര്, ബിരിയാണിമന്തികപ്സപത്തിരിവെള്ളപ്പംഇടിയപ്പംആട് വരട്ടിയത്ആട് നിര്ത്തി പൊരിച്ചത്ബീഫ് സ്റ്റൂചിക്കന്‍ മസാലചിക്കന്‍ വരട്ടിയത്ചിക്കന്‍ ചുട്ടത് തുടങ്ങി എണ്ണിയാലൊതുങ്ങാത്ത വിഭവങ്ങള്‍ക്ക് മീതെ മുട്ടമാലമുട്ടസുറുക്കപുഡ്ഡിങ്ങ്അലീസ തുടങ്ങിയ ഡെസേര്‍ട്സും”.
ചുരുക്കിപ്പറഞ്ഞാല് വിഷുവിന് കത്തിച്ചു വിട്ട വാണം പോലെ കൊളസ്ട്രോള് കത്തിക്കയറി.
അങ്ങനെ എണ്ണമറ്റ ല്‍ക്കാരങ്ങള്‍ക്കിടയില്‍ ഒന്നില്‍ വെച്ചാണ് അസ്മീര്‍ ഞങ്ങളുടെ ഇടയിലേക്ക് കടന്നു വരുന്നത്‌. ബൈക്ക് ട്രിപ്പ് എന്ന് കേട്ടതും മൂപ്പര് കത്തിക്കയറി. മീശപ്പുലിമലയില്‍ മഞ്ഞു വീണ അനുഭവമാണ് ആദ്യം പറഞ്ഞത്‌. അതോടു കൂടി അടുത്ത ട്രിപ്പില്‍ അവനേയും കൂടെ കൂട്ടാം എന്ന് ഞങ്ങള്‍ തീരുമാനിച്ചു. അങ്ങനെ മേഘമലൈ ര്‍ച്ചകള്‍ക്ക് വീണ്ടും ചൂടുപിടിച്ചു. കാര്യങ്ങള്‍ കേട്ടപ്പോള്‍ ഫസലും കൂടെ റംസിയും തയ്യാറായി. അങ്ങനെ ഞങ്ങളുടെ ടീം സെറ്റായി.



കുളി കഴിഞ്ഞ് പുറത്തിറങ്ങിയ ഞാന്‍ കാണുന്നത് ചക്ക വെട്ടിയിട്ട പോലെ കിടന്നുറങ്ങുന്ന അസ്മീറിനെയാണ്‌. അവനെ പൊക്കാന്‍ ഫസലും റഫ്സലും കഠിനമായി അധ്വാനിക്കുന്നുണ്ടായിരുന്നു. അങ്ങനെ പ്രഭാതകര്‍മ്മങ്ങളെല്ലാം കഴിഞ്ഞ് അവിടെ നിന്ന് ഇറങ്ങുമ്പോഴേക്കും സമയം നാലര. നല്ല സുലൈമാനിക്കൊപ്പം പഴം പുഴുങ്ങിയതും ഉണ്ണിയപ്പവും ല്‍കി റംസിയുടെ ഉമ്മ ഞങ്ങളെ യാത്രയാക്കി.
ഇറങ്ങുമ്പോള്‍ ഉമ്മ പറഞ്ഞു :
"മക്കളേ! ശ്രദ്ധിച്ച് പോവണേസമയത്തിന് ഭക്ഷണമൊക്കെ കഴിക്കണം".
വളരെ പെട്ടന്നായിരുന്നു റഫ്സലിന്റെ മറുപടി:
"വേറെ എന്തു മുടക്കിയാലും അത് ഞമ്മള് സമയത്ത് തന്നെ ചെയ്തോളും". ഉമ്മ ഹാപ്പി.
എലത്തൂരില്‍ നിന്ന് നീങ്ങിത്തുടങ്ങുമ്പോഴേക്ക് സുബ്ഹി ബാങ്ക് കൊടുക്കാന്‍ തുടങ്ങിയിരുന്നു. വഴിയില്‍ ഏതെങ്കിലും പള്ളിയില്‍ കയറി നമസ്കരിക്കാം എന്ന് കരുതി മുന്നോട്ട് നീങ്ങി. ഏകദേശം ഒരു മണിക്കൂര്‍ യാത്ര ചെയ്ത് കൊണ്ടോട്ടി എത്തിയപ്പോഴാണ് പറ്റിയ ഒരു പള്ളി കിട്ടിയത്‌. ഉടന്‍ തന്നെ വണ്ടികളെല്ലാം സൈഡാക്കി ഞങ്ങള്‍ നമസ്കരിക്കാന്‍ കയറി. നമസ്കാരം കഴിഞ്ഞ് തിരിച്ച് വന്ന് ലഗേജിന്‍റെ കെട്ടുകളെല്ലാം ഒന്നുകൂടെ പരിശോധിച്ചു. സുബ്ഹി കഴിഞ്ഞാല്‍ ഒരു ചായ എല്ലാവര്‍ക്കും നിര്‍ബന്ധമായിരുന്നു. അതിനാല്‍ അടുത്ത ചായക്കട ലക്ഷ്യമാക്കി നീങ്ങി. സാധാരണ സുബ്ഹിക്കു മുന്‍പ്‌ തന്നെ മലപ്പുറത്തെ മുഴുവന് ചായക്കടകളും ഹയാത്താവാറുണ്ട്‌. പക്ഷേ എന്താണെന്നറിയില്ല അന്ന് ഒരൊറ്റ എണ്ണം പോലും കണ്ടില്ല. അത്യാവശ്യം തരക്കേടില്ലാത്ത ഒരു ഹോട്ടല് കണ്ട് വണ്ടി ചവിട്ടുമ്പോഴേക്കും സമയം 7:30 , സ്ഥലം പെരിന്തല്‍മണ്ണ.
ഹോട്ടലില്‍ കയറി മുതലാളിയോട് ഒരൊറ്റ ചോദ്യമാണ് :
"കയ്ച്ചാന്‍ എത്താ ള്ളത് കാക്കെയ്?".
ഒരൊറ്റ മറുപടി:
"പൊറാട്ട".
ഇടതടവില്ലാതെ വരുന്ന മാധ്യമ സാമൂഹ്യ മാധ്യമ പ്രചരണങ്ങളെ അതിധീരമായി ചെറുത്ത് തോല്പ്പിച്ച് ഇന്നും കേരളക്കാരുടെ "ദേശീയ" ഭക്ഷണമായി തലയുയര്‍ത്തി നില്ക്കുകയാണ് പൊറാട്ട. എല്ലാവരും ഒരേ സ്വരത്തില്‍ പറഞ്ഞു : "ഓരോ പ്ളേറ്റ് പോന്നോട്ടേ". നിമിഷങ്ങള്‍ക്കകം ആവി പറക്കുന്ന പൊറാട്ടയും ഗ്രീന്‍ പീസും മീന്‍ മുളകിട്ടതും പറന്നെത്തി. മൂക്കറ്റം വെട്ടിവിഴുങ്ങി ഏമ്പക്കവും വിട്ട് പുറത്തെത്തിയപ്പോള്‍ ഒരാളെ മാത്രം കാണാനില്ല. അസ്മീര്‍‍!
അഞ്ച് മിനിട്ട് കഴിഞ്ഞ് ബെല്‍റ്റിന്‍റെ ബക്ക്ളും ടൈറ്റാക്കിക്കൊണ്ട് പുറത്തേക്ക് വന്ന അവനോട് ഞാന് ചോദിച്ചു:
"എന്തേയ്?".
ഉടന് വന്നു സമദാനി സ്റ്റൈലില്‍ ഒരു മറുപടി:
" പൊറാട്ടാ... മൈദാ... മൈദാ... പൊറാട്ടാ... വയറ്റില്‍ കൂട്ടിമുട്ടലുകള് നടക്കുകയാണ്പൊറാട്ട മീനുമായിമീന്‍ പീസ്കറിയുമായിപീസ്കറി പിന്നെ പൊറാട്ടയുമായി. കൂട്ടിമുട്ടലുകളങ്ങനേ അരങ്ങേരുകയാണ്‌. ഇപ്പൊ ഏതായാലും സമാധാനമായി. ഹാവൂ...".
അത് കേട്ടതും ഫസലും റംസിയും ഷൂ അഴിച്ച് ചെരിപ്പ് ധരിക്കാന്‍ തുടങ്ങി. ഞാനും റഫ്സലും പതുക്കെ മുന്നോട്ട് നീങ്ങി.










അവിടെയും ഇവിടെയും ചില്ലറ ബ്രേക്കുകളൊക്കെ എടുത്ത് ഏകദേശം ഒരു പതിനൊന്നര മണിയോടു കൂടി ഞങ്ങള്‍ പാലക്കാട് മക്ഡൊണാള്‍ഡ്സിലെത്തി. ചായയുടെ മൂന്നിലൊന്ന് മാത്രം വിലയുള്ള കുറേ ബര്‍ഗറും പച്ചവെള്ളവും അകത്താക്കി ഞങ്ങള്‍ യാത്ര തുടര്‍ന്നു. വെള്ളിയാഴ്ച്ച ആയത് കൊണ്ട് ബൈക്ക്‌ സുരക്ഷിതമായി നിര്‍ത്തി ജുമുഅ നമസ്കാരം നിര്‍വ്വഹിക്കാവുന്ന ഒരു പള്ളിയും തപ്പി ഞങ്ങള്‍ കുറച്ചൊന്നുമല്ല കറങ്ങിയത്‌. ഒടുവില്‍ പൊള്ളാച്ചി പളനി റോഡില്‍ പറ്റിയ ഒരു പള്ളി കണ്ടു. നമസ്കാരം കഴിഞ്ഞപ്പോഴേക്കും നല്ല കിക്കിടിലന്‍ വിശപ്പ്‌.

















കുറച്ച് കൂടെ മുന്നോട്ട് നീങ്ങിയപ്പോള്‍ 'അന്നലക്ഷ്മിഎന്നാരു ഹോട്ടലില്‍ എത്തിച്ചേര്‍ന്നു. നല്ല വൃത്തിയുള്ള ഒരു സെറ്റപ്പ്‌. കയറിയിരുന്ന് മീത്സ് ര്‍ര്‍ ചെയ്തു. ഭക്ഷണം കാത്തിരിക്കവേ ഞാന്‍ പറഞ്ഞു:
 "അല്ലെങ്കിലും നാട് വിട്ടാ പിന്നെ നല്ല ഭക്ഷണമൊന്നും പ്രതീക്ഷിക്കണ്ട. കിട്ടുന്നത് കൊണ്ട് ഒപ്പിക്കാം".
എന്നാല്‍ ഞാന്‍ കരുതിയതിന് വിപരീതമായി പാലക്കാടന്‍ മട്ടയിട്ട് വെച്ച നല്ല ഒന്നാന്തരം ചോറാണ് അവര് കൊണ്ട് വന്നത്‌. കൂടെ സാമ്പാര്‍, മീന്‍ കുളമ്പ്പുളിക്കുളമ്പ്മോര്ഉപ്പേരിഅച്ചാര്‍ തുടങ്ങി ഒരു മിനി സദ്യക്ക് വേണ്ട ഐറ്റംസ് ഒക്കെ ഉണ്ടായിരുന്നു. ഇടക്ക് കൊണ്ട് വന്ന ഓംലെറ്റ് നിലം തൊടാതെ വിഴുങ്ങി.
മധ്യവയസ്കയായ ഒരു സ്ത്രീയായിരുന്നു ഞങ്ങള്‍ക്ക് ചോറും മറ്റും വിളമ്പിത്തന്നിരുന്നത്‌. കൂടുതല്‍ മോര് കിട്ടാനുള്ള ആവേശത്തില്‍ അസ്മീര്‍ വിളിച്ചു പറഞ്ഞു :
"അണ്ണീ കൊഞ്ചം മോര്".
ഞാനും ഫസലും വായും പൊളിച്ചിരുന്നു പോയി. ഞാന്‍ ചോദിച്ചു:
"എടാ വൃത്തികെട്ടവനേ! എന്താ ഇയ്യ് വിളിച്ചത്?"
"അണ്ണീന്ന്‌. എന്തെയ്നു?"
"അങ്ങനെ പറഞ്ഞാ എന്താന്നറിയോ?"
"അണ്ണന്‍ന്ന് പറഞ്ഞാ ചേട്ടന്‍,അപ്പൊ അണ്ണീന്ന് പറഞ്ഞാ ചേച്ചി
"പോടാ ഹംക്കേ. അണ്ണീന്ന് പറഞ്ഞാല് ഏടത്തിയമ്മ എന്നാണ്"
"തന്നേ. .ങാ"
യാതൊരു ഭാവവ്യത്യാസവും കൂടാതെ അവന്‍ തീറ്റ തുടര്‍ന്നു.
ചോറും കഴിഞ്ഞ് മേശപ്പുറത്തേക്ക് കാലും നീട്ടി വെച്ച് കട്ടന്‍ ചായയും കുടിച്ചുകൊണ്ട് ഇരിക്കുമ്പോഴാണ് ശ്രദ്ധിച്ചത്റംസിയെ കാണാനില്ല. ഹോട്ടലിന്‍റെ പിറക് വശത്ത് സ്ഥിതി ചെയ്യുന്ന ടോയ്ലെറ്റിന്‍റെ ഇപ്പുറത്ത് കെട്ടിയിട്ടിരുന്ന മേനകാജിയുടെ പൊന്നോമന മക്കളുടെ നിര്‍ത്താതെയുള്ള കുര കേട്ടപ്പോള്‍ മനസ്സിലായി അവന്‍റെ ലൊക്കേഷന്‍‍. ചുട്ടുപൊള്ളുന്ന വെയിലില്‍  തണലത്ത് കാറ്റും കൊണ്ടിരുന്ന് സമയം പോയതറിഞ്ഞില്ല. അവിടെ നിന്ന് പുറപ്പെടുമ്പോഴേക്ക് സമയം ഏകദേശം മൂന്നര. 






എത്രയും പെട്ടന്ന് പളനിയില്‍ എത്തണം എന്ന് കരുതി പുറപ്പെട്ട ഞങ്ങളെ സ്വാഗതം ചെയ്തത് ഇരുവശത്തും മൈലുകളോളം പരന്നു കിടക്കുന്ന തരിശുഭൂമിയില്‍ അങ്ങിങ്ങായി തലയുയര്‍ത്തി നില്‍ക്കുന്ന കാറ്റാടിയന്ത്രങ്ങളാണ്‌. ചുട്ടുപൊള്ളുന്ന വെയിലിന് ഒരളവോളം ആശ്വാസം പകര്‍ന്നത് അവിടെ വീശിയടിക്കുന്ന കാറ്റായിരുന്നു.
KDFC's ഓണ്‍ലി കോഫി - 100 മീറ്റര്‍ എന്ന ബോര്‍ഡ്‌ പിന്നിട്ടപ്പോഴേക്കും കാപ്പിക്കുരുവിന്‍റെ മാസ്മരിക ഗന്ധം അന്തരീക്ഷത്തില്‍ വന്നു നിറഞ്ഞു. അടുക്കുംതോറും ശക്‌തിയാര്‍ജ്ജിച്ച ആ സുഗന്ധം ഞങ്ങളുടെ നാസാദ്വാരങ്ങളിലൂടെ പ്രവേശിച്ച്‌ തലച്ചോറിനെ മയക്കിക്കളഞ്ഞു. എല്ലാവരുടെ തലച്ചോറുകളും ഒരേ പോലെ പ്രവൃത്തിക്കുകയായിരുന്നു. തലച്ചോര്‍ നല്‍കിയ സിഗ്നല്‍ ഇടതുകയ്യിലൂടെ സഞ്ചരിച്ച്‌ ഇന്‍ഡിക്കേറ്ററിന്‍റെ സ്വിച്ച്‌ വലതുവശത്തേക്ക്‌ തിരിച്ചു. പരസ്പരം ഒരു കൈകാണിക്കലും വേണ്ടി വന്നില്ല. എല്ലാവരും യാന്ത്രികമായി ആ കടയുടെ മുന്നില്‍ വണ്ടി നിര്‍ത്തി.
"അഞ്ച്‌ കോഫീ ണ്ണേ.." ക്യാമറ പുറത്തെടുക്കുന്നതിനിടയില്‍ ഞാന്‍ വിളിച്ചു പറഞ്ഞു. വെറുതേ ചില ഫോട്ടോസ്‌ ക്ളിക്ക്‌ ചെയ്യുന്നതിനിടക്കാണ്‌ ഞാന്‍ അത്‌ ശ്രദ്ധിച്ചത്‌. ഞങ്ങളുടെ തൊട്ടടുത്ത്‌ തന്നെ ഒരു യമണ്ടന്‍ കാറ്റാടിയന്ത്രം നിന്ന്‌ കറങ്ങുന്നു. പിന്നെ ഒന്നും നോക്കിയില്ല. അതിന്‍റെ നീളത്തിലും വീതിയുലും ക്ളിക്കോട്‌ ക്ളിക്ക്‌. അഞ്ച്‌ നിമിഷം കഴിയും മുന്‍പേ മുഴുക്കശണ്ടിയും മുഷിഞ്ഞ ലുങ്കിയും വിശാലമായ പുഞ്ചിരിയുമായി അണ്ണന്‍ കടന്നു വന്നു. തമിഴന്‍റെ സാമ്പ്രദായിക രീതികളെ അനുസ്മരിപ്പിക്കുംവിധം പിത്തളപ്പാത്രത്തില്‍ (ഞമ്മള്‍ പിച്ചളപ്പാത്രം എന്ന്‌ പറയും) നല്ല ആവി പറക്കുന്ന കോഫിയുമായി. ആദ്യത്തെ റൌണ്ട്‌ കഴിഞ്ഞ്‌ രണ്ടാമത്തേത്‌ ഓര്‍ഡര്‍ ചെയ്യുമ്പോള്‍ റഫ്സല്‍ പറഞ്ഞു: "അണ്ണാ കോഫി സൂപ്പര്‍". അണ്ണന്‍ രോമാഞ്ചകഞ്ചുകനായിക്കൊണ്ട്‌ പറഞ്ഞു: "ടാങ്കു"അടുത്ത കോഫി 'അതുക്കും മേലെ'.













കോഫി കുടി കഴിഞ്ഞപ്പൊ പിന്നെ ഒന്നും നോക്കിയില്ലഒരൊറ്റ പിടുത്തമായിരുന്നു. നേരെ പഴനിക്ക്‌. ഇടക്ക്‌ വെച്ച്‌ മൂന്ന്‌ പേരെ കാണാതായപ്പോള്‍ ഞാനും റഫ്സലും ഒന്ന്‌ സൈഡാക്കി ഊര നിവര്‍ത്തി. ഒരു ചെറിയ ഗ്രാമത്തിലായിരുന്നു ഞങ്ങള്‍ നിര്‍ത്തിയത്‌. ബൈക്കില്‍ നിന്നിറങ്ങി റോഡില്‍ നില്‍ക്കുമ്പോള്‍ ഞാന്‍ ചുറ്റുമൊന്ന്‌ ചുമ്മാ കണ്ണോടിച്ചു. കറുത്ത നിറത്തില്‍ ഇരുവശത്തേക്കും കണ്ണെത്തും ദൂരം വരെ വിശാലമായ റബ്ബറൈസ്ഡ്‌ റോഡ്‌. റോഡിന്‍റെ ഒരു വശം വിശാലമായ മാമ്പഴത്തോപ്പ്‌മറുവശം കുറച്ച്‌ വീടുകളും ഒരു ചെറിയ സ്കൂളും ഇളം നീലയും മഞ്ഞയും പെയിന്‍റടിച്ച മറ്റു ചില ബില്‍ഡിങ്ങുകളും. ഇളം കാപ്പി നിറം പൂണ്ട മണലായിരുന്നു ഇരുവശവും. ഞങ്ങള്‍ നില്‍ക്കുന്നതിന്‍റെ മറുവശത്ത്‌ ഒരു ചെറിയ ബസ്‌ സ്റ്റോപ്പും രണ്ട്‌ മൂന്ന്‌ മുറുക്കാന്‍കടകളും ഉണ്ടായിരുന്നു. മുറുക്കാനും ചവച്ച്‌ ചില കിളവന്‍മാര്‍ ബസ്‌ സ്റ്റോപ്പിലിരുന്ന്‌ കത്തിയടിക്കുന്നുണ്ടായിരുന്നു. സൈക്കിള്‍ ടയറും ഉരുട്ടിക്കൊണ്ട്‌ കുട്ടികള്‍ തലങ്ങും വിലങ്ങും ഓടുന്നുണ്ടായിരുന്നു. നൂറോളം പ്‌ളാസ്റ്റിക്‌ കുടങ്ങളോ അല്ലെങ്കില്‍ പുല്‍കെട്ടുകളോ ഒക്കെയായി തലയില്‍ ഒരു തോര്‍ത്തുമുണ്ടും കെട്ടി ടി.വി.എസ്‌ എക്സ്‌.എലില്‍ പോകുന്ന അണ്ണന്‍മാരെ ഒന്നു കാണേണ്ടത്‌ തന്നെയാണ്‌. ഇതൊന്നും പോരാത്തതിന്‌ നല്ല ഇളംകാറ്റും വീശിയടിക്കുന്നുണ്ടായിരുന്നു. ആകപ്പാടെ ഒരു നൊസ്റ്റാള്‍ജിക്ക്‌ എഫക്ട്‌. ആ കാഴ്ചകളൊക്കെ കണ്ണു നിറയെ കണ്ട്‌ ഞാനും റഫ്സലും അവിടെ നിന്നു. ഒരു പത്ത്‌ പതിനഞ്ച്‌ മിനിട്ടുകള്‍ കഴിഞ്ഞപ്പോള്‍ ബാക്കിയുള്ളവര്‍ എത്തിച്ചേര്‍ന്നു. അസ്മീറിന്‍റെ ടയറ്‍ പഞ്ചര്‍ ആയതായിരുന്നു. അങ്ങനെ ഞങ്ങള്‍ ഒരുമിച്ച്‌ പളനിയിലെത്തി. പളനി ക്ഷേത്രം ദൂരെ നിന്ന്‌ കാണാവുന്ന ഒരു ജംഗ്ഷനിലായിരുന്നു ഞങ്ങള്‍ നിര്‍ത്തിയത്‌.
കടുപ്പത്തിലൊരു ചായയാവാം എന്ന്‌ പറഞ്ഞ്‌ ഞങ്ങള്‍ അവിടെ അടൂത്ത്‌ തന്നെയുള്ള ഹോട്ടലില്‍ കയറി. ചായയും കുടിച്ച്‌ ബൈക്കിനടുത്തെത്തിയപ്പോഴാണ്‌ മനസ്സിലായത്‌എപ്പോഴത്തേയും പോലെ അസ്മീര്‍ 'മിസ്സിംഗ്‌'. ജാക്കറ്റും ഗ്ളൌസുമൊക്കെ ധരിക്കുന്നതിനിടയിലാണ്‌ ഞാന്‍ ശ്രദ്ധിച്ചത്‌. ഹോട്ടലിന്‍റെ സെക്യൂരിറ്റി ഞങ്ങളെ തന്നെ ചുറ്റിപ്പറ്റി നില്‍ക്കുന്നു. ആ നില്‍പ്പ്‌ കണ്ടപ്പോള്‍ മനസ്സിലായി എന്തോ 'സംതിങ്ങ്‌കിട്ടാനാണെന്ന്‌. ഒന്നും കിട്ടുന്നില്ലെന്ന്‌ കണ്ട അയാള്‍ ധൈര്യം സംഭരിച്ച്‌ റംസിയുടെ അടുത്ത്‌ ചെന്ന്‌ ചോദിച്ചു:
"ടീ കുടിക്കറത്ക്ക്‌ ഏതാവത്‌".
ഉടന്‍ വന്നു മറുപടി :
"ടീ അല്ലേ ഇപ്പൊ കുടിച്ചത്‌..".
അതും പറഞ്ഞ്‌ അവന്‍ മുന്നോട്ട്‌ നീങ്ങി. 'ഇഞ്ചി കടിച്ച അണ്ണാന്‍എന്ന്‌ കേട്ടിട്ടേയുള്ളൂ. അതിനേക്കാള്‍ ദയനീയമായ ഒരു ഭാവമായിരുന്നു അന്നേരം അയാളുടെ മുഖത്ത്‌.
അധികം വൈകാതെ കൊടൈക്കനാലിലേക്കുള്ള റൂട്ടില്‍ ഞങ്ങള്‍ പ്രവേശിച്ചു. സമയം ഏകദേശം 5:45 ആയിരുന്നു. വാനം ഇരുട്ടിത്തുടങ്ങിയിരുന്നു. സൂര്യാസ്‌തമയം നഷ്ടപ്പെട്ടതിന്‍റെ വിഷമം നല്ലവണ്ണം ഉണ്ടായിരുന്നു എല്ലാവര്‍ക്കും. പക്ഷേ അതിനേക്കാള്‍ വിഷമിപ്പിച്ചത്‌ പൊലീസ്‌ ചെക്ക്പോസ്റ്റ്‌ എത്താറായി എന്നതായിരുന്നു. ഓരോരുത്തരുടേയും പേപ്പറുകള്‍ക്ക്‌ ഓരോരോ പ്രശ്നങ്ങളുണ്ടായിരുന്നു. അത്‌ വിശദീകരിക്കുമ്പോഴേക്കും സമയം കുറച്ചൊന്നുമല്ല നഷ്ടപ്പെടുക. അങ്ങനെ ടെന്‍ഷന്‍ അടിച്ചാണ്‌ ചെക്ക്‌ പോസ്റ്റിലെത്തിയത്‌. അടുക്കുംതോറും എന്‍റെ ഹൃദയമിടിപ്പ്‌ കൂടിക്കൂടി വന്നു. കാരണം എന്‍റെ വണ്ടി ഒരു അന്യസംസ്ഥാനക്കാരനായിരുന്നു. പോലീസുകാരന്‍ വിചാരിച്ചാല്‍ വേണമെങ്കില്‍ ഈ ട്രിപ്പ്‌ തന്നെ കുളമാക്കാം. പക്ഷേ അല്‍ഹംദുലില്ലാഹ്‌ ആരും കൈ കാണിച്ചില്ല.
പൂര്‍ണ്ണമായും ഇരുട്ടുന്നതിന്‌ മുന്‍പ്‌ തന്നെ പരമാവധി ദൂരം പിന്നിടാം എന്ന ഉദ്ദേശത്തില്‍ ഞങ്ങള്‍ വേഗത കൂട്ടി. ഏന്നാല്‍ കുറച്ച്‌ ദൂരം മുന്നോട്ട്‌ പോയ ഞങ്ങള്‍ ഒരു ഹെയര്‍പിന്‍ വളവില്‍ നിര്‍ത്താന്‍ നിര്‍ബന്ധിതരായി. അസ്‌തമയസൂര്യന്‍ തന്‍റെ സ്വര്‍ണ്ണച്ചായം മുക്കിയ തൂലികയാല്‍ രജതവിണ്ണില്‍ തീര്‍ത്ത ആലേഖ്യം വാക്കുകള്‍ക്കതീതമായിരുന്നു. ഒരു പത്തിരുപത്‌ മിനിറ്റ്‌ ഞങ്ങള്‍ അവിടെ തന്നെ നിന്നു. കുറച്ച്‌ ഫോട്ടോസും എടുത്തു ഞങ്ങള്‍ യാത്ര തുടര്‍ന്നു. അപ്പോഴേക്കും നേരം നന്നായി ഇരുട്ടിയിരുന്നു.









            ചെങ്കുത്തായ കയറ്റവും കൂരാക്കൂരിരുട്ടും മൈലുകള്‍ നീളുന്ന വിജനതയും സര്‍വ്വോപരി പൊട്ടിപ്പൊളിഞ്ഞ കുടുസ്സു പാതയും ഒരു വശം ആഴമേറിയ താഴ്‌വരയുമായിരുന്നു ഞങ്ങളെ വരവേറ്റത്‌. ചെന്നായ്ക്കളുടെ ഓരിയിടലും കൂടെ ഉണ്ടായിരുന്നെങ്കില്‍ ബ്രാം സ്റ്റോക്കറുടെ മായിക ലോകത്താണോ എന്ന്‌ സംശയിച്ചേനേ. പകല്‍ സമയത്ത്‌ ഒരു പക്ഷേ വളരെ മനോഹരമായ സ്ഥലമായിരിക്കാം ഇത്‌ പക്ഷേരാത്രിയില്‍ ഇത്‌ ഒരു ഭീതിയുടെ താഴ്‌വരയാണ്‌. എതിരേയുള്ള വാഹനങ്ങള്‍ വളരെ കുറവായിരുന്നെങ്കിലുംഅവയുടെ വെളിച്ചവും ഇടുങ്ങിയ റോഡും ഞങ്ങളുടെ വേഗതയെ സാരമായി ബാധിക്കുന്നുണ്ടായിരുന്നു. ഇതൊന്നും പോരാത്തതിന്‌ രണ്ടിടങ്ങളില്‍ റോഡ്‌ പണിയും. ഓരോ മൈല്‍ക്കുറ്റിയും പിന്നിട്ട്‌ ഞങ്ങള്‍ മുന്നോട്ട്‌ പോകുംതോറും തണുപ്പ്‌ കൂടിക്കൂടി വന്നു.
കൊടൈക്കനാല്‍ ടൌണ്‍ എത്തുന്നതിന്‌ തൊട്ടുമുന്‍പ്‌ ഒരു വെള്ളച്ചാട്ടമുണ്ട്‌- സില്‍വര്‍ കാസ്കേട്‌ ഫാള്‍സ്‌. അവിടെയായിരുന്നു ഞങ്ങളുടെ അടുത്ത ഹാള്‍ട്ട്‌. അവിടെ നിര്‍ത്താന്‍ മറ്റൊരു കാരണം കൂടിയുണ്ട്‌. കുറച്ച്‌ നേരമായി ഫസലിനേയും റംസിയേയും കാണുന്നില്ല. ഒരു പത്ത്‌-പതിനഞ്ചു മിനിറ്റ്‌ അവിടെ നിന്നതിന്‌ ശേഷമാണ്‌ അവര്‍ രണ്ട്‌ പേരും എത്തിച്ചേര്‍ന്നത്‌.
"റംസിക്കാന്‍റെ ബ്രേക്ക്‌ ലോക്കായി"
വണ്ടി നിര്‍ത്തി ചാടി ഇറങ്ങുന്നതിനിടയില്‍ ഫസല്‍ പറഞ്ഞു.
"നോക്കട്ടെ" എന്ന്‌ പറഞ്ഞ്‌ ഞാന്‍ വെറുതേ എന്തൊക്കെയോ പിടിച്ചു ഞെക്കി കിക്കറൊക്കെ ഒന്നു ചവിട്ടി നോക്കി. എന്നിട്ട്‌ പറഞ്ഞു:
"വണ്ടി ചൂടായത്‌ കൊണ്ടാണ്‌. കുറച്ച്‌ നേരം നിര്‍ത്തിയിട്ടാല്‍ മതി. എല്ലാം ശരിയാകും".
ഏതായാലും സംഗതി ഏറ്റു. പത്ത്‌ മിനിട്ട്‌ കഴിഞ്ഞ്‌ വണ്ടിയും സ്റ്റാര്‍ട്ട്‌ ആക്കി ഞങ്ങള്‍ കൊടൈക്കനാല്‍ ലക്ഷ്യമാക്കി നീങ്ങി.

പത്തിരുപത്‌ മിനിറ്റുകള്‍ പിന്നിട്ടപ്പോഴേക്കും ഞങ്ങള്‍ ലക്ഷ്യസ്ഥാനത്തെത്തി. സമയം ഒന്‍പത്‌ മണി. തണുപ്പ്‌ പതിനാല്‌ ഡിഗ്രി. അല്‍ഹംദുലില്ലാഹ്‌ സ്ഥലം എത്തി എന്ന്‌ ആശ്വസിച്ചിരിക്കുമ്പോഴാണ്‌ അടുത്ത പ്രശ്നം. 'ഗോ ഇബിബൊവഴി ഞങ്ങള്‍ ബുക്ക്‌ ചെയ്‌ത ഹോട്ടലിലേക്കുള്ള വഴി ഗൂഗ്ള്‌ മാപ്പിന്‌ തെറ്റി. ഞങ്ങള്‍ എത്തിച്ചേര്‍ന്നത്‌ ഏതോ ഒരു ഇടവഴിയിലായിരുന്നു.                                                                    
"ഹലാക്കിലെ അവ്‌ലുംകഞ്ഞി" ഞാന്‍ പറഞ്ഞു.
"ഞമ്മക്ക്‌ നോക്കാ. ഇയ്യൊന്നടങ്ങ്‌" റംസി പറഞ്ഞു.
അങ്ങനെ ഒരര മണിക്കൂറ്‍ കറങ്ങിത്തിരിഞ്ഞ്‌ ഒടുവില്‍ ഞങ്ങള്‍ ആ ഹോട്ടലില്‍ എത്തിച്ചേര്‍ന്നു - "ഹോട്ടല്‍ വേദാന്ത വേക്ക്‌ അപ്പ്‌". എന്നാല്‍ അതിലും വലിയ ഒരു പ്രശ്നത്തിലേക്കാണ്‌ ഞങ്ങള്‍ കയറിച്ചെന്നത്‌.
            റൂം ബുക്ക്‌ ചെയ്‌തതിന്‍റെ കണ്‍ഫര്‍മേഷന്‍ മെയില്‍ 'ഗോ ഇബിബൊഞങ്ങള്‍ക്ക്‌ അയച്ചിരുന്നെങ്കിലും അവര്‍ ഹോട്ടലുകാര്‍ക്ക്‌ യാതൊരു അറിയിപ്പും നല്‍കിയിരുന്നില്ല. പിന്നെയുള്ള പ്രശ്നം പറയണോആകപ്പാടെ 'കച്ചറ പിച്ചറ കുറ്റിച്ചിറ മാനാഞ്ചിറ'. അതിനിടയിലാണ്‌ ഞാന്‍ റംസിയെ ശ്രദ്ധിച്ചത്‌. കൂട്ടത്തില്‍ ഒരല്‍പ്പം പ്രായവും പക്വതയും ഉള്ളത്‌ അവന്‌ മാത്രമായിരുന്നു. എന്നാല്‍ വളരെ വയലന്‍റ്‌ ആയി നില്‍ക്കുന്ന ഒരു റംസിയെ ആണ്‌ എനിക്കവിടെ കാണാന്‍ കഴിഞ്ഞത്‌. ഞാന്‍ പറഞ്ഞു:
"ടാ നീയൊന്നടങ്ങ്‌. ഞമ്മക്ക്‌ പരിഹാരണ്ടാക്കാ"
അതിന്‌ മറിപടിയെന്നോണം അവന്‍ എന്നെ ഭീകരമായി ഒന്ന്‌ നോക്കി. ഞാന്‍ കണ്ണുകള്‍ താഴ്ത്തി. ഞാന്‍ ചിന്തിച്ചു:
"എന്നലും ഈ പഹയന്‌ എന്തായിരിക്കും സംഭവിച്ചത്‌".
ഷെര്‍ലക്ക്‌ ഹോംസ്‌ സ്റ്റൈലില്‍ ഒന്നമര്‍ത്തി ചിന്തിച്ചപ്പോഴാണ്‌ എനിക്ക്‌ കാര്യം മനസ്സിലായത്‌. ഇതൊക്കെ പറയുമ്പോഴും അവന്‍റെ ഇടതുകൈ വയറ്‌ തടവുന്നുണ്ടായിരുന്നു. പുറത്തേക്ക്‌ വന്ന ചിരി അടക്കിപ്പിടിച്ച്‌ ഞാന്‍ അസ്മീറിനെ തിരഞ്ഞു. അപ്പോഴാണ്‌ ആ കാഴ്ച കണ്ടത്‌. ഒരു വാക്കു പോലും മിണ്ടാനാവാതെ വയറും തടവിക്കൊണ്ട്‌ അങ്ങോട്ടും ഇങ്ങോട്ടും ഉലാത്തുകയായിരുന്നു അവന്‍. കാര്യത്തിന്‍റെ ഗൌരവം മനസ്സിലായപ്പോള്‍ ഞാന്‍ ഫസലിന്‍റെ ഫോണ്‍ വാങ്ങി ‘കസ്റ്റമര്‍ കെയര്‍ ' ഡയല്‍ ചെയ്‌തു. കാര്യങ്ങളൊക്കെ പറഞ്ഞപ്പോള്‍ അവര്‍ സഹായിക്കാമെന്നേറ്റു. അവര്‍ പറഞ്ഞതനുസരിച്ച്‌ ഫോണ്‍ റിസപ്ഷനിസ്റ്റിന്‌ നല്‍കി. അഞ്ച്‌ പത്ത്‌ മിനിറ്റ്‌ "ഓക്കെയെസ്‌" എന്നൊക്കെ പറഞ്ഞ്‌ അയാള്‍ ഫോണ്‍ കട്ട്‌ ചെയ്തു. എന്നിട്ട്‌ അയാള്‍ പറഞ്ഞു :
"പക്ഷേ ഞങ്ങള്‍ക്ക്‌ ഇ മെയിലൊന്നും കിട്ടിയില്ലല്ലൊ സാര്‍ ".
അന്നേരം റഫ്സലിന്‍റെ മുഖഭാവം ഒന്നു കാണേണ്ടതായിരുന്നു. മദം പൊട്ടിയ ആനകളെ പോലെ എല്ലാവരും കൂടെ അയാള്‍ക്ക്‌ നേരെ തെറിയഭിഷേകം നടത്തി. എല്ലാരും കൂടെ ഒരുമിച്ചായത്‌ കൊണ്ട്‌ അയാള്‍ക്ക്‌ ഒന്നും മനസ്സിലായിക്കണില്ല. അതുറപ്പാണ്‌.
ഏതായാലും വാക്ക്പയറ്റ്‌ കയ്യാങ്കളിയാകുന്നതിന്‌ മുന്‍പ്‌ ഒരു ഹിന്ദിക്കാരന്‍ കയറിവന്നു. കണ്ടിട്ട്‌ മുതലാളിയോ പാര്‍ട്ട്ണറോ ആണെന്ന് തോന്നുന്നു. കാര്യങ്ങള്‍ വിശദമായിത്തന്നെ അയാള്‍ക്ക്‌ പറഞ്ഞുകൊടുത്തു. ഉടന്‍ തന്നെ അയാള്‍ റൂം ഒ.കെ ആക്കി. ടോയ്‌ലെറ്റില്‍ പോക്കും നമസ്ക്കാരവുമൊക്കെ പെട്ടന്ന് തീര്‍ത്ത്‌ ഞങ്ങള്‍ ഭക്ഷണം തേടിയിറങ്ങി.
ഫസല്‍ ആയിരുന്നു യാത്രയുടെ ഖജാന്‍ജി. അതിനാല്‍ തന്നെ 'ചീപ്പ്‌ ആന്‍ഡ്‌ ബെസ്റ്റ്‌ഭക്ഷണം തേടി കണ്ടു പിടിക്കുക എന്നത്‌ അവന്‍റെ ഡ്യൂട്ടിയായിരുന്നു. തെരുവു ഭക്ഷണം ട്രൈ ചെയ്യാം എന്ന്‌ കരുതി ഞങ്ങള്‍ തട്ടുകടകള്‍ക്കിടയിലേക്ക്‌ ഇറങ്ങി. എന്നാല്‍ അതിഭീകരമായ കാഴ്ച്ചയാണ്‌ അവിടെ കണ്ടത്‌. ആ കുടുസ്സുമുറിയില്‍ രണ്ട്‌ ബെഞ്ചും മേശയും കുറച്ച്‌ സ്റ്റൂളുകളും അലക്ഷ്യമായി വെച്ചിരിക്കുന്നു. മഞ്ഞ പെയിന്‍റടിച്ച മതിലില്‍ കരി പുരണ്ടിരിക്കുന്നു. 40 വാട്ട്‌സ്‌ ഫിലമന്‍റ്‌ ബള്‍ബിന്‍റെ പ്രകാശത്തില്‍ ആ മുറി കൂടുതല്‍ വൃത്തിഹീനമായി തോന്നി. കടയുടെ മുന്നിലുള്ള ഫൂട്ട്പാത്തില്‍ വെച്ചിരിക്കുന്ന അടുപ്പിന്‍മേല്‍ വെച്ചാണ്‌ ഭക്ഷണം തയ്യാറാക്കുന്നത്‌. അതില്‍ നിന്ന്‌ വല്ലതും പുറത്ത്‌ വീഴുമെന്ന പ്രതീക്ഷയില്‍ ചുറ്റും കൂടി നില്‍ക്കുന്ന തെരുവു മേനകമാരുടെ കാഴ്ചയാണ്‌ കൂടുതല്‍ അറപ്പുളവാക്കിയത്‌. ഒരു വിധത്തില്‍ അവിടെ നിന്നും തടിയൂരി. 
ആദ്യം കണ്ട ആത്യാവശ്യം തരക്കേടില്ലാത്ത ഒരു ഹോട്ടലില്‍ കയറി മസാല ദോശയും ഊത്തപ്പവും കഴിച്ചു. അസ്മീര്‍ ഒരു ലെമണ്‍ ടീയും. ഒടുക്കത്തെ റേറ്റായിരുനെങ്കിലും ഭക്ഷണം അത്ര പോരായിരുന്നു. ബൈക്കുകളൊക്കെ ഒന്നു കൂടെ ചെക്ക്‌ ചെയ്‌ത ശേഷം ഞങ്ങള്‍ റൂമിലേക്ക്‌ തിരിച്ചു. അടുത്ത അധ്യായം അവിടെ ആരംഭിക്കുകയായിരുന്നു - അസ്മീറിന്‍റെ മീശപ്പുലിമല വിശേഷങ്ങള്‍.
"അമ്മള്‍ ഒരഞ്ചാറാള്‌ണ്ടെയ്നി. വടേരേന്ന് കേറീട്ട്‌ പിന്നെ ചവ്ട്ട്ന്നത്‌ മൂന്നാറ്‍ലാ"
"എന്താ?റഫ്സല്‍ ഒന്നാക്കി ചോദിച്ചു.
" അ...അ...അല്ലഎടക്ക്‌ ചെല ബ്രേക്കൊക്കെ എട്ത്തീനും. ഫുട്‌ കയ്ക്കാനുവൊക്കെ. അല്ലാണ്ട്‌ ഏടേം നിറ്‍ത്തീറ്റ".
"ഹ്മ്മ്... ബാക്കി പറ" ഞാന്‍ ഒന്നമറ്‍ത്തി മൂളി.
"അങ്ങനെ ഞാള്‌ കൊളുക്കുമലേന്ന് കേറുആന്‍ തൊടങ്ങി. കേറ്റംന്നൊക്കെ പറഞ്ഞാ ഒരൊന്നൊന്നര കേറ്റം. എല്ലാറ്‍ക്കൊന്നും കാറ്‍വാനാവ്വ്വേല. എവറെസ്റ്റൊക്കെ കേറ്‌ന്ന പോലാ. വടി ഒക്കെ കുത്തിപ്പിടിച്ചിട്ട്‌ വേണം കേറ്‍ആന്‍. ഒന്ന് അങ്ങോട്ടോ ഒന്ന് ഇങ്ങോട്ടോ അയാ മതി ഞമ്മള്‌ തവിടുപൊടി. ബയങ്കരായ കുയ്യ്‌ അല്ലെ കുയ്യ്‌".
അവന്‍ പറഞ്ഞു നിര്‍ത്തി നേരെ നോക്കിയത്‌ ഫസലിന്‍റെ മുഖത്തേക്കാണ്‌. അവനാണെങ്കില്‍ ഇതൊക്കെ കേട്ട്‌ ആകെ ത്രില്ലടിച്ചു നില്‍ക്കുകയാണ്‌. ത്രില്ലടിച്ചിട്ടണോ തണുത്തിട്ടാണോ എന്നറിയില്ല അവന്‍ നിന്നു തുള്ളുകയായിരുന്നു. അത്‌ കണ്ട്‌ അസ്മീറിന്‌ ആവേശം കൂടി. അവന്‍ തുടര്‍ന്നു:
"അങ്ങനെ ഞാള്‌ മീശപ്പുലിമലയുടെ മുകളില്‍ എത്തി. ഒര്‌ത്തന്‍ തിരിച്ചു പോയി. പക്ഷേ ബാക്കിള്ളോരെല്ലരും മോളിലെത്തി. ന്‍റെ മോനേ... അതൊന്ന് കാണേണ്ട കാഴ്ചെന്നാണ്‌. ഞമ്മളെ ദുല്‍ക്കറ്‍ പറഞ്ഞ മായ്‌രി ആടെ ങ്ങനെ മഞ്ഞ്‌ പെയ്യെയ്നി. മയ പെയ്യ്‌ന്ന മായ്‌രി. ഹൊ എന്തൊരു തണ്‌പ്പെയ്നി...".
"എന്തൊരു ബെറ്‍പ്പിക്കലാണ്‌ ഇച്ചെങ്ങായികെടന്ന് ഒറങ്ങാന്‍ നോക്ക്‌ പഹയന്‍മാരേ" റംസി പറഞ്ഞു.
അപ്പൊഴാണ്‌ ഞങ്ങള്‍ ശ്രദ്ധിച്ചത്‌. ഇവന്‍റെ കത്തിയടി സഹിക്കാന്‍ കഴിയാതെ റംസി നേരത്തെ തന്നെ പുതപ്പ്‌ വലിച്ചു കയറ്റിയിരുന്നു.
"പിന്നല്ലാണ്ട്‌... ഓന്‍റെ ഒലക്കമ്മലെ കത്തിയടി. റോഡ്‌ റോളര്‍താമരശ്ശേരി ചൊരം... മണ്ണാങ്കട്ട" ഞാന്‍ പറഞ്ഞു.
"ഇനി മേലാല്‍ മീശപ്പുലിമല എന്നും പറഞ്ഞു വന്നേക്കരുത്‌" റഫ്സല്‍ കൂട്ടിച്ചേര്‍ത്തു.
വെളുക്കാന്‍ തേച്ചത്‌ പാണ്ടായി എന്നു പറഞ്ഞതു പോലത്തെ അവസ്ഥയായി അസ്മീറിന്‍റെത്‌. പാവംപിന്നെ ഒന്നും മിണ്ടാന്‍ നിന്നില്ല. വേഗം പുതപ്പ്‌ വലിച്ച്‌ മുഖത്തേക്കിട്ടു. കുറച്ച്‌ കഴിഞ്ഞപ്പോള്‍ തല വെളിയിലേക്കിട്ട്‌ ഒരു ഡയലോഗ്‌:
"ലൈറ്റ്‌ ഓഫാക്കി കെടക്കാന്‍ നോക്കര്‍തോ ഇങ്ങക്ക്‌".
ആരോ ലൈറ്റ്‌ ഓഫ്‌ ആക്കി.
ഉറങ്ങാന്‍ കിടന്നെങ്കിലും എനിക്ക്‌ ഉറക്കം വന്നില്ല. എത്ര ശ്രമിച്ചിട്ടും മനസ്സ്‌ വിചാരിച്ചിടത്ത്‌ നില്‍ക്കുന്നില്ല. കുറെ ശ്രമിച്ച ശേഷം മനസ്സിനെ അതിന്‍റെ വഴിക്കു വിടാന്‍ തന്നെ തീരുമാനിച്ചു. പിന്നെ അതൊരു പറക്കലായിരുന്നു. കൊടൈക്കനാല്‍ വിട്ട്‌ കമ്പം വഴി ദേവികുളത്തേക്കും ചിന്നക്കനാലിലേക്കും അവിടുന്ന് കൊളുക്കുമലയിലേക്കും പിന്നെ മീശപ്പുലിമലയിലേക്കും. കാര്യം ശരി അവനെ എല്ലാരും കൂടെ കളിയാക്കിയെങ്കിലും മനസ്സിന്‍റെ കോണില്‍ എവിടെയോ ഒരസൂയ പതഞ്ഞു പൊങ്ങുന്നുണ്ടായിരുന്നു.
ഒരു വട്ടം ഒന്നവിടം വരെ പോകാന്‍. ആ വിശ്വസൌന്ദര്യം കണ്ണുകൊണ്ടൊന്ന് കാണാന്‍. ഹെല്‍മറ്റിനുള്ളിലൂടെ അരിച്ചിറങ്ങുന്ന തണുപ്പ്‌ മറന്ന് ഉച്ചത്തില്‍ ഒരു പാട്ട്‌ പാടാന്‍. കോടമഞ്ഞില്‍ കുളിച്ച്‌ സൂര്യോദയം കണ്‍നിറയെ കാണാന്‍. എന്നിട്ട്‌ ആകാശത്തേക്ക്‌ നോക്കിക്കൊണ്ട്‌ സൂറ: ആലു ഇംറാനിലെ 191-ആം സൂക്‌തം പാരായണം ചെയ്യാന്‍:
"ഞങ്ങളുടെ രക്ഷിതാവേ! നീ ഇതൊന്നും വൃഥാവിലായി സൃഷ്ടിച്ചതല്ല. നീ പരിശുദ്ധനാണ്‌. നരകാഗ്നിയില്‍ നിന്നും നീ ഞങ്ങളെ കാക്കേണമേ".
അങ്ങനെ ഓരോന്ന് ചിന്തിച്ചു തിരിഞ്ഞും മറിഞ്ഞും കിടക്കുന്നതിനിടയിലാണ്‌ ശ്രദ്ധിച്ചത്‌. റൂമില്‍ ഒരു ലൈറ്റ്‌ കണുന്നല്ലോ. ബ്ളാങ്കറ്റ്‌ നീക്കി ഞാന്‍ പുറത്തേക്ക്‌ നോക്കി. റഫ്സല്‍ അവന്‍റെ ഫോണില്‍ എന്തോ സെര്‍ച്ച്‌ ചെയ്യുന്നു ഞാന്‍ സൂക്ഷിച്ചു നോക്കി.
"SNOWFALL AT MEESHAPPULIMALA".


അടിപൊളി. ഞാന്‍ തിരിഞ്ഞു കിടന്നു. അവന്‍റെ ഉറക്കും പോയെന്നറിഞ്ഞപ്പോള്‍ എന്തൊരു സമാധാനം. ഞാന്‍ നന്നയി കിടന്നുറങ്ങി.

രണ്ടാം നാള്‍

മീശപ്പുലിമലയും കൊളുക്കുമലയും സ്വപ്നം കണ്ട്‌ ഉറങ്ങുകയായിരുന്ന എന്‍റെ കാലിന്‍റെ മസില്‍ പെട്ടന്നാണ്‌ പിടിച്ചത്‌. ഒരു തരത്തില്‍ ചാടിയെഴുന്നേറ്റ്‌ നിലത്ത്‌ കാല്‌ കുത്തിയതും തണുപ്പ്‌ കാരണം അതേ വേഗതയില്‍ ഞാന്‍ തിരിച്ച്‌ ചാടി. രണ്ട്‌ തട്ടുള്ള കട്ടിലിന്‍റെ മുകള്‍ത്തട്ടിന്‍റെ അടിഭാഗത്താണ്‌ തല ചെന്ന്‌ തട്ടിയത്‌. മുകളില്‍ ആരും ഇല്ലാതിരുന്നത്‌ ഭാഗ്യം. ഇല്ലേല്‍ ഊരയും കുത്തി താഴെ വീണേനേ. ചുരുക്കിപ്പറഞ്ഞാല്‍ ഇടിവെട്ടേറ്റവന്‍റെ തലയില്‍ തേങ്ങ വീണ സമയം നോക്കി പാമ്പ്‌ കടിച്ചു എന്നു പറഞ്ഞ പോലെയായിരുന്നു എന്‍റെ അവസ്ഥ. ആപ്പോഴാണ്‌ ഒരു ഭീകരമായ അലര്‍ച്ച കേട്ടത്‌. ശബ്ദം കേട്ട ഭാഗത്തേക്ക്‌ ഞെട്ടിത്തരിച്ച്‌ നോക്കിയ ഞാന്‍ കണ്ടത്‌ അലാറം മുഴക്കുന്ന ഫോണ്‍ തലയുടെ അടുത്ത്‌ വെച്ച്‌ തലയണയും കെട്ടിപ്പിടിച്ചുറങ്ങുന്ന ഫസലിനെയാണ്‌.
"പണ്ടാറം. അക്കുന്ത്രാണ്ടം ഒന്നോഫാക്കോ?" ഞാന്‍ പറഞ്ഞു.
അത്‌ കേട്ട്‌ ഫസലും റംസിയും ചാടി എഴുന്നേറ്റ്‌ കണ്ണ്‌ തിരുമ്മി. അലാറം ഓഫാക്കി റംസി പറഞ്ഞു:
"ടാ. ബാങ്ക്‌ കൊടുത്ത്‌. ഞമ്മക്ക്‌ പള്ളീപ്പോവാ?"
"ങ്ങള്‌ നടക്ക്‌, ഞാന്‍ ബാക്കില്‌ വരാ" കാലിന്‍റെ പെരുവിരല്‍ കുത്തി ചാടുന്നതിനിടയില്‍ ഞാന്‍ പറഞ്ഞു.
അവര്‍ രണ്ടു പേരും വുളൂഅ്‌ ചെയ്യുമ്പോഴേക്കും വേദന ഏകദേശം കുറഞ്ഞു. അവരുടെ പിറകേ വുളൂഅ്‌ ചെയ്‌ത്‌ ഞാനും മുറി വിട്ടിറങ്ങി. പുറത്തെത്തിയപ്പോഴേക്കും സൂര്യപ്രകാശം പരക്കുന്നത്‌ കണ്ടു. സൂര്യന്‍ ഉദിച്ചു കഴിഞ്ഞാല്‍ സുബ്‌ഹി നമസ്കാരത്തിന്‍റെ സമയം അവസാനിക്കും. ഉടന്‍ തന്നെ ഞാന്‍ മുറിയിലേക്ക്‌ തിരിച്ചോടി അവിടെ വെച്ച്‌ നമസ്ക്കരിച്ചു. ശേഷം ക്യാമറയുമായി പുറത്തിറങ്ങി. അവിടെ എന്നെ വരവേറ്റത്‌ പ്രകൃതിയുടെ മറ്റൊരു മുഖമായിരുന്നു. അതിമനോഹരമായ വര്‍ണ്ണങ്ങളും ദൃശ്യങ്ങളും എന്‍റെ മുന്നില്‍ വിരിയുകയായിരുന്നു. അതില്‍ ലയിച്ച്‌ മുന്നിലെ തട്ടുകടക്കാരന്‍ തന്ന ചായയും ചുടുചായയും കുടിച്ച്‌ ഞാന്‍ കുറച്ച്‌ ദൂരം നടന്നു.







പിന്നീടാണ് ഞാന്‍ കൊടൈക്കനാല്‍ ലെയ്ക്കിനെ പറ്റി ഓര്‍ത്തത്. ഉടന്‍ തന്നെ വണ്ടിയും എടുത്ത് അങ്ങോട്ട്‌ തിരിച്ചു. ലെയ്ക്കിന്‍റെ അടുത്ത് തന്നെയായിരുന്നു ഞങ്ങളുടെ ഹോട്ടല്‍. അതുകൊണ്ട് അധികം അന്വേഷിക്കേണ്ടി വന്നില്ല.
സമയം ഏകദേശം ഏഴു മണിയാകുന്നതിന്‌ മുന്‍പ്‌ തന്നെ ഞാന്‍ അവിടെ എത്തി. ദക്ഷിണേന്ത്യയിലെ തന്നെ എണ്ണപ്പെട്ട വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നാണ്‌ കൊടൈക്കനാല്‍ ലെയ്ക്ക്‌. ലെയ്ക്കിന്‌ ചുറ്റും അതേ ആകൃതിയില്‍ തന്നെ വളഞ്ഞുപുളഞ്ഞ്‌ നീങ്ങുന്ന പാതയാണ്‌ ഇതിനെ മറ്റുള്ളവയില്‍ നിന്നും വ്യത്യസ്‌തമാക്കുന്നത്‌. സൈക്കിളും വാടക്കക്കെടുത്ത്‌ ആ തടാകക്കരയിലൂടെ ഒരു സവാരി അവിടെ വരുന്ന ഓരോ യാത്രക്കാരന്‍റേയും മനസ്സിന്‌ കുളിര്‍മ്മ പകരുന്ന ഒരനുഭവമാണ്‌. എന്നാല്‍ ഞാന്‍ അവിടെ എത്തുമ്പോള്‍ സൈക്കിള്‍ ചവിട്ടുന്നവര്‍ പോയിട്ട്‌ അത്‌ വാടക്കക്ക്‌ കൊടുക്കുന്നവര്‍ പോലും വന്നുചേര്‍ന്നിട്ടില്ലായിരുന്നു. വിരലിലെണ്ണാവുന്ന ആളുകള്‍ മാത്രം ജോഗിംഗ്‌ ഷൂവും ധരിച്ച്‌ നടക്കാനിറങ്ങിയതൊഴിച്ചാല്‍ അവിടം ജനശൂന്യമായിരുന്നു.
ഞാന്‍ എന്‍റെ ബൈക്കിലേറി ആ തടാകക്കരയിലൂടെ സഞ്ചരിച്ച്‌ അതിമനോഹരമായ കുറച്ച്‌ ദൃശ്യങ്ങള്‍ എന്‍റെ ക്യാമറയിലേക്ക്‌ ഒപ്പിയെടുത്തു. ചില അനുഭവങ്ങള്‍ വാക്കുകളികൂടെയോ ചിത്രങ്ങളിലൂടെയോ മറ്റുള്ളവരെ അറിയിക്കുക സാധ്യമല്ല. അത്‌ അനുഭവങ്ങളായിത്തന്നെ നിലനില്‍ക്കും. അനുഭവിച്ചവരുടെ ഓര്‍മ്മകളിലൂടെ ജീവിച്ച്‌ അവരുടെ കൂടെ അത്‌ മണ്ണടിഞ്ഞ്‌ പോകും. അത്‌ സന്തോഷമാകാം, ദുഖമാകാം, മറ്റു പല വികാരങ്ങളാകാം. ഓരോ അനുഭവങ്ങളും ഒരു മനുഷ്യനിലുണ്ടാക്കുന്ന സ്വാധീനം പലവിധ കാരണങ്ങളിലധിഷ്ഠിതമാണ്‌. അയാളുടെ മനസ്സിന്‍റെ അവസ്ഥ, കാലാവസ്ഥ, ചുറ്റുമുള്ള കാഴ്ച്ചകള്‍, ആളുകള്‍... അങ്ങനെ പലതും. കൊടൈക്കനാലിലെ ആ തടാകക്കരയില്‍ നിന്നപ്പോള്‍ ഞാന്‍ അനുഭവിച്ച ഒരു തരം വികാരമുണ്ടായിരുന്നു. എങ്ങനെയാണ്‌ അത്‌ വിശദീകരിക്കേണ്ടത്‌ എന്ന്‌ എനിക്ക് ഇപ്പോഴും അറിയില്ല. 

















കുറച്ച് മുന്നോട്ട് പോയപ്പോള്‍ ഒരു ചെറിയ കോവിലും അതിനോട്‌ ചേര്‍ന്ന്‌ ഒരു ചായക്കടയും കണ്ടു. അതിരാവിലെ കുളിച്ചൊരുങ്ങി കോവിലില്‍ ചെന്ന്‌ തന്‍റെ ഇഷ്ടദേവനേയും തൊഴുത്‌ തലയില്‍ മല്ലിപ്പൂവും ചൂടി തന്‍റെ ജീവിതോപാധിയായ ചായപ്പാത്രത്തിലേക്ക്‌ പാല്‍ ഒഴിക്കുന്ന തിരക്കിലായിരുന്നു ആ കടയിലെ 'അക്ക'. കടയിലെ റേഡിയോയില്‍ ഒരു തമിഴ്‌ എം.ജി.ആര്‍ ഗാനം ഇടതടവില്ലാതെ ഒഴുകുന്നുണ്ടായിരുന്നു
"നാന്‍ ആണയിട്ടാല്‍. അത് നടന്തു വിടും... "
"എന്ന വേണം തമ്പീ?" തൊട്ടടുത്ത്‌ ബൈക്ക്‌ നിര്‍ത്തിയപ്പോള്‍ അക്ക ചോദിച്ചു.
"ഒരു ടീ ക്കാ" ബൈക്കില്‍ നിന്നിറുങ്ങതിനിടയില്‍ ഞാന്‍ പറഞ്ഞു. കടത്തിണ്ണയില്‍ കിടന്നിരുന്ന ഒരു പോമറേനിയന്‍ നായ എന്നെ കണ്ട്‌ തലയുയര്‍ത്തി നോക്കി. അക്ക ചായയിടുമ്പോഴേക്കും അത്‌ എന്‍റെ കാലിന്‍റെ ആടുത്ത്‌ വരെ എത്തി. അതിനെ ഒഴിവാക്കാന്‍ ചായയുമായി ഞാന്‍ തടാകക്കരയിലേക്ക്‌ നീങ്ങി. കൊടൈക്കനാലിലെ കോടമഞ്ഞില്‍ കുളിച്ച തടാകക്കരയില്‍ ശുദ്ധമായ പശുവിന്‍പാലില്‍ തിളപ്പിച്ച മസാലച്ചായയും കുടിച്ച്‌ ഉദയസൂര്യന്‍ തടാകത്തിലും കരയിലും തീര്‍ത്ത വിസ്മയങ്ങളിലേക്ക്‌ കണ്ണുംനട്ട്‌ നിശ്ച്ചലനായി ഞാന്‍ ഇരുന്നു. എന്തൊക്കെയോ ചിന്തിക്കുന്നുണ്ടായിരുന്നെങ്കിലും മനസ്സ് ശാന്തമായിരുന്നു. എന്തെന്നില്ലാത്ത ഒരു തരം സന്തോഷം മനസ്സിനെ തഴുകുകയായിരുന്നു. 
'സത്യത്തില്‍ നമ്മള്‍ ഇങ്ങനെ യാത്രചെയ്യുന്നത് തന്നെ ഇതിന് വേണ്ടിയല്ലേ? പ്രകൃതിയുടെ പരിലാളനകളേറ്റ്‌, മലനിരകള്‍ തഴുകിയെത്തുന്ന കുളിര്‍ത്തെന്നലേറ്റ്‌, കുരുവികളുടെ പാട്ടുകള്‍ക്ക്‌ കാതോര്‍ത്ത്‌, കോടമഞ്ഞില്‍ കുളിച്ച്‌ എല്ലാം മറന്ന് സ്വപ്നതുല്യമായ കുറച്ച്‌ നിമിഷങ്ങള്‍ ഇങ്ങനെ ചിലവഴിക്കാന്‍. അതെ, ഞാന്‍ അത്‌ അനുഭവിച്ചാസ്വദിക്കുകയായിരുന്നു - വിഷമങ്ങളും വിരഹങ്ങളും ആവലാതികളും മറന്ന് കുറേ സുന്ദര നിമിഷങ്ങള്‍'.
    കുറേയെറേ നേരം കൂടെ അവിടെത്തന്നെ ഇരിക്കണമെന്ന്‌ മനസ്സ്‌ മന്ത്രിക്കുന്നുണ്ടായിരുന്നെങ്കിലും അന്ന്‌ തന്നെ മേഘമലയിലെത്തേണ്ടതുകൊണ്ട്‌ ഞാന്‍ അവിടം വിടാന്‍ തീരുമാനിച്ചു. തെളിഞ്ഞ മനസ്സുമായി ഞാന്‍ റൂമിലേക്ക്‌ തിരിച്ചു. മനസ്സിനെ മൂടിയ കാര്‍മേഘം കുളിര്‍മഴയായി പെയ്‌തിറങ്ങുകയായിരുന്നു. ഒരു പുതിയ ദിവസം ആരംഭിക്കുകയായിരുന്നു.










ഞങ്ങള്‍ താമസിച്ച റൂമിന്‍റെ മുന്നില്‍ തന്നെ ഒരു ചെറിയ ചായക്കടയുണ്ടായിരുന്നു. ഞാന്‍ തിരിച്ച്‌ എത്തുമ്പോഴേക്കും ആ കട ജനനിബിഡമായിരുന്നു. എന്താണ്‌ സംഭവം എന്നറിയാന്‍ അങ്ങോട്ട്‌ നോക്കിയ എന്‍റെ കണ്ണ്‌ ചെന്നുടക്കിയത്‌ അവിടെ കുന്നുകൂട്ടിവെച്ച ഉഴുന്നു വടയുടെ മുകളിലാണ്‌. പിന്നെ ഒന്നും ചിന്തിക്കാന്‍ നിന്നില്ല. വണ്ടി അവിടെ നിര്‍ത്തി ഞാന്‍ ആ കടയിലേക്ക്‌ കയറി. രാവിലത്തെ മൂന്നാമത്തെ കപ്പ്‌ ചായക്കൊപ്പം ഒരുപാട്‌ വടയും അടിച്ചു കേറ്റി. കഴിച്ചു കഴിഞ്ഞപ്പോ വയറിന്‌ ഒരു അസ്കിതം. പിന്നെ ഒരു സെക്കന്‍റ്‌ അവിടെ നിന്നില്ല; ഒരൊറ്റ ഓട്ടമായിരുന്നു- റൂമിലേക്ക്‌. കാര്യം സാധിച്ച് പുറത്തെത്തിയപ്പൊഴാണ്‌ ശ്രദ്ധിച്ചത്‌ - ഒരൊറ്റ എണ്ണം പോലും തല പൊക്കിയിട്ടില്ല. 
അതുപോലുള്ള തണുപ്പില്‍ കമ്പിളിപ്പുതപ്പിനുള്ളില്‍ ചുരുണ്ടു മൂടി കിടക്കുന്നവനെ കുത്തിപ്പൊക്കുക എന്നത്‌ ഒരു അസാധ്യ കാര്യം തന്നെയാണ്‌. കുറേ ശ്റമിച്ചിട്ടും നടക്കുന്നില്ലെന്ന് കണ്ട ഞാന്‍ അല്‍പം ശബ്ദത്തില്‍ പറഞ്ഞു:  
"അണ്ണന്‍റെ പീട്യേലെ വടന്‍റെ ചൂട്‌ തണിയുന്നതിന്‍റെ മുമ്പ്‌ കിട്ടണെങ്കില്‍ വേം പോയ്ക്കോ". 
അതുകേട്ടതും ഓരോരുത്തരായി തല പൊക്കിത്തുടങ്ങി. ഓരോരുത്തരായി മുറി വിട്ട്‌ പോയിട്ടും ഫസലിന്‌ മാത്റം ഒരനക്കവുമില്ല. ഞാന്‍ അവന്‍റെ പുതപ്പ്‌ തലയില്‍ നിന്നും തഴേക്ക്‌ വലിച്ചിട്ട്‌ ചോദിച്ചു: 
"അല്ല അനക്ക്‌ വട ഒന്നും മാണ്ടേ? "
"ഹ്മ്‌... പിന്നേ, വട. മൂന്നാല്‌ കൊല്ലം ഈ തമിഴ്നാട്ടില്‍ നിന്നിട്ട്‌ തിന്നീല്ല്യ. പിന്നാ ഇപ്പം. ഒന്നു പോയാ
അവന്‍ തിരിഞ്ഞു കിടന്നു. പിന്നെ ഞാന്‍ ഒന്നും പറയാന്‍ നിന്നില്ല. ബാഗ്‌ പാക്ക്‌ ചെയ്യാന്‍ തുടങ്ങി.




ഏകദേശം ഒരു ഒന്‍പത്‌ മണിയോട്‌ കൂടി കെട്ടും മാറാപ്പുമേറി ഞങ്ങള്‍ പുറത്തിറങ്ങി. ബാഗൊക്കെ ബൈക്കില്‍ വെച്ച്‌ കെട്ടിക്കൊണ്ടിരിരിക്കുമ്പോള്‍ ഞാന്‍ ചോദിച്ചു: 
"ടാ ഫസലേ, റംസിയെവിടെ?"
അവന്‍ പറഞ്ഞു: 
"റംസിക്കാക്ക്‌ വയറിന്‌ ഒരസ്ക്കിതം. ഇപ്പൊ വരും". 
പത്ത്‌ മിനിട്ട്‌ കഴിഞ്ഞ്‌ റംസി ഇറങ്ങി വരുന്നത്‌ കണ്ട്‌ അസ്മീര്‍ വിളിച്ചു പറഞ്ഞു:
 "ലാസ്റ്റ്‌ ബസ്‌ വന്നു. പോട്ടെ റൈറ്റ്‌".
ഭിക്ഷ യാചിച്ചുകൊണ്ട്‌ ചില സ്ത്രീകള്‍ എന്‍റെ അടുത്ത്‌വന്നു. 
"തമ്പീ പസിക്ക്‌ത്‌. സാപ്പ്ട്‌റതുക്ക്‌ ഏതാവത്‌..." അവര്‍ പറഞ്ഞു. യാത്രാഫോറങ്ങളിലും മറ്റും ഇത്തരം ചില തട്ടിപ്പുകള്‍ വായിച്ചതിന്‍റെ വെളിച്ചത്തില്‍ ഞാന്‍ അവരെ  . എന്നാല്‍ എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട്‌ റഫ്സല്‍ പറഞ്ഞു:
"വാ, സാപ്പ്‌ടാം". അവന്‍ അവരേയും കൂട്ടി അടുത്തുള്ള ഹോട്ടലില്‍ കയറി അവര്‍ക്ക്‌ വേണ്ടത്‌ വാങ്ങിക്കൊടുത്തു. ഒരു നിമിഷം ഞാന്‍ സ്തബ്ധനായി. എന്ത്‌ വിഡ്ഢിത്തമാണ്‌ ഞാന്‍ കാണിച്ചത്‌? എന്ത്‌ അഹങ്കാരത്തോടെയാണ്‌ ഞാന്‍ അവര്‍ക്ക്‌ നേരെ മുഖം തിരിച്ചത്‌? തേനി ലക്ഷ്യമാക്കി ബൈക്കില്‍ മുന്നോട്ട്‌ പോകുമ്പോഴും ഞാന്‍ അത്‌ തന്നെ ചിന്തിക്കുകയായിരുന്നു. 
"ച്ചെ! വേണ്ടയ്നും..." ഞാന്‍ സ്വയം പറഞ്ഞു. 
സത്യത്തില്‍ ഇതുപോലുള്ള പല അമ്മമാരുടേയും പറ്റിയുള്ള ഹൃദയസ്പര്‍ശിയായ പോസ്റ്റുകളല്ലേ നാം നിത്യേന വാട്സാപ്പിലും ഫേസ്ബുക്കിലുമൊക്കെ വായിക്കുന്നത്‌? രാത്രി കയറിക്കിടക്കാന്‍ ഒരു കൂര ഉണ്ടാകുമോ അവര്‍ക്ക്‌? അവര്‍ക്കും ഉണ്ടാവില്ലേ ഒരു കുടുംബം? അവരുടെ മക്കളും ഭര്‍ത്താവുമൊക്കെ എവിടെയായിരിക്കും? അല്ലെങ്കില്‍ മക്കള്‍ അവരെ തെരുവില്‍ ഉപേക്ഷിച്ചതായിരിക്കുമോ? അങ്ങനെ ഒരുപാട്‌ ചോദ്യങ്ങള്‍ എന്‍റെ മനസ്സിനെ അലട്ടിക്കൊണ്ടേയിരുന്നു.












ഇന്നലെ രാത്രി വിജനമായിരുന്ന സില്‍വര്‍ കാസ്കേട്‌ ഫാള്‍സ്‌ എത്തുന്നതിന്‍റെ ഏകദേശം ഇരുന്നൂറ്‌ മീറ്ററ്‍ മുന്‍പ്‌ തന്നെ താര്‍പ്പായ മേഞ്ഞ കടകളുടെ നീണ്ട നിര പ്രത്യക്ഷപ്പെട്ടു തുടങ്ങി. കുപ്പിവളകളും കളിപ്പാട്ടങ്ങളും വെള്ളയും ചുവപ്പും മഞ്ഞയും നിറങ്ങളില്‍ തിങ്ങി നിറഞ്ഞു നില്‍ക്കുന്ന പഞ്ഞിപ്പാവകളും തലയിണകളും ആ കടകളെ ആകര്‍ഷണീയമാക്കി. അവക്കിടയില്‍ ഒളിഞ്ഞു കിടന്നിരുന്ന ഒരു ചായക്കടയില്‍ ചൂടൊടെ പൂരി പൊരിച്ചിടന്നത്‌ കണ്ടാണ്‌ ഞാന്‍ അവിടെ വണ്ടി നിര്‍ത്തിയത്‌. നിര്‍ത്തണോ വേണ്ടയോ എന്ന കണ്‍ഫ്യൂഷന്‍. റഫ്സലിനോട്‌ ചോദിക്കാം എന്ന് കരുതി തിരിഞ്ഞുനോക്കിയ ഞാന്‍ കാണുന്നത്‌ വണ്ടിയില്‍ നിന്നിറങ്ങി ഗ്ളൌസും ഹെല്‍മെറ്റും അഴിക്കുന്ന റഫ്സലിനെയാണ്‌. ഫസലും റംസിയും ഞങ്ങള്‍ നിറ്‍ത്തിയത്‌ കണ്ട്‌ അവിടെ നിര്‍ത്തി. എന്നാല്‍ വയറ്‌ ശരിയില്ല എന്ന് കാരണം പറഞ്ഞ്‌ അസ്മീര്‍ മുന്നോട്ട്‌ നീങ്ങി.





പൂരിയും ബാജിയും വടയും മൂന്ന്‌ തരം ചട്ണികളും ഞങ്ങള്‍ വയറ്‌ നിറയെ കഴിച്ചു - എല്ലാം അടുപ്പില്‍ നിന്ന്‌ തളികയിലേക്ക്‌. ശേഷം ഞങ്ങള്‍ മുന്നോട്ട്‌ നീങ്ങി. അടുത്ത ജംഗ്ഷനില്‍ നിര്‍ത്തി ഭക്ഷണം കഴിക്കുകയായിരുന്ന അസ്മീറിനെയും കൂട്ടി ഞങ്ങള്‍ തേനി ലക്ഷ്യമാക്കി മുന്നോട്ട്‌ നീങ്ങി. അപ്പോഴേക്കും വെയിലിന്‌ ചൂടുപിടിച്ച്‌ തുടങ്ങിയിരുന്നു. എന്നാല്‍ ഭാഗ്യവശാല്‍ ആ റോഡിനിരുവശവും കാടായിരുന്നു. പ്രത്യേകിച്ച്‌ സംഭവവികാസങ്ങളൊന്നുമില്ലാതെ ഞങ്ങള്‍ ചുരമിറങ്ങി. ഏറെ വിശാലമായതല്ലെങ്കിലും വളരെ നല്ല റോഡാണ്‌ ചുരമിറങ്ങിയ ഉടന്‍ ഞങ്ങളെ സ്വാഗതം ചെയ്‌തത്‌. ഇരുവശത്തും തണല്‍മരങ്ങള്‍ നിറഞ്ഞ ഇത്തരം പാതകള്‍ തമിഴ്നാടിന്‍റെ പ്രത്യേകതയാണ്‌. ഇടക്കിടെ ദര്‍ശനം തന്ന്‌ മറഞ്ഞ്‌ പോകുന്ന കൊച്ചു കൊച്ചു ഗ്രാമങ്ങള്‍ വളരെ മനോഹരമായി തോന്നി. ചൂടിന്‍റെ കാഠിന്യം വല്ലാതെ വര്‍ദ്ധിച്ചപ്പോള്‍ ഒരു ചെറിയ ഹോട്ടലില്‍ നിര്‍ത്തി. ഒരു കുപ്പി തണുത്ത വെള്ളത്തില്‍ തലേന്ന് വാങ്ങിയ ഗ്ളൂക്കോസ്‌ പൌഡര്‍ കലക്കി കുടിച്ചപ്പോള്‍ നേരിയ ഒരാശ്വാസം. അടുത്തതായി ഞങ്ങളെ കാത്തിരുന്നത്‌ ചെന്നൈ-തേനി ഹൈവേ ആയിരുന്നു.






ഇരുവശത്തും വിശാലമായി പരന്നു കിടക്കുന്ന തരിശുഭൂമി. ഇടക്കിടെ വന്നുപോകുന്ന ചോളപ്പാടങ്ങള്‍. ദൂരേക്ക്‌ കണ്ണോടിച്ചാല്‍ മുന്നിലും രണ്ടു വശങ്ങളിലും വലിയ പര്‍വ്വതനിരകള്‍. ഇതൊക്കെയാണെങ്കിലും അതാസ്വദിക്കാന്‍ ചുട്ടുപ്പൊള്ളുന്ന വെയില്‍ അനുവദിച്ചില്ല. റോഡിന്‍റെ അവസ്ഥ ഒന്നാന്തരം ആയതിനാല്‍ പുതിയ മൂന്ന്‌ വണ്ടികളും പറപറന്നു. ഞാനും റഫ്സലും പിറകിലായി. നടുനിവര്‍ത്താന്‍ ഒരു തണല്‍മരം പോലും കിട്ടാതെ കിലോമീറ്ററുകള്‍ ഞങ്ങള്‍ സഞ്ചരിച്ചു. തേനി എത്തുന്നതിന്‍റെ കുറച്ച്‌ മുന്‍പായി മുന്നില്‍ പോയ മൂന്നു പേരും റോഡരികില്‍ ഞങ്ങളെയും കാത്ത്‌ നില്‍ക്കുന്നത്‌ കണ്ട്‌ ഞങ്ങള്‍ വണ്ടി സൈഡാക്കി. 
"വാ നിസ്ക്കരിക്കാം
റോഡില്‍ നിന്നും കുറച്ച്‌ ദൂരെയായി നിലകൊള്ളുന്ന ഒരു പള്ളി ചൂണ്ടിക്കാണിച്ചു കൊണ്ട്‌ റംസി പറഞ്ഞു. വണ്ടി ഞങ്ങള്‍ പെട്ടന്ന്‌ തന്നെ ആ പള്ളിയുടെ കോമ്പൌണ്ടിനകത്തേക്ക്‌ കയറ്റി. പള്ളിയോട്‌ ചേര്‍ന്ന്‌ തന്നെ അത്യാവശ്യം വലിയ ഒരു മദ്രസയും അവിടെ ഉണ്ടായിരുന്നു.





അഞ്ച്‌ ബുള്ളറ്റുകളുടെ ഘനഗംഭീരമായ ശബ്ദം കേട്ടതും മദ്രസയുടെ ജനാലകളില്‍ തൊപ്പി വെച്ച കുറേ കുട്ടിത്തലകള്‍ പ്രത്യക്ഷപ്പെട്ടു. അവരുടെ കണ്ണുകളില്‍ കൌതുകഭാവം നിഴലിച്ചു കാണാമായിരുന്നു. അവിടെ പഠിപ്പിക്കുന്ന അധ്യാപകന്‍റെ ചൂരല്‍ കണ്ടിട്ടാണെന്ന് തോന്നുന്നു, എല്ലാവരും പെട്ടന്ന് തന്നെ പിരിഞ്ഞു പോയി. അവിടുത്തെ പ്രധാനധ്യാപകന്‍ ഞങ്ങളെ കാണാന്‍ വേണ്ടി പുറത്തേക്കിറങ്ങി വന്നു. ഞാനും റംസിയും അദ്ധേഹത്തോട്‌ സംസാരിച്ചു നിന്നു. ബാക്കി മൂന്ന് പേരും പള്ളിയിലേക്ക്‌ നടന്നു.
അദ്ധേഹത്തോട്‌ സംസാരിച്ചശേഷം പള്ളിയിലേക്ക്‌ കയറിപ്പോകുകയായിരുന്ന എന്നെ റഫ്സല്‍ മാടിവിളിച്ചു. 
"എന്തേയ്‌?" അടുത്തേക്ക്‌ ചെന്ന് ഞാന്‍ ചോദിച്ചു. 
"ടാ നല്ല നെയ്ച്ചോറും എറച്ചിക്കറീം മണക്ക്ണ്ട്‌. ഓല്‌ ഞമ്മളെ വിളിക്ക്യെയ്ക്കും ല്ലേ?"
"മണം കേട്ടിട്ട്‌ മട്ടന്‍ ആണെന്നാ തോന്നുന്നത്‌" നന്നായി അകത്തേക്ക്‌ ശ്വസിച്ച്‌ കോണ്ട്‌ ഫസല്‍ പറഞ്ഞു. 
"ഒന്ന് പോടാ അവ്‌ട്‌ന്ന്. തീറ്റപ്പണ്ടാരങ്ങള്‍" ഞാന്‍ അകത്തേക്ക്‌ കയറിപ്പോയി. ആരും കാണുന്നില്ലെന്ന് ഉറപ്പ്‌ വരുത്തി ഞാന്‍ ആ സുഗന്ധം നന്നായൊന്ന് വലിച്ചു കയറ്റി.
"വിളിക്കുമായിരിക്കും" ഞാന്‍ ആത്മഗതം ചെയ്തു.

നമസ്കാരശേഷം കുറച്ച്‌ നേരം എല്ലാവരും അവിടെ തിരിഞ്ഞു കളിച്ചെങ്കിലും ആരും പുറത്ത്‌ വന്നില്ല. ബൈക്കുമെടുത്ത്‌ ഞങ്ങള്‍ പതുക്കെ മുന്നോട്ട്‌ നീങ്ങി. കുറച്ച്‌ മുന്നോട്ടേക്ക്‌ പോയപ്പോഴേക്കും റഫ്സല്‍ ഭീകരമായ ഹോണടി. വണ്ടിയുടെ വേഗത കുറച്ച്‌ ഞാന്‍ ചോദിച്ചു: 
"എന്താണ്ടാ, ആരെങ്കിലും ചത്തോ?"
"ടാ കോപ്പേ.. ഒരു പോലീസ്‌ ജീപ്പ്‌ ഞമ്മളെ കണ്ടിട്ട്‌ വണ്ടി തിരിച്ചീണ്‌. വേം വിട്ടൊ. നിര്‍ത്തണ്ട" അവന്‍ അലറി വിളിച്ചു. പിന്നെ ഒന്നും നോക്കിയില്ല. അടിച്ചു വിട്ടു.

അടുത്ത സ്റ്റോപ്പ്‌ തേനി പോലീസ്‌ സ്റ്റേഷന്‌ മുന്നിലെ ഹോട്ടലിലായിരുന്നു. ഓരോരുത്തരും ഓരോ തരം ബിരിയാണിയാണ്‌ ഓര്‍ഡര്‍ ചെയ്തത്‌. അത്‌ കഴിഞ്ഞപ്പോ ഓരോ പായസവും. അതും കൂടെയായപ്പോഴേക്കും എല്ലാവര്‍ക്കും ഒരു തരം 'മസ്ത്ത്‌'. അസ്മീറ്‍ ഒരു പഴയ സിനിമാഗാനം മൂളി: 
"ഉറക്കം കണ്‍കളില്‍ ഊഞ്ഞാല്‌ കെട്ടുമ്പോള്‍ ". 
"ഒന്ന് നിര്‍ത്ത്‌ ചെങ്ങായി. അല്ലെങ്കീത്തന്നെ പ്രാന്ത്ട്ച്ച്‌ നിക്കാ" ജാക്കറ്റ്‌ ധരിക്കുന്നതിനിടയില്‍ ഞാന്‍ പറഞ്ഞു. ചിന്നമണൂരില്‍ എത്തുമ്പോഴേക്കും സമയം മൂന്ന് മണി.




ചിന്നമണൂരില്‍ നിന്നും മേഘമലയിലേക്ക്‌ തിരിയുന്ന ജംഗ്ഷനില്‍ ഞങ്ങള്‍ നിര്‍ത്തി. മുന്നോട്ടുള്ള പാത ഒരു ആശങ്ക. റോഡ്‌ എന്ന്‌ പറയാന്‍ പറ്റില്ല. ഒരു കരിങ്കല്‍ പാത. കല്ലുകളും മെറ്റലുമൊക്കെ ഈ അടുത്ത കാലത്താണ്‌ പാകിയത്കൊണ്ട്‌ റോഡില്‍ നിറയെ കൂര്‍ത്ത കല്ലുകളായിരുന്നു. 
"അല്ല, ഈ ഷോള്‍ടറും വെച്ച്‌ ഒരു പരീക്ഷണത്തിന്‌ നിക്കണോ?" റംസി കുണ്ഠിതപ്പെട്ടുകൊണ്ട്‌ ചോദിച്ചു. ഞാനും റഫ്സലും മുഖത്തോടു മുഖം നോക്കി. അപ്പോഴാണ്‌ ഒരു പത്ത്‌ മീറ്റര്‍ മുന്നിലായി ബൈക്ക്‌ നിര്‍ത്തിയ ഫസല്‍ വിളിച്ചു പറയുന്നത്‌: 
"ഈലെ തെന്നാ. ഒറപ്പാ". അവന്‍ കരുതിയത്‌ ഞങ്ങള്‍ വഴിയറിയാതെ സംശയിച്ച്‌ നില്‍ക്കുകയാണെന്നാണ്‌. 
"ശരി സാര്‍" അതും പറഞ്ഞു ഞാന്‍ റംസിയെ നോക്കി. 
"ഏതായാലും ഇതു വരെ വന്നില്ലേ. വരുന്നിടത്ത്‌ വെച്ച്‌ കാണാം" അവന്‍ പറഞ്ഞു. ഞങ്ങള്‍ പോകുന്ന ഭാഗത്തേക്ക്‌ തെന്നെ പോകുന്ന മറ്റൊരു ബൈക്കുകാരനെ കൈ കാണിച്ചു നിര്‍ത്തി ഞാന്‍ ചോദിച്ചു:  
"അണ്ണാ. മേഘമലൈക്ക്‌ എത്തന കിലോമീറ്റര്‍?".
"ഒരിറുപത്തിമൂന്നിറ്‌ക്കും നാനും അങ്കത്താന്‍ പോയിട്ടിറ്‌ക്ക്‌. വേണോന്നാ എന്നെയേ ഫോളോ പണ്ണ്‍
"റോഡെല്ലാം എപ്പടി?" ഞാന്‍ ചോദിച്ചു
"ഇന്നും കൊഞ്ച ദൂരം ഇപ്പടി നല്ല റോഡ്‌ താന്‍. അനാ അത്‌ക്കപ്പ്‌റം കഷ്ടം താന്‍". അയാള്‍ നല്ലതെന്ന് പറഞ്ഞ റോഡിലേക്ക്‌ ഞാന്‍ ഒന്നു കൂടെ കണ്ണോടിച്ചു. തിരിച്ച്‌ അയാളെ തന്നെ നോക്കുമ്പോഴേക്കും അയാള്‍ സ്ഥലം വിട്ടിരുന്നു. ഞാന്‍ കൂടെയുള്ളവരെ നോക്കി. എല്ലാവരും ഒറ്റ സ്വരത്തില്‍ പറഞ്ഞു: 
"കഷ്ടം താന്‍". 
ഒരു പത്ത്‌ സെക്കന്‍റ്‌ ആലോചിച്ച ശേഷം ഞാന്‍ പറഞ്ഞു:
"പക്ഷേ വേറൊരു കാര്യണ്ട്‌. ഗൂഗ്‌ള്‍ മാപ്പില്‍ പറഞ്ഞായ്‌രി നാപ്പത്താറ്‌ കിലോമീറ്റ്‌റൊന്നും ല്യല്ലോ. ഇരുവത്തിമൂന്നല്ലെ ള്ളൂ". എല്ലാവരും തലയാട്ടി.
തെങ്ങിന്‍ തോപ്പുകള്‍ക്കും മുന്തിരിപ്പാടങ്ങള്‍ക്കും ഇടയിലൂടെ ഒരഞ്ചാറ്‌ കിലോമീറ്ററ്‍ മുന്നോട്ട്‌ പോയി ഞങ്ങള്‍ ഒരു കൊച്ചു ഗ്രാമത്തിലെത്തി. വളരേ ചെറിയ, താല്‍ക്കാലികമെന്ന് തോന്നിക്കുന്ന ചില വീടുകളും ഒരു രണ്ട്‌ ചെറിയ കടകളും ഒരു പോലീസ്‌ ചെക്ക്പോസ്റ്റും മാത്രമാണ്‌ അവിടെ ഉള്ളത്‌. ചെക്ക്പോസ്റ്റില്‍ ആരെയും കാണാത്തത്‌ കൊണ്ട്‌ ഞങ്ങള്‍ അവിടെ നിര്‍ത്തിയില്ല.
ചെക്ക്പ്പോസ്റ്റ്‌ പിന്നിട്ടതും അതുവരെ ഉണ്ടായിരുന്ന കരിങ്കല്‍ പാതയും അവസാനിച്ചു. മലവെട്ടിത്തെളിച്ച ഒരു ചെമ്മണ്‍പാത മാത്രം അവശേഷിച്ചു. അതും ചെങ്കുത്തായ ചുരം. പാതയുടെ ഒരുവശത്ത്‌ വലിയ പാറക്കഷണങ്ങള്‍ ചിതറിക്കിടക്കുന്നുണ്ടായിരുന്നു. ഒന്നുകില്‍ അത്‌ ഉരുള്‍പൊട്ടിയതായിരിക്കാം അല്ലെങ്കില്‍ റോഡ്‌ വീതി കൂട്ടാന്‍ വേണ്ടി മലയിടിച്ചത്‌. രണ്ടാമത്തേതാകാനാണ്‌ സാധ്യത കൂടുതല്‍ എന്ന് വഴിനീളെ റോഡില്‍ പണി നടക്കുന്നത്‌ കണ്ടപ്പോള്‍ മനസ്സിലായി.














ഒരു കണക്കിന്‌ പത്ത്‌ പതിനഞ്ച്‌ കിലോമീറ്ററ്‍ മുന്നോട്ട്‌ പോയ ഞങ്ങള്‍ വണ്ടി നിറ്‍ത്തി. 
"ന്‍റെ റബ്ബേ. ന്നെക്കൊണ്ടാവൂല ഈന്‍റെ മോള്‌ല്‍ വരെ വണ്ട്യോട്ടാന്‍" ഹെല്‍മെറ്റ്‌ അഴിക്കുന്നതിനിടയില്‍ റംസി പറഞ്ഞു. 
"സത്യം" ഊര തിരുമ്മിക്കൊണ്ട്‌ ഞാന്‍ മറുപടി പറഞ്ഞു. ശക്‌തമായ വെയിലില്‍ ജാക്കറ്റും ഹെല്‍മറ്റും ധരിച്ച്‌ വെറും പതിനഞ്ച്‌ കിലോമീറ്റര്‍ വേഗതയില്‍ മാത്രമായി സഞ്ചരിച്ച ഞങ്ങള്‍ വിയര്‍ത്തൊലിച്ച്‌ ഒരു പരുവമായിരുന്നു. ചെറുതായിട്ട്‌ വീശുന്ന കാറ്റ്‌ നേരിയ ആശ്വാസം പകര്‍‍‍‍‍ന്നു. റോഡില്‍ നിന്ന് താഴേക്ക്‌ നോക്കിയാല്‍ കാണുന്ന വിശാലമായ താഴ്വര നോക്കി ഞാന്‍ പറഞ്ഞു: 
"മാഷാ അല്ലാഹ്‌! വെയിലില്ലെയ്നെങ്കി ഇത്‌ അടിപൊളിയായിരിക്കും ല്ലേ?"
ഉടന്‍ അസ്മീര്‍ ചാടിക്കയറി പറഞ്ഞു: 
"അങ്ങനാണെങ്കി ജെസ്യേ ങി മീശപ്പുലിമല പോണം. ആടെണ്ടല്ലോ..."
 "പ്‌ഭ ഹംക്കേ. അന്നോട്‌ ഞാന്‍ പറ്‍ഞ്ഞീല്ല്യേ ആ പേര്‌ ഇനി മിണ്ടര്‌ത്‌ന്ന്" റഫ്സല്‍ തട്ടിക്കയറി. 
അതിന്‌ ശേഷം അവന്‍ പിന്നെ 'മീശപ്പുലിമല' എന്ന വാക്ക്‌ മിണ്ടിയിട്ടില്ല. 
"ഈ ലഡാക്കിലൊക്കെ പോവുമ്പം റോഡ്‌ ഇങ്ങനൊക്കയ്ക്ക്യും ല്ലേ?" ഫസല്‍ ചോദിച്ചു. അതിന്‌ മറുപടിയായി എന്തോ ഒന്ന് പറയാന്‍ അസ്മീര്‍ വാ തുറന്നെങ്കിലും അത്‌ വിഴുങ്ങിക്കളഞ്ഞു. 
"അതൊന്നും ഇനിക്കറീല പക്ഷേ ഈ ഒലക്കമ്മലെ റോഡ്‌ ഇനീം ഇങ്ങനാണെങ്കില്‍ വൈക്കല്‍ ഏടെം കെടക്കണ്ട്യരും" ഞാന്‍ പറഞ്ഞത്‌ റംസിയും ശരിവെച്ചു. ചുരുക്കിപ്പറഞ്ഞാല്‍ എല്ലാവരും ക്ഷീണിച്ച്‌ അവശരായിരുന്നു. അപ്പൊഴാണ്‌ ഞങ്ങള്‍ ആ കാഴ്ച്ച കാണുന്നത്‌.
    ദൂരെ നിന്ന്‌ ഒരു ബൈക്ക്‌ ഞങ്ങളുടെ നേരെ വരുന്നു. നാല്‍പ്പതിനും അമ്പതിനും പ്രായം തോന്നിക്കുന്ന ഒരാളാണ്‌ അത്‌ ഓടിച്ചിരുന്നത്‌. ഒരു ഹെല്‍മെറ്റ്‌ പോലുമില്ല. ഒരു പച്ച ലുങ്കിയും, ചളിപുരണ്ട കുപ്പായവും ധരിച്ച്‌ തന്‍റെ ഹീറോ ഹോണ്ട സ്പ്ളണ്ടറിന്‍റെ ഹാന്‍റ്റില്‍ ബാറില്‍ ഇരുപത്‌ ലിറ്ററിന്‍റെ പെയിന്‍റ്‌ ബക്കറ്റും തൂക്കിയിട്ട്‌ ഏകദേശം അന്‍പത്‌ കിലോമീറ്റര്‍ വേഗതയില്‍ സുഖസുന്ദരമായി അയാള്‍ മലയിറങ്ങി പോയി. 
"മതി തോള്ളേം തൊറന്ന്‌ നിന്നത്‌. വാ പോവ. വല്ല്യ ബൈക്കര്‍മാരാണ്‌ പോലും" ഫസല്‍ അത്‌ പറയുന്നത്‌ വരെ വായും പൊളിച്ച്‌ നില്‍ക്കുകയായിരുന്നു ഞങ്ങള്‍. പിന്നെ ആര്‍ക്കും ഒരു പരാതിയുമ്മുണ്ടായിരുന്നില്ല. വേദനയൊക്കെ എവിടെയോ പോയിമറഞ്ഞു. ഒന്നും മിണ്ടാതെ എല്ലാവരും ബൈക്ക്‌ സ്റ്റാര്‍ട്ടാക്കി മുന്നോട്ട്‌ നീങ്ങി. വഴിയില്‍ പല ഭാഗത്തും റോഡ്‌ പണി നടക്കുന്നത്‌ കൊണ്ട്‌ ഇടക്കിടെ ആളുകളെ കാണാമായിരുന്നു. അത്‌ വലിയൊരു ആശ്വാസമായിരുന്നു. അല്ലെങ്കില്‍ ഇതുപോലൊരു ചുറ്റുപാടില്‍ മനുഷ്യന്‍മാരെ കൂടി കണ്ടില്ലെങ്കില്‍ ഭ്രാന്തു പിടിച്ചേനേ. കുറച്ച്‌ മുന്നോട്ട്‌ പോയ ഞങ്ങള്‍ അവിടെ പണിയെടുക്കുന്ന ചില ആളുകളോട്‌ വഴി ചോദിക്കുവാന്‍ വേണ്ടി നിര്‍ത്തി. 
"ഒരേ വളി താന്‍. നേരാ പോങ്കോ. ഒരിരുപത്‌ കിലോമീറ്റര്‍ ഇറ്‍ക്കും" കുഴിയില്‍ നിന്ന്‌ ഒരണ്ണന്‍ വിളിച്ചു പറഞ്ഞു.
"എന്നത്‌? ഇന്നും ഇര്‍ക്കാ ഇരുപത്‌ കിലോമീറ്റര്‍?" ഞാന്‍ അത്ഭുതത്തോട്‌ കൂടി ചോദിച്ചു. 
"ആമാ" അയാള്‍ തന്‍റെ ജോലി തുടര്‍ന്നു. 
"ഛെ! അപ്പൊ ഗൂഗ്ള്‌ മാപ്പെന്നെയ്നും ശരി. പിന്നെ താഴെള്ള ആളെന്താ ഇരുവത്തിമൂന്ന്ന്ന്‌ പര്‍ഞ്ഞത്‌? ഒരു ജായി കാക്ക" ഞാന്‍ സ്വയം പറഞ്ഞു. അങ്ങനെ ബാക്കിയുള്ള ഇരുപതിലേക്ക്‌ ഞങ്ങള്‍ യാത്രയായി. ഒരു പത്തിരുപത്‌ പേര്‍ ആ സൈറ്റില്‍ റോഡ്‌ വീതി കൂട്ടുന്ന ജോലിയില്‍ വ്യാപൃതരായിരുന്നു. ഒരു പത്തെഴുപത്തഞ്ച്‌ വയസ്സ്‌ പ്രായം തോന്നിക്കുന്ന ഒരാള്‍ വലിയ രണ്ട്‌ പാറക്കല്ല്‌ തലയിലേറ്റിക്കൊണ്ട്‌ വരുന്നത്‌ എന്‍റെ ശ്രദ്ധയില്‍പ്പെട്ടു. ഞാന്‍ അദ്ഭുതത്തോട്‌ കൂടി അയാളെ നോക്കി. എല്ലാവരെയും പോലെ അയാളും ഞങ്ങളെ സൂക്ഷിച്ചു നോക്കുന്നുണ്ടായിരുന്നു. എന്നാല്‍ അയാളുടെ നോട്ടത്തില്‍, അയാളുടെ കണ്ണുകളില്‍ ഒരു പാട്‌ ചോദ്യങ്ങള്‍ ഒളിഞ്ഞു കിടപ്പുണ്ടായിരുന്നു. വല്ലാത്ത ഒരു നോട്ടം. അതെന്‍റെ മനസ്സില്‍ പതിഞ്ഞുകിടന്നു. ജീവിതത്തിന്‍റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ കരിങ്കല്‍ ഭാരം തലയിലേറ്റി പാടുപെടുന്ന ആ സാധു, ആയിരക്കണക്കിന്‌ രൂപയുടെ പെട്രോളും കത്തിച്ച്‌ 'ചുമ്മാ' കറങ്ങുന്ന ഞങ്ങളെ പറ്റി എന്തായിരിക്കും കരുതിയിട്ടുണ്ടാവുക? അയാളെ സംബന്ധിച്ചിടത്തോളം ഈ മലഞ്ചെരിവുകള്‍ക്കും താഴ്‌വാരകള്‍ക്കും എന്ത്‌ സൌന്ദര്യം? രാത്രിയില്‍ അരിച്ചിറങ്ങുന്ന തണുപ്പിനെന്തനുഭൂതി? അത്‌ അയാള്‍ക്ക്‌ അന്തിക്കള്ള്‌ മോന്താനുള്ള കേവലം ഒരു കാരണം മാത്രമായിരിക്കാം. ഒരു പക്ഷേ അയാള്‍ക്ക്‌ ഞങ്ങളോട്‌ പുച്ഛം തോന്നിയിട്ടുണ്ടാകാം, അല്ലെങ്കില്‍ വെറുപ്പ്‌, അല്ലെങ്കില്‍ സഹതാപം. ഏതായിരുന്നാലും കുറച്ച്‌ കൂടെ മുന്നോട്ട്‌ പോയപ്പോഴേക്കും മറ്റു പല ഓറ്‍മ്മകളേയും പോലെ അയാളും എന്‍റെ ചിന്തകളില്‍ നിന്ന് ഓര്‍മ്മകളിലേക്ക്‌ ചേക്കേറി.
 മുകളിലേക്ക്‌ കയറുംതോറും താഴ്‌വാരയുടെ വിവിധ ഭാഗങ്ങള്‍ ഞങ്ങള്‍ക്ക്‌ മുന്നില്‍ മറനീക്കി പുറത്തു വന്നു. ഒരോ ഹെയര്‍പ്പിന്‍ വളവുകള്‍ പിന്നിടുമ്പോഴും ഓരോ ഭാവത്തില്‍ അവ ഞങ്ങളുടെ മുന്നില്‍ നൃത്തമാടി. ഏകദേശം ഒരു അര മണിക്കൂറിന്‌ ശേഷം റോഡിന്‍റെ ഒരു സൈഡില്‍, താഴ്‌വാര പരമാവധി കാണാവുന്ന ഒരു ഭാഗത്ത്‌ ഞങ്ങള്‍ ബൈക്കുകള്‍ നിര്‍ത്തി. അതിമനോഹരമായ ഒരു ദൃശ്യം ഞങ്ങള്‍ക്ക്‌ മുന്നില്‍ അനാവരണം ചെയ്യപ്പെടുകയായിരുന്നു. കാറ്റ്‌ അത്യാവശ്യം നല്ല ശക്‌തിയില്‍ തന്നെ വീശുന്നുണ്ടായിരുന്നതിനാല്‍ അവിടെ വിട്ട്‌ പോകാന്‍ തോന്നിയില്ല. 
"ങ്ങള്‌ നോക്കിക്കൊ. ഈ റോഡിന്‍റെ പണ്യൊക്കെ കഴിഞ്ഞാപ്പിന്നെ ഇതൊര്‌ വ്യൂ പോയന്‍റായ്ക്ക്യും" റംസി പറഞ്ഞു. 
"അത്‌ ശരിയാ. മറ്റേ നാടുകാണി ചൊരത്തിണ്റ്റെ മോള്ളൊക്കെ ള്ള മായിരി" ഞാന്‍ പറഞ്ഞു. 
ഞങ്ങള്‍ നിര്‍ത്തിയത്‌ കണ്ട്‌ മലയിറങ്ങി വരികയായിരുന്ന രണ്ട്‌ പയ്യന്‍മാറ്‍ അവിടെ നിറ്‍ത്തി. അവരോട്‌ ഞാന്‍ ചോദിച്ചു: 
"തമ്പീ, മേഘമലൈ?"
"ആമാ ഇതേ റൂട്ട്‌ താന്‍. ഒരു ഇര്‌പത്‌ കിലോമീറ്റര്‍ ഇറ്‌ക്കും ". 
അതു കേട്ടതും എന്‍റെ എല്ലാ കണ്ട്റോളും പോയി. പിന്നെ തമിഴൊന്നും വായില്‍ വന്നില്ല. 
"തെന്ത്‌ ഒലക്കമ്മലെ നാടാ ത്‌. എത്ര നേരായി ഞമ്മള്‍ ഇമ്മല കേറാം തൊടങ്ങീട്ട്‌. തായേന്ന് ചോയ്ച്ചപ്പളും ഇരുവത്‌ ഇപ്പളും ഇരുവത്‌. ഇതെന്ത്‌ കോപ്പിലെ കണക്കാണ്ടോ?
ന്‍റെ ഭീകരഭാവം കണ്ടിട്ടാവണം രണ്ടു പേരും ഉടന്‍ തന്നെ സ്ഥലം കാലിയാക്കി. 
"ഏന്താ ങ്ങായി ഇത്‌?" റഫ്സല്‍ ചോദിച്ചു.
 "പിന്നല്ലാണ്ട്‌. എത്ര നേരായി ഇരുവത്‌ ഇരുവത്‌ന്ന് കേക്കാന്‍ തൊടങ്ങീട്ട്‌. ഈനൊരറ്റല്ല്യേ?" ഞാന്‍ പൊട്ടിത്തെറിച്ചു. 
"എന്തായാലും മാണ്ടീല. ഇവിടെ വരേ വന്നില്ലേ. വാ പോവാ". 
"ശരി" ഞാന്‍ ബൈക്കില്‍ കയറി.

















മുകളിലേക്ക്‌ കയറുംതോറും തണുപ്പ്‌ കൂടിക്കൂടി വന്നു. ഒപ്പം കാഴ്ച്ചകളുടെ മനോഹാരിതയും. എന്നാല്‍ സൂര്യന്‍ താഴേക്ക്‌ പോയ്ക്കൊണ്ടേയിരുന്നു. കുറേകൂടെ കഷ്ടപ്പാടുകള്‍ സഹിച്ച്‌ ഞങ്ങള്‍ "മേഘമലൈ" എന്നെഴുതിയ ബോര്‍ഡിനരികിലെത്തി. ചുറ്റും നോക്കിയപ്പോഴാണ്‌ ഒരു കാര്യം മനസ്സിലായത്‌. തൊഴിലാളികള്‍ താമസിക്കുന്ന കുറേ ഷെഡ്ഢുകളല്ലാതെ മറ്റൊന്നും തന്നെ അവിടെയില്ല. സമയമാണെങ്കില്‍ ഇരുട്ടിത്തുടങ്ങിയിരിക്കുന്നു. ആനയും പുലിയുമൊക്കെ ഇറങ്ങാന്‍ സാധ്യത്‌ കൂടുതലുള്ള സ്ഥലവും. ഒടുവില്‍ ഒരാളെ കണ്ടുമുട്ടി. അയാള്‍ പറഞ്ഞപ്പോഴാണ്‌ മനസ്സിലായത്‌ അവിടെ താമസിക്കാന്‍ സ്ഥലമൊന്നുമില്ല. എന്നാല്‍ അഞ്ച്‌ കിലോമീറ്റര്‍ കൂടി മുന്നോട്ട്‌ പോയാല്‍ പഞ്ചായത്ത്‌ വക ഗെസ്റ്റ്‌ ഹൌസ്‌ ഉണ്ടെന്നുംഗെസ്റ്റ്‌ ഇല്ലെങ്കില്‍ റൂം കിട്ടുമെന്നും അയാള്‍ പറഞ്ഞു.
"അല്ലെടാ. റൂം കിട്ട്വോ?"
"കിട്ടുവാണ്ട്‌ ഏടെ പോവുവാനാ?"
"കിട്ടിയില്ലേ പണിയാവുട്ടോ"
"കിട്ടീലെങ്കില്‍ ഈടെ കൊറേ പൊട്ടിപ്പൊള്‍ഞ്ഞ ബില്‍ഡിങ്ങെല്ലൊ ല്ല്യേ. ആടെങ്ങാനും കയരി കെടക്ക്വര്‍തോ?"
"ഒന്നു പോടാ അവ്ട്ന്ന്‌. എങ്ങാനും വല്ല പുലിയോ ആനേ വന്നാ?"
"പിന്നെന്താക്കും?ഇങ്ങി പറയ്‌"
ഇങ്ങനേ പോയി സംഭാഷണങ്ങള്‍.
"ഹ. ആദ്യം അമ്മക്ക്‌ പോയി നോക്ക. ന്നെട്ട്‌ പോരെ തല്ലും പിടീം. ഇതൊരു ജായി കുട്ടിയേളെ മായിരി. നേരം മോന്തിയായി (സന്ധ്യ). രാത്രിയാവുന്നൈന്‍റെ മുമ്പ്‌ ആടെ എത്താന്‍ നോക്കാ"
ഇതൊക്കെ കേട്ട്‌ കൊണ്ട്‌ നിന്ന റംസി പറഞ്ഞു. ഒരു പത്ത്‌-പതിനഞ്ച്‌ മിനിറ്റ്‌ നേരത്തെ റൈഡിന്‌ ശേഷം ഞങ്ങള്‍ ഗെസ്റ്റ്‌ ഹൌസിന്‍റെ മുന്നിലെത്തി. എന്നാല്‍ ഇടതു വശത്തുള്ള ഗെസ്റ്റ്‌ ഹൌസിലേക്ക്‌ തിരിക്കുന്നതിനു പകരം മുന്നില്‍ പോയ റഫ്സല്‍ റോഡില്ലാത്ത വലതുവശത്തേക്ക്‌ വണ്ടി തിരിച്ചു. റോഡിന്‍റെ ആ ഭാഗത്ത്‌ റോഡില്‍ നിന്നിറങ്ങി അഞ്ചാറ്‌ അടി പുല്‍മേടായിരുന്നു. അവിടെ വണ്ടി സൈഡാക്കി അവന്‍ ഇറങ്ങി. ഏന്തണെന്നറിയില്ലേനിക്കും എനിക്കും തോന്നി ഗെസ്റ്റ്‌ ഹൌസില്‍ കയറുന്നതിനു മുന്‍പു ഒരു ചെറിയ ബ്രേക്ക്‌ കൂടെ എടുക്കാന്‍. അവന്‍റെ പിറകെ ഞാനും അങ്ങോട്ട്‌ വണ്ടി തിരിച്ചു.
ഞങ്ങളുടെ കണ്ണിന്‍റെ മുന്നില്‍ വെളിവാക്കപ്പെട്ട ആ ദൃശ്യം കണ്ട്‌ ഞാന്‍ ഒരു നിമിഷം സ്ഥബ്ധനായി. വക്കുകള്‍ക്കതീതമായിരുന്നു ആ നിമിഷം. ഏതോ ഒരു മായികലോകത്ത്‌ വന്ന്‌ പെട്ടത്‌ പോലെ. ബാക്കിയുള്ളവര്‍ വന്നതും വണ്ടി നിര്‍ത്തിയതും ഇറങ്ങിയുതുമൊന്നും ഞാന്‍ അറിഞ്ഞില്ല. ഒരു വല്ലാത്ത അനുഭൂതിയില്‍ ഭൂലോകം മറന്ന്‌ പാറിപ്പറക്കുകയായിരുന്നു ഞാന്‍. ഒരു തുള്ളി കണുനീര്‍ എന്‍റെ ഇടതു കണ്ണില്‍ നിന്നുതിര്‍ന്ന്‌ കവിളിലൂടെ ഒലിച്ചിറങ്ങി. ഞാന്‍സ്വയം ചിരിച്ചു.
"സുബ്‍ഹാനല്ലാഹ്‌"
ഞാന്‍ അറിയാതെ തന്നെ അത്‌ എന്‍റെ നാവിലൂടൊഴുകി. അത്രയേറെ മനോഹരമായിരുന്നു ആ ദൃശ്യം. വിശാലമായി പരന്നു കിടക്കുന്ന തേയിലത്തോട്ടം. അതിന്‍റെ ഒത്ത നടുവിലായി അതിമനോഹരമായ ആകൃതിയില്‍ കൊത്തിയെടുത്ത പോലെ ഒരു കൊച്ചു തടാകം. അസ്തമയ സൂര്യന്‍ ബാക്കിവെച്ച്‌ പോയ സ്വര്‍ണ്ണനിറം വിണ്ണിന്‍റെ മനോഹാരിതക്ക്‌ മാറ്റേകി. അങ്ങകലേ മലമുകളില്‍ നിന്നിറങ്ങി വരുന്ന കോടമഞ്ഞ്‌ തന്‍റെ പ്രണയിനിയായ തടാകത്തിനരികിലേക്ക്‌ മന്ദം മന്ദം നീങ്ങുന്നുണ്ടായിരുന്നു. തടാകക്കരയില്‍ പണ്ടെങ്ങോ ബ്രിട്ടീഷുകാര്‍ വിട്ടേച്ചു പോയ ഒരു ചെറിയ തേയില ഫാക്ടറിയും സ്കൂളും ഹാലജന്‍ ബള്‍ബിന്‍റെ മഞ്ഞ വെളിച്ചത്തില്‍ മുങ്ങിക്കുളിക്കുന്നു. ഞാന്‍ ആ കാഴ്ച്ചയില്‍ മയങ്ങി അങ്ങനേ നിന്നു.
      ആരോ വലിയ ശബ്ദത്തില്‍ സംസാരിക്കുന്നത്‌ കേട്ടാണ്‌ ഞാന്‍ ഭൂമിയിലേക്ക്‌ തിരിച്ചെത്തിയത്‌. റഫ്സല്‍ തേയിലത്തോട്ടതിലേക്കിറങ്ങി അവിടുത്തെ ജോലിക്കാരെ പരിചയപ്പെടുന്നതിന്‍റെ ശബ്ദമായിരുന്നു അത്‌. ചിന്നസ്വാമിയേയും അയാളുടെ കൂട്ടുകാരനേയും റഫ്സല്‍ അതിവിദഗ്ധമായി പോക്കറ്റിലാക്കി. താഴെ കാണുന്ന തടാകക്കരയില്‍ ക്യാമ്പ്‌ ചെയ്യലായിരുന്നു അവന്‍റെ ദുരുദ്ദേശം. എന്നാല്‍ ഏതൊരു ഹൈറേഞ്ചുകാരനേയും പോലെ ആനക്കഥകള്‍ പറഞ്ഞ്‌ അയാള്‍ ഞങ്ങളുടെ പദ്ധതികളെ തകിടം മറിച്ചു. അസ്മീറിനേയും റംസിയേയും ഗെസ്റ്റ്‌ ഹൌസിലേക്ക്‌ പറഞ്ഞയച്ച്‌ ഞങ്ങള്‍ അവിടെ തന്നെ നിന്നു - വെളിച്ചത്തിന്‍റെ അവസാനത്തെ കണികയും പോയി മറയുന്നത്‌ വരെ.










ഗെസ്റ്റ്‌ ഹൌസിലേക്ക്‌ പോയ ഞങ്ങള്‍ കാണുന്നത്‌ ആകെ വിഷമിച്ചിരിക്കുന്ന റംസിയേയാണ്‌. 
"എന്താണ്‌, മുഖത്തൊരു കുണ്ഠിതഭാവം?"റഫ്സല്‍ ചോദിച്ചു. 
"ഏതോ കൊറേ ചെറ്റകള്‌ ഈടെ വന്ന്‌ട്ട്‌ ആകെ അലമ്പാക്കി പോയീണ്‌. അതോണ്ട്‌ റൂമ്‌ തരാന്‍ അയാക്ക്‌ ഒര്‌ മടി. നോക്കാന്ന് പര്‍ഞ്ഞ്ക്ക്‌. ഞമ്മക്ക്‌ കാത്ത്‌ നിക്കാ
അസ്മീറാണ്‌ മറുപടി പറഞ്ഞത്‌. പത്ത്‌ മിനിറ്റ്‌ നേരത്തെ കാത്തിരിപ്പിന്‌ വിരാമമിട്ടുകൊണ്ട്‌ ഗെസ്റ്റ്‌ ഹൌസ്‌ കീപ്പര്‍ വന്ന് വാതില്‍ തുറന്നു. 
"ഒരേ ഒറ്‍ റൂമ്‌ താന്‍ ഇറ്‌ക്ക്‌. ഐന്തു പേറും അഡ്ജറ്റ്‌ പണ്ണി താന്‍ ആകണം . ആയിറത്തി ഐനൂറ്‍ രുവാ അഡ്വാന്‍സാ പേ പണ്ണണം"
കേട്ട പാതി കേള്‍ക്കാത്ത പാതി ഫസല്‍ പണം എണ്ണിക്കൊടുത്തു.
 ഗെസ്റ്റ്‌ ഹൌസ്‌ എന്ന്‌ പറഞ്ഞാല്‍ അത്യാവശ്യം സൌകര്യമൊക്കെയുണ്ട്‌. രണ്ട്‌ ബില്‍ഡിങ്ങുകളില്‍ ഒന്ന്‌ താരതമ്യേന പുതിയതാണ്‌. ഒരു ബസ്സ്‌ നിറയെ ആളുകള്‍ അത്‌ നേരത്തെ തന്നെ കയ്യടക്കിയിരുന്നു. പഴയ ബില്‍ഡിംഗ്‌ മറ്റേതു ഗവണ്‍മന്‍റ്‌ സ്ഥാപനങ്ങളേയും പോലെ ആവശ്യത്തിലധികം വിശാലമായിരുന്നു.താഴെയും മുകളിലുമായി നാല്‌ റൂമുകളാണ്‌ ഉള്ളത്‌. അതില്‍ താഴത്തെ ഒരു റൂമാണ്‌ ഞങ്ങള്‍ക്ക്‌ ലഭിച്ചത്‌. കോണ്‍ക്രീറ്റ്‌ തേച്ച വിശാലമായ കോമ്പൌണ്ടില്‍ രണ്ട്‌ ബില്‍ഡിങ്ങുകള്‍ക്കിടയില്‍ സ്ഥിതി ചെയ്യുന്ന മതിലിനു പിറകിലായി രണ്ട്‌ കടകള്‍ മറഞ്ഞുകിടപ്പുണ്ട്‌. ഒന്ന് 'സോപ്പ്‌ ചീര്‍പ്പ്‌ കണ്ണാടി കണ്‍മഷി' കിട്ടുന്ന പലചരക്കുകടയാണെങ്കില്‍ മറ്റേത്‌ മറ്റവനാണ്‌. ഏത്‌? ഞമ്മളെ ബീവറേജസ്‌. തേനി ഭാഗത്തുള്ള പല ഓഫീസര്‍മാരുടേയും വാരാന്ത്യ 'കൂടല്‍' കേന്ദ്രമാണ്‌ ആ ഗെസ്റ്റ്‌ ഹൌസ്‌ എന്ന് അന്വേഷണത്തില്‍ മനസ്സിലായി. അപ്പൊ പിന്നെ ബീവറേജസിന്‍റെ കാര്യത്തിലുള്ള സംശയും തീര്‍ന്നു.
      അതിവിശാലമായ ഒരു റൂമിലേക്കാണ്‌ ഞങ്ങള്‍ കയറിച്ചെന്നത്‌. കയറുന്നത്‌ തന്നെ ഒരു ചെറിയ ഡൈനിംഗ്‌ ഹാളിലേക്കാണ്‌. അത്യാവശ്യം തരക്കേടില്ലാത്ത ഒരു തീന്‍മേശയും നാലു കസേരകളും ഒരു ചെറിയ വാഷ്‌ ബേസിനുമായിരുന്നു അതില്‍ ഉണ്ടായിരുന്നത്‌. അടുത്തത്‌ അതിവിശാലമായ ഒരു ബെഡ്‌റൂമായിരുന്നു. ഒരു ഡബിള്‍ ബെഡ്‌ മാത്രമായിരുന്നു അതില്‍ ഉണ്ടായിരുന്നത്‌. അടുത്ത വാതില്‍ തുറന്നത്‌ ബെഡ്‌റൂമിന്‍റെ പകുതിയോളം വലിപ്പം വരുന്ന ബാത്ത്‌റൂമിലേക്കായിരുന്നു. ബൈക്കില്‍ നിന്ന് സാധനങ്ങളോക്ക്‌ അഴിച്ചെടുത്ത്‌ റൂമില്‍ വെച്ച്‌, മഗ്‌രിബ്‌-ഇഷാ നമസ്കാരങ്ങള്‍ക്ക്‌ ശേഷം ഞങ്ങള്‍ പുറത്തിറങ്ങി.
      ഗെസ്റ്റ്‌ ഹൌസ്‌ കോമ്പൌണ്ടിന്‍റെ വെളിയില്‍ ഒരേ ഒരു കട മാത്രമാണ്‌ ഉള്ളത്‌. ഒരു ചെറിയ ഹോട്ടലും അതിനോട്‌ ചേര്‍ന്ന്‌ ഒരു ചെറിയ കടയും. പേര്‌ - പെച്ചിയമ്മാള്‍ മീല്‍സ് ഹോട്ടല്‍. ഒരു കൊച്ചു ബില്‍ഡിംഗ്‌. അതാണവരുടെ വീടും കടയും ഹോട്ടലുമെല്ലാം. അരണ്ട വെളിച്ചം മാത്രമുള്ള ഒരു ചെറിയ റൂമിലേക്കാണ്‌ ഞങ്ങള്‍ കയറിച്ചെന്നത്‌. രണ്ട്‌ മേശയും ബെഞ്ചും കുറച്ച്‌ പ്ളാസ്റ്റിക്‌ കസേരകളും മാത്രമാണ്‌ അവിടുത്തെ ഫര്‍ണ്ണിച്ചര്‍. പിന്നെ 'അമ്മ' നല്‍കിയ ഒരു ടി.വി യും. ഹോട്ടല്‍ നടത്തുന്ന മധ്യവയസ്കരായ ദമ്പതികളുടെ മൂത്ത മകന്‍ മുരുകന്‍റെ പോലീസ്‌ യൂണിഫോമിലുള്ള ഒരു ഫോട്ടോ ഭിത്തിയുടെ ഒരു വശത്ത്‌ തൂങ്ങുന്നുണ്ടായിരുന്നു. എന്താ കഴിക്കാന്‍ ഉള്ളത്‌' എന്ന ചോദ്യത്തിന്‌ഒന്നുമില്ല' എന്നായിരുന്നു മറുപടി. അന്തം വിട്ട്‌ നില്‍ക്കുന്ന ഞങ്ങളെ നോക്കി ചിരിച്ചു കോണ്ട്‌ അക്ക പറഞ്ഞു: 
"തമ്പീങ്കളാ.. ഏതാവത്‌ വേണോന്നാ ഓര്‍ഡര്‍ പണ്ണ്‌. ഒരു അരമണി നേരത്തിലേ സെഞ്ച്‌ കൊടുത്ത്ട്‌റേന്‍".
    അരമണിക്കൂര്‍ അവിടെത്തന്നെ ഇരുന്ന്‌ മേഘമലയിലെ ജീവിതത്തെ കുറിച്ചും തേയിലത്തോട്ടങ്ങളെ കുറിച്ചും ചായപ്പൊടിയെ കുറിച്ചുമൊക്കെ അവിടുത്തെ നാട്ടുകാരോട്‌ വിശദമായിത്തന്നെ ഞങ്ങള്‍ ചോദിച്ചറിഞ്ഞു. വയര്‍ നിറയെ ദോശയും ഓംലെറ്റും അടിച്ചു മാറിയ ശേഷമാണ്‌ ഞങ്ങള്‍ സ്ഥലം കാലിയാക്കിയത്‌. ക്ഷീണം അതിന്‍റെ പാരമ്യതയിലായിരുന്നതിനാല്‍ റൂമില്‍ കയറിയതും ഓരോരുത്തരായി ഉറക്കത്തിലേക്ക്‌ വഴുതി വീണു. അഞ്ച്‌ മിനിറ്റ്‌ തികയും മുന്‍പേ ഞങ്ങളുടെ റൂമില്‍ നിന്ന് വിമാനവും, ഹെലിക്കോപ്ടറും കപ്പലുമൊക്കെ പുറപ്പെട്ടു തുടങ്ങി.


മൂന്നാം നാള്‍


പുലര്‍ച്ചെ ഏകദേശം ഒരു അഞ്ച്‌ മണിയായിക്കാണും. വയറ്റിനകത്ത്‌ ആരോ ഭരതനാട്യവും കുച്ചിപ്പുടിയുമൊക്കെ കളിക്കുന്നത്‌ അറിഞ്ഞാണ്‌ ഞാന്‍ ഉറക്കമുണര്‍ന്നത്‌. ഉറക്കം പോയെങ്കിലും കണ്ണുകള്‍ ഉറക്കച്ചടവ്‌ കാരണം തുറക്കാന്‍ തോന്നിയില്ല. വയറിനെ മറന്ന്‌ ഉറങ്ങാന്‍ ഒരു ശ്രമം നടത്തിയെങ്കിലും അത്‌ അമ്പേ പരാജയമായിരുന്നു. കട്ടിലില്‍ നിന്ന്‌ ചാടിയെണീറ്റ്‌ നിലത്ത്‌ കിടന്നുറങ്ങുകയായിരുന്ന റഫ്സലിനേയും അസ്മീറിനെയും ചാടിക്കടന്ന്‌ ഞാന്‍ ബാത്‌റൂം ഡോറിനരികിലെത്തി. ഒരു വട്ടം തള്ളിയപ്പോള്‍ തുറക്കുന്നില്ലെന്ന്‌ കണ്ട ഞാന്‍ അത്‌ വീണ്ടും വീണ്ടും തള്ളിനോക്കി. അതിനു മറുപടിയെന്നോണം ബാത്രൂമില്‍ നിന്ന്‌ ആരോ മുരടനക്കുന്ന ശബ്ദം അകത്താളുണ്ട്‌ എന്ന്‌ തെളിയിച്ചു. 'ഇതാരാ പടച്ചോനേ ഇത്ര പൊലച്ചക്ക്‌?സ്വയം ചോദിച്ചു കൊണ്ട്‌ ഞാന്‍ അസ്മീര്‍ കിടക്കുന്നിടത്തേക്ക്‌ നോക്കി. മൂടിപ്പുതച്ച്‌ കിടക്കുന്ന റഫ്സലിന്‍റെ നടുപ്പുറത്ത്‌ കാലും കയറ്റി വെച്ച്‌ കമിഴ്ന്നു കിടന്നുറങ്ങുകയായിരുന്നു അവന്‍. അതില്‍ നിന്നും ഒരു കാര്യം മനസ്സിലായി. അകത്തിരിക്കുന്നത്‌ റംസി തന്നെ. 

"ടാ റംസ്യേ! ഇയ്യ്‌ രാവിലെത്തന്നെ തൊടങ്ങ്യോ?"
ഞാന്‍ ചോദിച്ചു. 
"ഹ്‌മ്... ഒര്‌ രക്ഷയില്ല്യെടാ...
അവന്‍ അമര്‍ത്തിപ്പിടിച്ച ശബ്ദത്തില്‍ മറുപടി നല്‍കി. സഹിക്കാന്‍ പറ്റാത്ത അവസ്ഥ വന്നപ്പോള്‍ ഞാന്‍ നില്‍ക്കുന്നിടത്ത്‌ നിന്ന് ചാടാന്‍ തുടങ്ങി. ഓരോ ചാട്ടത്തിലും വാതിലില്‍ മുട്ടാനും മറന്നില്ല.  
"വേം വാടാ തെണ്ടീ… മന്‍ഷ്യനാകെ കണ്ട്രോള്‌ പോയി നിക്കാ" ഞാന്‍ വിളീച്ചുകൂവി. ഏതായാലും അവന്‍ കാര്യങ്ങള്‍ പെട്ടന്ന് മുന്നോട്ട്‌ നീക്കിയതുകൊണ്ട്‌ അത്യാഹിതങ്ങള്‍ ഒന്നും സംഭവിക്കതെ രക്ഷപ്പെട്ടു. സധാരണ ടോയ്‌ലെറ്റില്‍ നിന്ന് പുറത്തിറങ്ങുമ്പോഴാണ്‌ 'അല്‍ഹംദുലില്ലാഹ്‌' എന്ന് പറയാറുള്ളത്‌. എന്നാല്‍ റംസി വാതില്‍ തുറന്നതിനു തന്നെ ഞാന്‍ 'അല്‍ഹംദുലില്ലാാഹ്‌' എന്ന് നീട്ടിപ്പറഞ്ഞു. ഞൊടിയിടയില്‍ അകത്ത്‌ കയറി ഞാന്‍ വാതിലിന്‍റെ കുറ്റിയിട്ടു.
                പത്ത്‌-പതിനഞ്ച്‌ മിനിറ്റിനകം പ്രഭാതകര്‍മ്മങ്ങളൊക്കെ കഴിച്ച്‌ ക്യാമറയുമായി ഞാന്‍ റൂമിന്‌ പുറത്തേക്ക്‌ നടന്നു. ബീവറേജസ്‌ അടഞ്ഞുകിടക്കുകയായിരുന്നെങ്കിലും ഞങ്ങളുടെ തൊട്ടടുത്ത റൂമിലിരുന്ന്‌ തലേന്നത്തെ സ്റ്റോക്ക്‌ തീര്‍ക്കുന്നവര്‍ക്ക്‌ വേണ്ടി തൊട്ടടുത്തൂള്ള കടയില്‍ ഓംലെറ്റ്‌ തയ്യാറാകുന്നതായി കണ്ടു. അവിടെ നിന്ന്‌ ഒരു കപ്പ്‌ ചായയും വാങ്ങിക്കുടിച്ച്‌ ചുറ്റും നില്‍ക്കുന്ന ആളുകളോട്‌ കുശലാന്വേഷണങ്ങളും നടത്തി ഞാന്‍ ചുമ്മാ കുറച്ച്‌ സമയം കളഞ്ഞു. അവിടുത്തെ വീരസാഹസങ്ങളെ കുറിച്ച്‌ അവര്‍ ആവേശഭരിതരായി സംസാരിച്ചു. ആനയിറങ്ങിയതും, കാട്ടി(കാട്ടുപോത്ത്‌)യും കഴുതപ്പുലിയും തമ്മിലുള്ള യുദ്ധവും, അങ്ങനേ നീണ്ടു പോയി അവരുടെ കഥകള്‍. ഞങ്ങള്‍ വെള്ളമടിക്കാറില്ല എന്ന്‌ കേട്ട്‌ അവര്‍ അത്ഭുതപ്പെട്ടുനിന്നപ്പോള്‍ ഇത്രയധികം താടിയുള്ള എന്‍റെ മുഖത്തു നോക്കി അവര്‍ എങ്ങനെ അത്‌ ചോദിച്ചു എന്നോര്‍ത്താണ്‌ ഞാന്‍ അത്ഭുതപ്പെട്ടത്‌. കത്തിയടിയൊക്കെ കഴിഞ്ഞ്‌ റൂമില്‍ തിരിച്ചെത്തിയപ്പോഴേക്കും സമയം ഏഴ്‌ മണി.
                റൂമിന്‍റെ വാതില്‍ തുറന്ന് അകത്ത്‌ കടന്ന ഞാന്‍ കണ്ടത്‌ എല്ലാവരും ബാഗ്‌ പാക്ക്‌ ചെയ്യുന്നതാണ്‌. ഫസല്‍ മാത്രം കിടന്നുരുളുന്നു. അത്ഭുതത്തോട്‌ കൂടി ഞാന്‍ റഫസലിനോട്‌ ചോദിച്ചു: 
"അല്ലെടാ ഇയ്യ്‌ ഇത്ര നേരത്തൊക്കെ എണീക്ക്യോ?". 
അസ്മീറാണ്‌ ചാടിക്കയറി മറുപടി നല്‍കിയത്‌: 
"പിന്നല്ലാണ്ട്‌. ണീക്ക്യണ്ടേ? ന്നാലല്ലേ മ്മക്ക്‌ ലാക്കില്‌ പോകാന്‍ പറ്റൂ".
 "ലാക്കോ?
നാലുപേരും കൂടെ ഒരുമിച്ച്‌ ചോദിച്ചപ്പോ അവന്‌ തോന്നി എന്തോ പന്തികേടുണ്ടെന്ന്. അവന്‍ വീണിടത്ത്‌ കിടന്നുരുണ്ടു : 
"അത്‌ പിന്നെ അമ്മള്‌ ഇന്നലെ താഴെ കണ്ടീലേ. ആ വെള്ളവുവൊക്കെ ആയിട്ട്‌. ആ.. മറ്റേ.. അയ്ന്‍റെ നടൂല്‌". 
"ടാ മണ്ടാ അത്‌ ലാക്കല്ല ലെയ്ക്കാണ്‌
റംസി ഒരു പണ്ഠിതനെ പോലെ പറഞ്ഞു. അമളി മനസ്സിലായ അവന്‍ പറഞ്ഞു: 
"ങാ... എന്തായാലും മാണ്ടീല. ഞമ്മക്ക്‌ ആടെ പോണ്ടേ?"
 പെട്ടന്നാണ്‌ ആരോ വാതിലില്‍ വന്ന്‌ മുട്ടിയത്‌ കേട്ട്‌ ഞാന്‍ വാതില്‍ ചെന്ന്‌ വാതില്‍ തുറന്നു. റഫ്സല്‍ പുതുതായി കണ്ടെത്തിയ തന്‍റെ കൂട്ടുകാരന്‍ ചിന്നസ്വാമി അതിരാവിലെ കുളിച്ചൊരുങ്ങി കുറിയും തൊട്ട്‌ അയാളുടെ കൂട്ടുകാരന്‍ പളനിയപ്പനേയും കൂട്ടി ഞങ്ങളെ കാണാന്‍ വന്നതായിരുന്നു. റഫ്സലിനെ കണ്ടതും അയാളുടെ മുഖം നൂറ്‌ വാട്ട്സ്‌ ബള്‍ബ്‌ പോലെ പ്രകാശപൂരിതമായി. നഗരവാസികള്‍ക്കിടയില്‍ മഷിയിട്ടു നോക്കിയാല്‍ പോലും കാണാന്‍ സാധിക്കാത്ത ഒരു സവിശേഷ ഗുണമാണ്‌ ഇത്‌. ഞങ്ങള്‍ ആരെന്ന്‌ അയാള്‍ക്കോ അയാള്‍ ആരെന്ന്‌ ഞങ്ങള്‍ക്കോ അറിയില്ല. എന്നിരുന്നാലും തലേന്നാള്‍ നടന്ന ഒരു സംഭാഷണത്തിന്‍റെ പേരില്‍ മാത്രം അയാള്‍ മലയിറങ്ങി ഞങ്ങളുടെ റൂം വരെ വന്നിരിക്കുന്നു. ഞങ്ങളെ കാണാന്‍ വേണ്ടി മാത്രം. ഇതും ഒരനുഭവമാണ്‌. ഇതുപോലുള്ള യാത്രകളില്‍ മാത്രം ലഭിക്കുന്ന ഒരസുലഭ അനുഭവം. ഇടക്ക്‌ പോകണം; സ്മാര്‍ട്ട്‌ ഫോണും കമ്പ്യൂട്ടറുമൊന്നും എത്തിപ്പെട്ടിട്ടില്ലാത്ത ഇത്തരം പച്ചമനുഷ്യര്‍ക്കിടയിലേക്ക്‌ ഒരു യാത്ര. യന്ത്രവല്‍ക്കരിക്കപ്പെടാത്ത ചില മനുഷ്യജന്‍മങ്ങള്‍ ഇന്നും ഈ ഭൂമിയില്‍ അവശേഷിക്കുന്നു. അവര്‍ക്ക്‌ ജോലിയുണ്ട്‌, എന്നാല്‍ അവര്‍ക്ക്‌ ആവശ്യത്തിന്‌ സമയമൂണ്ട്‌; അവര്‍ ദരിദ്രരാണ്‌, എന്നാല്‍ ഗുണഗണങ്ങളില്‍ അവര്‍ സമ്പന്നരാണ്‌. എന്നാല്‍ ഇന്ത്യയിലെ കടുവകളുടെ എണ്ണം കണക്കെ ഇവരുടെ എണ്ണവും ദിനം പ്രതി കുറഞ്ഞു വരികയാണ്‌ എന്നതാണ്‌ അനിഷേധ്യ യാഥാര്‍ത്യം.
കുറച്ചുനേരം അവരുമായി ഞങ്ങള്‍ സംസാരിച്ചിരുന്നു. എവിടെയൊക്കെ പോകണം, എന്തൊക്കെ കാണണം എന്നൊക്കെ അവര്‍ ഞങ്ങള്‍ക്ക്‌ വിശദീകരിച്ചുതന്നു. എന്നാല്‍ സമയക്കുറവ്‌ കാരണം 'ലാക്ക്‌' മാത്രം സന്ദര്‍ശിക്കാനായിരുന്നു ഞങ്ങളുടെ തീരുമാനം. കോടമഞ്ഞൊന്നും ഇല്ലായിരുന്നെങ്കിലും വളരേയധികം ആസ്വാദ്യകരമായ ഒരു കാലാവസ്ഥയായിരുന്നു അവിടെ ഞങ്ങളെ കാത്തിരുന്നത്‌. ഒരു മണികൂറോളം ആ തടാകക്കരയില്‍ ചിലവഴിച്ചശേഷം ഗെസ്റ്റ്‌ ഹൌസില്‍ തിരിച്ചെത്തി ബാഗുകളും എടുത്ത്‌ ഞങ്ങള്‍ വീണ്ടും പഴയ റോഡിലേക്കിറങ്ങി - പൊട്ടിപ്പൊളിഞ്ഞ, പടുകുഴികളും പാറക്കല്ലുകളും നിറഞ്ഞ ആ പഴയ റോഡിലേക്ക്‌.



























കയറ്റവുമായി താരതമ്യം ചെയ്യുമ്പോള്‍ ഇറക്കം കുറച്ചുകൂടെ എളുപ്പമായിരുന്നു. എന്നിരുന്നാലും അത്യന്തം ശ്രദ്ധ ആവശ്യമായിരുന്നു. ഒരു ചെറിയ അശ്രദ്ധ്ക്ക്‌ പോലും 'ഒരു വലിയ വില' നല്‍കേണ്ടി വരും. തലേന്നത്തെ യാത്രക്ക്‌ എന്‍റെ നടുവിന്‍മേലുണ്ടായ സ്വാധീനം കണക്കിലെടുത്ത്‌ വളരേ പതുക്കെയായിരുന്നു ഞാന്‍ വണ്ടി ഓടിച്ചിരുന്നത്‌. അതുകൊണ്ട്‌ തന്നെ മറ്റുള്ളവരില്‍ നിന്നും ഏറെ പിറകിലും. ഒരു മണിക്കൂറ്‍ നീണ്ട യാത്രക്ക്‌ ശേഷം മറ്റുള്ളവവരെ ഞാന്‍ കണ്ടുമുട്ടുമ്പോള്‍ ഇരുപത്‌ മിനിറ്റുകള്‍ക്ക്‌ മുന്‍പ്‌ ആവി പറന്നിരുന്ന ഒരു ഗ്ളാസ്‌ ചായയുമായി അവര്‍ എന്നെ കാത്തിരിക്കുകയായിരുന്നു. ചായയും കുടിച്ച്‌ മലയിറങ്ങുമ്പോഴേക്കും അന്തരീക്ഷം ചുട്ടുപൊള്ളുന്നുണ്ടായിരുന്നു. വിയര്‍ത്തൊലിച്ച്‌ ആ മുക്കാല്‍ മണിക്കൂര്‍ യാത്രക്ക്‌ ശേഷം ഞങ്ങള്‍ ചുരം പിന്നിട്ട്‌ കരിങ്കല്‍ പാകിയ റോഡിലെത്തി. കരിങ്കല്‍പ്പാത എത്തിയതും അതുവരെ ഞങ്ങളുടെ മുന്നിലുണ്ടായിരുന്ന ടിപ്പറണ്ണന്‌ ഒരു കുസൃതി തോന്നി. കുട്ടികള്‍ പാറപ്പൊടി കാറ്റില്‍ പറത്തുന്നപോലെ ആ റോഡിലുണ്ടായിരുന്ന മുഴുവന്‍ പാറപ്പൊടിയും അണ്ണന്‍ കാറ്റില്‍ പറത്തി. അത്‌ ഞങ്ങളുടെ കണ്ണിലും അന്നനാളത്തിലും ശ്വാസനാളത്തിലുമെല്ലാം പ്രവേശിക്കാന്‍ അധികനേരം വേണ്ടി വന്നില്ല. ഒരു വിധത്തില്‍ ഞങ്ങള്‍ സ്പീഡ്‌ കുറച്ച്‌ രക്ഷപ്പെട്ടു. മറ്റുള്ളവര്‍ ഞങ്ങളെ കാത്തുനില്‍ക്കുന്നിടത്തെത്തുമ്പോഴേക്കും ഞങ്ങള്‍ അടിമുടി പാറപ്പൊടിയില്‍ കുളിച്ചിരുന്നു.
                വണ്ടി നിര്‍ത്തിയതും തൊണ്ടയാട്‌ ജംഗ്ഷനില്‍ വണ്ടി നിര്‍ത്തിയാല്‍ ഓടിയെത്തുന്ന വഴിയോരക്കച്ചവടക്കാരെപ്പോലെ കയ്യില്‍ ഒരു കവറുമായി ഫസല്‍ ഞങ്ങളുടെ അരികിലേക്ക്‌ ഓടിയെത്തി. 
"ദാ, നല്ല അടിപൊളി മുന്തിര്യാ. ഫ്രെഷ്‌. ദാ ആട്‌ന്ന് വാങ്ങ്യേതാ
റോഡിന്‍റെ മറുവശത്ത്‌ സ്ഥിതി ചെയ്യുന്ന മുന്തിരിപ്പാടം ചൂണ്ടി അവന്‍ പറഞ്ഞു. 
"ടാ, ഞമ്മക്ക്‌ അയ്ന്‍റെ ഉള്ള്‌ക്കേറി ഫോട്ടെട്ക്കാ?
റഫ്സല്‍ മുന്തിരിപ്പാടം ആദ്യമായി കണ്ട ആവേശത്തില്‍ ചോദിച്ചു. 
"ഹ്മ്‌... ചെല്ല്. അത്‌ ചോയ്ച്ചെയ്നാ ആ തള്ള അയ്ന്‍റെ എന്‍ട്രന്‍സെന്നെ പൂട്ടിക്കാള്‍ഞ്ഞത്‌
അസ്മീര്‍ പറഞ്ഞു. 
"പിന്നല്ലാണ്ട്‌. മുന്തിരി വാങ്ങാന്‍ പോയിട്ട്‌ അത്‌ പറിക്ക്യാന്‍ നോക്ക്യാ പിന്നെ ഓലെന്താ ചെയ്യണ്ട്യേ?
റംസി ചോദിച്ചു. 
"പറ്‍ക്ക്യാന്‍ നോക്ക്യേതൊന്നുവല്ല. തൊട്ടോക്ക്യേതാ
അവന്‍ തിരുത്തി. അപ്പോഴേക്കും റഫ്സല്‍ അവിടെയെത്തി അറിയാവുന്ന ഭാഷകളിലൊക്ക ആ സ്‌ത്രീയുടെ കാലു പിടിച്ചെങ്കിലും അവര്‍ കനിഞ്ഞില്ല. അഞ്ച്‌ മിനിറ്റ്‌ കഴിഞ്ഞ്‌ തിരിച്ചുവന്ന അവന്‍ പറഞ്ഞു: 
"ഏതായാലും മുന്തിരി നല്ല മധ്‌രണ്ട്‌. ഞമ്മക്ക്‌ അത്‌ ഇവ്‌ട്‌ന്നെന്നെ തിന്നിട്ട്‌ പോവ. ഓകെ?"
അങ്ങനെ അവന്‍ പറഞ്ഞതനുസരിച്ച്‌ മുന്തിരി കഴുകാന്‍ വേണ്ടി ഞങ്ങള്‍ അടുത്ത വീട്ടില്‍ കയറി. അവര്‍ കാണിച്ചുതന്ന പൈപ്പിന്‍റെ ചുവട്ടില്‍ ചെന്ന്‌ ഞങ്ങള്‍ അത്‌ കഴുകിക്കൊണ്ടിരിക്കുമ്പോഴാണ്‌ നാട്ടുകാരനായ ഒരാള്‍ കൈ കഴുകാന്‍ വേണ്ടി അങ്ങോട്ട്‌ വന്നത്‌. ഞങ്ങള്‍ വെച്ചുനീട്ടിയ മുന്തിരി സ്നേഹത്തോടെ നിരസിച്ച അയാള്‍ മുന്തിരിപ്പാടത്തിനു നേരെ വിരല്‍ ചൂണ്ടിക്കൊണ്ട്‌ പറഞ്ഞു: 
"ഇത്‌ നമ്മ പാടം താന്‍". 
അത്‌ കേട്ടതും റഫ്സല്‍ ചാടിവീണു. അവസരം മുതലെടുത്ത്‌ നവരസങ്ങള്‍ കൂടാതെ അവന്‍ തന്നെ വികസിപ്പിച്ചെടുത്ത ഒരു 'രസം' മുഖത്ത്‌ വരുത്തിക്കൊണ്ട്‌ അവന്‍ അയാളോട്‌ ചോദിച്ചു: 
"അണ്ണാ ഞാന്‍ ഈ മുന്തിരിപ്പാടം പാക്കുന്നത്‌ ആദ്യായിട്ടാ. കൊഞ്ചം ഫോട്ടോ എട്ത്തോട്ടേ?".
"ധാരാളമാ" അയാളുടെ മറുപടി കേട്ടതും അവന്‍ സന്തോഷം കൊണ്ട്‌ തുള്ളിച്ചാടി. ആവേശം മൂത്ത അവന്‍ വിളിച്ചു പറഞ്ഞു: 
"അണ്ണാ... അണ്ണനാണണ്ണാ അണ്ണന്‍. അണ്ണന്‍റെ പേരെന്താ അണ്ണാ?".
"സെല്‍വം
അയാള്‍ അത്‌ പറഞ്ഞ്‌ മുഴുമിക്കും മുന്‍പേ അവന്‍ മുന്തിരിത്തോപ്പിനകത്തേക്ക്‌ ഊളിയിട്ടിരുന്നു.മനസും വയറും നിറഞ്ഞാണ്‌ ഞങ്ങള്‍ അവിടെ നിന്നിറങ്ങിയത്‌.
















മൂന്ന് നാല്‌ കിലോമീറ്റര്‍ കൂടി യാത്ര ചെയ്‌ത്‌ ഞങ്ങള്‍ ടാറിട്ട റോഡിലെത്തി. ടാറിട്ട റോഡ്‌ കണ്ട്‌ ജീവിതത്തില്‍ ഏറ്റവുമധികം സന്തോഷിച്ച നിമിഷങ്ങളില്‍ ഒന്നായിരുന്നു അത്‌. അതുവരെ ബ്രേക്കും ഗിയറുമായി കളിച്ചിരുന്ന ഞങ്ങള്‍ പിന്നെ ശ്രദ്ധിച്ചത്‌ ആക്സിലറേറ്ററില്‍ മാത്രമായിരുന്നു.
പ്രത്യേകിച്ച്‌ സംഭവവികാസങ്ങളൊന്നുമില്ലാതെ ഞങ്ങള്‍ കമ്പത്തെത്തി. അവിടുന്ന്‌ ഭക്ഷണവും കഴിച്ച്‌ ഞങ്ങള്‍ കമ്പംമെട്ട്‌ ലക്ഷ്യമാക്കി നീങ്ങി. പൊട്ടിപ്പൊളിഞ്ഞ റോഡും ചുരവും - അതൊരു വൃത്തികെട്ട കോമ്പിനേഷനാണ്‌. ഊരമേല്‍ നിര്‍ത്താതെയുള്ള അടി എന്‍റെ പരിപ്പിളക്കി. പതിനെട്ട്‌ ഹെയര്‍പ്പിന്‍ വളവുകള്‍ കടന്ന്‌ കമ്പംമേട്ടിലെത്തിയപ്പോഴേക്കും ബാക്കിയുള്ളവര്‍ 'അതിവേഗം ബഹുദൂരം' മുന്നോട്ട്‌ പോയിരുന്നു. ഒടുവില്‍ ആമയാറില്‍ വെച്ചാണ്‌ അവരെ കണ്ട്മുട്ടിയത്‌. കൃത്യം ഒന്നര മണിക്കൂറ്‍ പിന്നിട്ടപ്പോഴേക്കും ളുഹര്‍-അസര്‍ നമസ്കാരങ്ങളും കഴിഞ്ഞ്‌ കട്ടപ്പന മില്‍മ ഡയറിക്കടുത്തുള്ള ചായക്കടയില്‍ ചായയും കായപ്പവും കഴിക്കുകയായിരുന്നു ഞങ്ങള്‍. പരിപ്പുവടയും കായപ്പവും കഴിഞ്ഞ്‌ വേറെ വല്ലതും ഉണ്ടോ എന്ന്‌ റഫ്സല്‍ അല്‍മാരയില്‍ കയ്യിട്ട്‌ തപ്പുന്നതിനിടക്കാണ്‌ എന്‍റെ മനസ്സില്‍ ഒരു ലഡ്ഡു പൊട്ടിയത്‌. 
"അതേയ്‌. ഞമ്മക്ക്‌ കാല്‍വരി മൌണ്ടില്‍ പോവാ?
ഞാന്‍ ചോദിച്ചു. 
"ആരെ കാല്‌ വാരാന്‍?" റംസി ചോദിച്ചത്‌ ഞാന്‍ കേട്ടില്ലെന്ന്‌ നടിച്ചു. ഉടന്‍ വന്നു റഫ്സലിന്‍റെ മറുപടി 
"കോപ്പ്‌, ന്നെക്കൊണ്ടൊന്നും പറൈപ്പിക്കണ്ട. അല്ലേത്തന്നെ നേരം വൈകി. അപ്പളാ ഓന്‍റൊരു മലേക്കേറല്‌". 
"ടാ ഇതങ്ങനല്ല. അടിപൊളി സ്ഥലാ. റോഡിന്‍റെ സൈഡ്‌ലാന്ന്‌ മാത്രല്ല, വണ്ടി അയ്ന്‍റെ മോള്‍ല്‍ വരേ കേറും ചെയ്യും. അത്‌ മാത്രല്ല, ആട്ത്തെ സണ്‍സെറ്റ്ണ്ടല്ലോ... അതൊരൊന്നൊന്നര സംഭവാ. സങ്ങതി എന്തായാലും പൊളിക്കും
ഞാന്‍ വിശദീകരിച്ചു. 
"അങ്ങനാണെങ്കീ നോക്കാം" അവന്‍ ഒരു അര്‍ദ്ധസമ്മതഭാവത്തില്‍ പറഞ്ഞു.
"അപ്പൊ ചലോ കാല്‍വരി മൌണ്ട്‌
അവസാനത്തെ തുള്ളി ചായയും വലിച്ച്‌ കുടിച്ച്‌, ഗ്‌ളാസ്സ്‌ മേശയില്‍ വെച്ചുകൊണ്ട്‌ ഞാന്‍ പറഞ്ഞു.
    റോഡില്‍ നിന്ന് കുത്തനെയുള്ള കയറ്റമാണ്‌ കാല്‍വരി മൌണ്ടിലേക്ക്‌. കോണ്‍ക്രീറ്റ്‌ പാകിയ ആ പാതയിലൂടെ മുന്നോട്ട്‌ പോയപ്പോള്‍ തിരിച്ചു വരുന്ന വാഹനങ്ങളുടെ നീണ്ട നിരയാണ്‌ ഞങ്ങള്‍ക്ക്‌ കാണാന്‍ സാധിച്ചത്‌. അതില്‍ നിന്നും ഒരു കാര്യം വ്യക്‌തമായി - സൂര്യാസ്‌തമയം കഴിഞ്ഞിരിക്കുന്നു. ഞങ്ങളുടെ പ്രതീക്ഷകള്‍ എല്ലാം തകിടം മറഞ്ഞിരിക്കുന്നു. ആകെ വിശാദനമഗ്നരായി അവിടെ എത്തിച്ചേര്‍ന്ന ഞങ്ങളുടെ നിരാശക്ക്‌ മറുപടിയെന്നോണം കോടമഞ്ഞില്‍ അണിഞ്ഞൊരുങ്ങി തന്‍റെ സര്‍വ്വസൌന്ദര്യവും പ്രദര്‍ശിപ്പിച്ച്‌ വീശിയടിക്കുന്ന കാറ്റില്‍ അതിമനോഹരമായി നൃത്തമാടുകയായിരുന്നു ആ കുന്നിന്‍പുറം അന്നവിടെ. 
കോടമഞ്ഞില്‍ മുങ്ങിക്കുളിച്ച മലമുകളില്‍ സമൃദ്ധമായി വളര്‍ന്ന് നില്‍ക്കുന്ന പുല്ലുകള്‍ വകഞ്ഞുമാറ്റി ഞങ്ങള്‍ മുന്നോട്ട്‌ നീങ്ങി. അവിടെ കണ്ട കാഴ്ച്ച അവിശ്വസനീയമായിരുന്നു. ഒരു വര്‍ഷം മുന്‍പ്‌ ഞാന്‍ ആ താഴ്വര കണ്ടത്‌ കത്തിജ്ജ്വലിക്കുന്ന സൂര്യന്‍റെ പ്രഭയിലായിരുന്നെങ്കില്‍ അന്ന് കണ്ടത്‌ അസ്‌തമയസൂര്യന്‍ ബാക്കിവെച്ച്‌ പോയ ഇത്തിരിവെളിച്ചത്തില്‍ കോടമഞ്ഞില്‍ ഒളിച്ചു കളിക്കുന്ന തുരുത്തുകള്‍ അലങ്കരിക്കുന്ന താഴ്വരയാണ്‌. അധികം ഫോട്ടോസൊന്നും എടുത്തില്ലെങ്കിലും ഞങ്ങള്‍ ഒരുപാട്‌ കാര്യങ്ങള്‍ സംസാരിച്ചിരുന്നു. സമയം വൈകിയത്‌ ഞങ്ങള്‍ കാര്യമാക്കിയതേയില്ല. കുറച്ചുകൂടെ നേരത്തെ എത്താന്‍ പറ്റാത്തതില്‍ അസ്മീറിന്‌ വല്ലാത്ത വിഷമമുണ്ടയിരുന്നു. അവന്‍ അത്‌ തുറന്നു പറയുകയും ചെയ്‌തു. സന്ദര്‍ശന സമയം അവസാനിച്ചപ്പോള്‍ അവിടുത്തെ ഗാര്‍ഡ്‌ വന്ന് ഞങ്ങളോട്‌ സ്ഥലം കാലിയാക്കാന്‍ ആവശ്യപ്പെട്ടു. 
"ഇന്‍ഷാ അല്ലാഹ്‌. ഒരു എനി ഒര്‌ ട്രിപ്പ്‌ ഞാന്‍ ഇങ്ങോട്ട്‌ മാത്രായിട്ട്‌ വരും
പാര്‍ക്കിങ്ങിലേക്ക്‌ തിരിച്ചു നടക്കുന്നതിനിടയില്‍ അസ്മീര്‍ ദൃഡനിശ്ചയം ചെയ്‌തു.


















ഏതാനും കിലോമീറ്ററുകള്‍ക്കിപ്പുറം ചെറുതോണിയില്‍ നിന്ന്‌ വലത്തോട്ട്‌ തിരിഞ്ഞ്‌ ഞങ്ങള്‍ കോതമംഗലം ലക്ഷ്യമാക്കി നീങ്ങി. ആദ്യം കണ്ട പെട്രോള്‍ പമ്പില്‍ കയറി പെട്രോളും തൊട്ടടുത്ത ഹോട്ടലില്‍ നിന്ന്‌ ചായയും കഴിഞ്ഞ്‌ ഞങ്ങള്‍ യാത്ര തുടര്‍ന്നു. അതിദയനീയാവസ്ഥയിലുള്ള റോഡും സ്ട്രീറ്റ്‌ ലൈറ്റ്‌ മുക്‌തമായ കാടും ഞങ്ങളെ മാനസികമായി തളര്‍ത്തി. ആരും ഒന്നും സംസാരിക്കുന്നുണ്ടായിരുന്നില്ല. ആകെയുള്ള ശബ്ദം ബുള്ളെറ്റിന്‍റെ "ഡു...ഡു...ഡു..." മാത്രമായിരുന്നു. റോഡില്‍ രൂപപ്പെട്ട കുഴികള്‍ക്കിടയിലൂടെ 'കള്ളനും പോലീസും' കളിച്ച്‌ ഞങ്ങള്‍ മുന്നോട്ട്‌ നീങ്ങി. ഇടതൂര്‍ന്ന കാട്ടില്‍ ഇടക്കിടെ പ്രത്യക്ഷപ്പെടുന്ന ഇലക്ട്രിസിറ്റി കോളനികള്‍ വലിയ ആശ്വാസം പകര്‍ന്നു. യുഗങ്ങള്‍ നീണ്ട നിശബ്ദതക്ക്‌ വിരാമമിട്ടുകൊണ്ട്‌ റംസി വിളിച്ചുകൂവി:
"ടാ, ഫസലിന്‍റെ വണ്ടിക്ക്‌ എന്തോ പ്രശ്നം. ബാക്ക്‌ത്തെ ടയര്‍ല്‌ കാറ്റ്‌ നിക്ക്‌ന്നില്ല്യ. ഓടിക്കോണ്ട്‌ക്കുമ്പൊ പ്രശ്നവുല്ല്യ". 
"ന്നാ നിര്‍ത്തണ്ട. ഓന്‍ മുന്നിപ്പോയ്ക്കോട്ടെ
ഞാന്‍ പറഞ്ഞു. ടയറിന്‍റെ കാര്യം എന്താകും എന്ന് ടെന്‍ഷനടിച്ചുകൊണ്ട്‌ മുന്നോട്ട്‌ പോയിക്കൊണ്ടിരിക്കുമ്പോഴാണ്‌ ഞങ്ങള്‍ മറ്റൊരു വാര്‍ത്ത കേള്‍ക്കുന്നത്‌. എതിര്‍വശത്ത്‌ നിന്ന് വരുന്ന കെ.എസ്‌.ആര്‍.ടി.സി ബസ്സില്‍ എഴുതിവെച്ച 'കൈയും തലയും പുറത്തിടരുത്‌' എന്ന മുന്നറിയിപ്പിനെ പൂര്‍ണ്ണമായും അവഗണിച്ചു കൊണ്ട്‌ ഡ്രൈവറടക്കം വലതുവശത്തിരുന്ന മുഴുവന്‍ പേരും തങ്ങളുടെ തലയും കൈയും പുറത്തിട്ടുകൊണ്ട്‌ അലറിവിളിച്ചു: 
"ആനാ... ആനാ...
പിന്നീട്‌ പിറകെ വന്ന മുഴുവന്‍ വാഹങ്ങളും ഒരു ചടങ്ങു പോലെ അത്‌ ആവര്‍ത്തിച്ചു. ഞങ്ങളുടെ ഹൃദയമിടിപ്പിന്‍റെ വേഗത വര്‍ദ്ധിച്ചു. ഉള്ളില്‍ നല്ല ഭയമുണ്ടായിരുന്നെങ്കിലും അത്‌ പുറത്ത്‌ കാണിക്കാതെ ഞാന്‍ ബൈക്ക്‌ മുന്നോട്ടെടുത്തു. പലയിടത്ത്‌ വായിച്ചറിഞ്ഞ കാര്യങ്ങള്‍ വലിയ അനുഭവശാലിയായി ഭാവിച്ചുകൊണ്ട്‌ ഞാന്‍ അവരോട്‌ വിശദീകരിച്ചു. ചില നിറ്‍ദ്ദേശങ്ങള്‍ അതേ പടി പാലിക്കാന്‍ ഞങ്ങള്‍ ചട്ടം കെട്ടി.
- ഹോണ്‍ അടിക്കരുത്‌
- വേഗത കുറക്കുക
- ഹൈബീം ഉപയോഗിക്കരുത്‌
- എന്ത്‌ സംഭവിച്ചാലും കൂട്ടം തെറ്റരുത്‌
അങ്ങനെ ഉള്ള ധൈര്യം സംഭരിച്ച്‌ ഞങ്ങള്‍ മുന്നോട്ട്‌ നീങ്ങി. ഞാനും അസ്മീറും മുന്നില്‍, തൊട്ടുപിറകില്‍ ഒഴിഞ്ഞ വയറും ഒഴിഞ്ഞുകൊണ്ടിരിക്കുന്ന ടയറുമായി ഫസല്‍. പിറകില്‍ റംസിയും റഫ്സലും. എന്തെങ്കിലും അപകടം മണത്താല്‍ ഉടന്‍ വണ്ടി തിരിക്കാവുന്ന അകലം പാലിക്കാന്‍ റഫ്സല്‍ പ്രത്യേകം ശ്രദ്ധിച്ചു. ഓരോ നിമിഷവും ആനയെ 'ഇപ്പൊ കാണും' എന്ന പ്രതീക്ഷയില്‍ ഞങ്ങള്‍ ഇഴഞ്ഞ്‌ നീങ്ങി. ഫസലിന്‍റെ ബൈക്കില്‍ കാറ്റ്‌ പൂര്‍ണ്ണമായും ഒഴിഞ്ഞു പോകുമോ എന്ന ഭയം ഒരു വശത്തുകൂടെയും ആനയെ പറ്റിയുള്ള ഭയം മറുവശത്തൂടെയും ഞങ്ങളെ ആക്രമിച്ചുകൊണ്ടേയിരുന്നു. എതിരേ കടന്നുപോയ ഓരോ വാഹനവും മുന്നറിയിപ്പ്‌ നല്‍കുന്നുണ്ടായിരുന്നെങ്കിലും, അവയെല്ലാം ആനയെ കടന്നു വന്നതാണല്ലോ എന്ന് ഞങ്ങള്‍ ആശ്വസിച്ചു. പക്ഷേ ഒരൊറ്റ ബൈക്ക്‌ പോലും എതിരെ വന്നില്ലല്ലോ എന്ന ചിന്തയില്‍ ഞങ്ങളുടെ ഹൃദയങ്ങള്‍ വിറങ്ങലിച്ചു. ഓരോ മീറ്ററും ഓരോ കിലോമീറ്റര്‍ കണക്കെ അനുഭവപ്പെട്ടുതുടങ്ങി. ഞങ്ങളുടെ വേഗത വീണ്ടും കുറഞ്ഞു. കൈകള്‍ ചെറുതായി വിറക്കാന്‍ തുടങ്ങി. തൊണ്ട വരളുന്നുണ്ടായിരുന്നു. ഓരോ തുള്ളി ഉമിനീര്‍ തൊണ്ടയിലൂടെ അരിച്ചിറങ്ങുന്നതും ഓരോ തവണ ഹൃദയം മിടിക്കുന്നതും ഞങ്ങള്‍ അറിയുന്നുണ്ടായിരുന്നു. ഒരു വല്ലാത്ത ഭയം ഞങ്ങളെ വന്നു മൂടി. ആനകളേയും അതിന്‍റെ ആക്രമങ്ങളേയും കുറിച്ച്‌ വായിച്ചതും പറഞ്ഞു കേട്ടതുമെല്ലാം മനസ്സില്‍ തെളിഞ്ഞു വന്നു. ഏതാനും മിനിട്ടുകള്‍ക്ക്‌ മുന്‍പ്‌ ഞങ്ങളെ ഓവര്‍ടേക്ക്‌ ചെയ്‌തു വന്ന വാഹങ്ങള്‍ വരിവരിയായി നിര്‍ത്തിയിട്ടിരിക്കുന്നത്‌ കണ്ട്‌ ഞങ്ങളുടെ ശ്വാസോച്ഛാസത്തിന്‍റെ വേഗത ക്രമാതീതമായി വര്‍ദ്ധിച്ചു. ഞങ്ങള്‍ വണ്ടികള്‍ നിര്‍ത്തി. ഒരു നിമിഷം കണ്ണുകള്‍ പൂട്ടി ദീര്‍ഘശ്വാസം വലിച്ചശേഷം കണ്ണുകള്‍ തുറന്നു. എല്ലാം പഴയപടി തന്നെ; ഷാറൂഖ്‌ ഖാന്‍ പറഞ്ഞ മാതിരി 'ആങ്ഖേ ബന്ധ്‌ കറ്‍ക്കെ ഫിറ്‍ ദേഖ്ന' യിലൊന്നും യാതൊരു കാര്യവുമില്ലെന്ന് മനസ്സിലായി. ഞങ്ങള്‍ മുന്നോട്ട്‌ നീങ്ങി. അടുത്ത ഒന്നുരണ്ട്‌ നിമിഷങ്ങള്‍ ജീവിതത്തിലെ തന്നെ ഏറ്റവും ആകാംക്ഷാഭരിതമായ നിമിഷങ്ങളില്‍ പെട്ടതായിരുന്നു.
തലച്ചോറും ഹൃദയവുമെല്ലാം ഒരു തരം നിര്‍ജ്ജീവാവസ്ഥയിലയിരുന്നു. മറ്റൊന്നും തന്നെ ചിന്തകളില്‍ വന്നില്ല. ലോകത്തുള്ള മറ്റെല്ലാ പ്രശ്നങ്ങളും ഇതിനു മുന്നില്‍ ചെറുതായി തോന്നി. ജീവിതലക്ഷ്യം തന്നെ ആ തടസ്സം തരണം ചെയ്യലാണെന്ന് ഒരു നിമിഷം ചിന്തിച്ചുപോയി. ആയത്തുല്‍ കുര്‍സിയ്യും, ആമന റസൂലും, ഫാത്തിഹയും യാസീനുമെല്ലാം നാവിലൂടെ ധാരധാരയായൊഴുകി.
      ഒടുവില്‍ ആ വളവ്‌ തിരിഞ്ഞ്‌ കണ്ണുകള്‍ റോഡില്‍ നിന്നുയര്‍ത്തി മുന്നോട്ട്‌ നോക്കിയപ്പോഴാണ്‌ ആ കാഴ്ച്ച ഞങ്ങള്‍ കണ്ടത്‌. കറുകറുത്ത ശരീരം ചളിപുരണ്ട്‌ കാപ്പിനിറം പൂണ്ടിരിക്കുന്നു. നാലു കാലുകള്‍ തൂണുകള്‍ കണക്കെ നിശ്ചലമായി നില്‍ക്കുന്നു. ഞങ്ങളോട്‌ പിന്തിരിഞ്ഞു നില്‍ക്കുകയായിരുന്ന ഗജവീരന്‍ തന്‍റെ വാലും ചെവികളും ആട്ടിക്കൊണ്ടേയിരുന്നു. ഞങ്ങളെ ഒന്ന് തിരിഞ്ഞു നോക്കാന്‍ പോലും നില്‍ക്കാതെ എന്തോ തിന്നുകയായിരുന്ന മൂപ്പത്തി ആ ജോലി തന്നെ തുടര്‍ന്നു. ഞങ്ങള്‍ വന്നതും പോയതുമൊന്നും മൈന്‍റ്‌ ചെയ്‌തില്ലെന്ന് മാത്രമല്ല റോഡില്‍ നിന്ന് ഒരടി പോലും മാറിയതുമില്ല. കണ്ണുചിമ്മി തുറക്കുന്നതിനിടയില്‍ ഞങ്ങള്‍ അതിനെ പിന്നിട്ടു. സന്തോഷവും ആശ്വാസവും മറ്റു പല വികാരങ്ങളും കലര്‍ന്ന ഒരു സമ്മിശ്ര വികാരത്തോട്‌ കൂടി ഞങ്ങള്‍ ഉച്ചത്തില്‍ പറഞ്ഞു: "അല്‍ഹംദുലില്ലാഹ്‌".
                ഫസലിന്‍റെ ബാക്ക്‌ ടയറില്‍ കാറ്റ്‌ തീരെ കുറഞ്ഞപ്പോള്‍ ഞങ്ങള്‍ ഒരു തട്ടുകടക്ക്‌ മുന്നില്‍ നിര്‍ത്തി. നാട്ടുകാരുടെ സഹായത്തോടെ എവിടെയോ മൂടിപ്പുതച്ച്‌ കിടന്നുറങ്ങുകയായിരുന്ന ഒരു മെക്കാനിക്കിനെ വിളിച്ച്‌ കൊണ്ട്‌ വരുമ്പോഴേക്കും തട്ടുകടയില്‍ സുലൈമാനിയും അരിമുറുക്കും തയ്യാര്‍. തൊട്ടടുത്ത വീട്ടിലെ ഓട്ടോറിക്ഷക്കാരന്‍റെ പക്കലുള്ള പമ്പ്‌ വാങ്ങി അയാള്‍ ബൈക്കില്‍ കാറ്റടിച്ചു. കോതമംഗലം എത്തിയാല്‍ പഞ്ചര്‍ ഷോപ്പ്‌ ഉണ്ടാകുമെന്ന് ഉറപ്പ്‌ നല്‍കി അഞ്ച്‌ പൈസ പ്രതിഫലം പറ്റാതെ അയാള്‍ ഞങ്ങളെ യാത്രയാക്കി. നേര്യമംഗലത്തെത്തി കൊച്ചി-മധുരൈ ഹൈവേയില്‍ പ്രവേശിക്കുമ്പോഴേക്കും ശാരീരികമായും മാനസികമായും ഞങ്ങള്‍ തളര്‍ന്നവശരായിരുന്നു.
                കോതമംഗലത്തെത്തി തലശ്ശേരിയുമായി യാതൊരു ബന്ധവുമില്ലാത്ത തലശ്ശേരി റെസ്റ്റാറന്‍റില്‍ കയറി ഭക്ഷണം കഴിച്ച്‌ പുറത്തിറങ്ങുമ്പോഴേക്കും പാതിരാവാകാന്‍ കേവലം അരമണിക്കൂര്‍ മാത്രം ബാക്കി. യാത്ര തുടരണോ വേണ്ടയോ എന്ന കാര്യത്തില്‍ എല്ലവരും ആശയക്കുഴപ്പത്തിലായിരുന്നു. അതിന്‌ മൂര്‍ച്ച കൂട്ടുന്നതായിരുന്നു റംസിയുടെ അടുത്ത ഡയലോഗ്‌: 
"ടാ, നല്ല ഒറക്ക്‌ വര്‌ണ്‌ണ്ട്‌. ഞമ്മക്ക്‌ ഇവ്ടെ എവ്ടെങ്കിലും റൂമെട്ക്കാ?". 
ഒരു നിമിഷം നിശബ്ദത വ്യാപിച്ചു. പെട്ടന്ന് എന്തോ ഓര്‍ത്ത പോലെ അസ്മീര്‍ പറഞ്ഞു: 
"ഏയ്‌...അതൊന്നും പറ്റൂല, എനക്ക്‌ നാളെ ഒരു മീറ്റിംഗ്‌ ള്ളതാ. പോവാ പോവാ".
                ഏതോ ഒരു പള്ളിപ്പെരുന്നാള്‍ അരങ്ങുതകര്‍ക്കുന്നതിനാല്‍ പോലീസ്‌ ഞങ്ങളെ മറ്റൊരു വഴിക്ക്‌ തിരിച്ചുവിട്ടു. കുറച്ച്‌ ദൂരം മുന്നോട്ട്‌ പോയപ്പോഴേക്കും ഫസലിന്‍റെ ടയര്‍ പണി തന്നു. അടുത്തുള്ള പെട്രോള്‍ പമ്പില്‍ കയറി കാറ്റടിച്ച്‌ അവന്‍ തിരിച്ചു വരുമ്പോഴേക്കും തൊട്ടടുത്തുള്ള ബസ്‌ സ്റ്റോപ്പ്‌ ഞങ്ങള്‍ കിടപ്പുമുറിയാക്കിയിരുന്നു. 
"അതേയ്‌, ഇത്‌ നിറ്‍ത്ത്യാ കാറ്റൊയിഞ്ഞ്‌ പോവും. വേം പോര്‌
ഞങ്ങളെ കണ്ട അവന്‍ വിളിച്ചു കൂവി. ഓരോരുത്തരായി എണീറ്റ്‌ ബൈക്ക്‌ സ്റ്റാര്‍ട്ടാക്കാന്‍ തുടങ്ങി.
കാലടി ജംഗ്ഷനില്‍ കണ്ട പള്ളിയില്‍ കയറി മഗ്‌രിബ്‌-ഇഷാ നമസ്കാരങ്ങള്‍ നിര്‍വ്വഹിച്ച്‌ പുറത്തെത്തിയപ്പോഴേക്കും ഫസലും അസ്മീറും ദൃഡമായ ഒരു തീരുമാനത്തിലെത്തിയിരുന്നു - വിപ്ളവം. വിപ്ളവം തോക്കിങ്കുഴലിലൂടെയല്ല, ആക്സിലറെറ്ററിലൂടെ. പരമ്പരാഗത 'ഭൂര്‍ഷാ' രീതിയില്‍ ഇടക്കിടെ ചില ബ്രേക്കുകളൊക്കെ യാത്ര ചെയ്യുന്ന മെല്ലെപ്പോക്കുകാരായ ഞങ്ങളോട്‌ സമരം ചെയ്‌തുകൊണ്ട്‌ 'ഒറ്റപ്പിടുത്തത്തിന്‌ കോഴിക്കോടെത്തും' എന്ന് പ്രഖ്യാപിച്ചുകൊണ്ട്‌ സഖാക്കള്‍ രണ്ട്‌ പേരും വണ്ടിയോടിച്ചു പോയി.
                'കഫേ കോഫീ ഡേ' അങ്കമാലി-ചാലക്കുടി റോഡിലൂടെ പോകുമ്പോള്‍ ഇന്ത്യന്‍ ഓയല്‍ കമ്പനി നേരിട്ട്‌ നടത്തുന്ന പെട്രോള്‍ പമ്പിനോട്‌ ചേര്‍ന്ന്‌ നില്‍ക്കുന്ന ഈ കോഫീ ഷോപ്പ്‌ പെട്ടന്ന്‌ തന്നെ ആരുടേയും ശ്രദ്ധയാകര്‍ഷിക്കും. ഒരു സുസൂക്കി ഹയാബുസ, ഒരു ട്രയംഫ്‌ ടൈഗര്‍, ഒരു ഹാര്‍ലി ഡേവിഡ്സണ്‍ ഫാറ്റ്ബോയ്‌, ഒരു യമഹ ആര്‍ വണ്‍. നാലും നിരനിരയായി നിര്‍ത്തിയിട്ടത്‌ കണ്ട ഞാന്‍ കുറച്ച്‌ ദൂരെയായി എന്‍റെ ബൈക്ക്‌ പാര്‍ക്ക്‌ ചെയ്‌തു. ഒരു ഡബിള്‍ ഷോട്ട്‌ എസ്പ്രെസ്സോ കുടിക്കുമ്പോഴേക്കും റഫ്സലും റംസിയും വന്നുചേര്‍ന്നു. കഷായം കഴിക്കുന്ന പോലെ കണ്ണുമടച്ച്‌ അവരും മോന്തി ഒരോന്ന്‌. ഒരു പതിനഞ്ച്‌ മിനിട്ടോളം അതിന്‍റെ സ്വാധീനം ഉറക്കത്തെ അകറ്റിനിര്‍ത്തിയെങ്കിലും പൂര്‍വാധികം ശക്‌തിയോടുകൂടി അത്‌ തിരികെ വന്നു കണ്ണുകളില്‍ നൃത്തമാരംഭിച്ചു. പാലിയേക്കര ടോള്‍ പ്ളാസ എത്തുമ്പോഴേക്കും ഞാന്‍ ഒരുപാട്‌ മുന്നിലെത്തിയിരുന്നു. ബൈക്കില്‍ നിന്നിറങ്ങിയ ഞാന്‍ ഹെല്‍മെറ്റ്‌ പോലും അഴിക്കാന്‍ നില്‍ക്കാതെ ആ റേോഡില്‍ മലര്‍ന്നു കിടന്നു. ഒരു പതിനഞ്ച്‌ മിനിട്ടോളം ആ കിടപ്പ്‌ കിടന്ന ശേഷമാണ്‌ റഫ്സല്‍ എത്തിച്ചേര്‍ന്നത്‌; തൊട്ടുപിറകെ റംസിയും.
                ഒരുവിധത്തില്‍ ഉറക്ക്‌ സഹിച്ച്‌ ഞങ്ങള്‍ തൃശൂര്‍ ടൌണിലെത്തി. അര മണിക്കൂര്‍ ഉറങ്ങിയാല്‍ ഉറക്കം മാറുമെന്ന് റംസി പറഞ്ഞതനുസരിച്ച്‌ പണി തീരാത്ത ഒരു ബില്‍ഡിങ്ങിന്‍റെ അടുത്ത്‌ സൈഡാക്കി ഞങ്ങള്‍ വരാന്തയില്‍ കയറിക്കിടന്നു. കിടന്ന ഉടന്‍ തന്നെ ഞാന്‍ ഉറങ്ങുകയും ചെയ്‌തു. ആരോ ഉച്ചത്തില്‍ സംസാരിക്കുന്നത്‌ കേട്ടാണ്‌ ഞാന്‍ ഉറക്കത്തില്‍ നിന്നുണര്‍ന്നത്‌. മൂന്നാല്‌ പേര്‍ റംസിയുടെ ചുറ്റും കൂടിനില്‍ക്കുന്നതാണ്‌ കണ്ണുതുറന്ന ഞാന്‍ കണ്ടത്‌. 
"ആരാടാ അത്‌?
അവര്‍ പോയ ശേഷം ഞാന്‍ ചോദിച്ചു. 
"ഏതോ ബംഗാള്യേളാ. ന്നോട്‌ വന്ന് തൃശ്ശൂര്‍ലെ വഴി ചോയ്ച്ചാ ഞാന്‍ എന്ത്‌ പറ്യാനാ?"
അവന്‍ പറഞ്ഞു. 
"അല്ല, ങി ഒറങ്ങീലേ?
കണ്ണു തിരുമ്മിക്കൊണ്ട്‌ റഫ്സല്‍ ചോദിച്ചു. 
"എവ്ടെ. ങ്ങള്‌ കെടന്നപ്പം തന്നെ നായിക്കള്‌ ഇവ്ടെ വന്നീനും. കൊറേ മണപ്പിച്ചയ്ന്‌ ശേഷം അയറ്റിങ്ങള്‌ പോയി. ഓല്‌ കെടക്ക്ന്ന സ്ഥലെങ്ങാനാണ്‌ ഇത്‌ന്ന്‌ തോന്ന്ന്ന്. പിന്നെ ഇങ്ങ്‌ക്കി കെടക്കാന്‍ തോന്നീല. ഇങ്ങളെ വിള്‍ക്ക്യാനും
അവന്‍ പറഞ്ഞു തീരും മുന്‍പേ ഞങ്ങള്‍ ചാടിയെണീറ്റു.
തൃശൂര്‍ റൌണ്ട്‌ എബൌട്ടില്‍ ചായ കുടിക്കാന്‍ നിര്‍ത്തിയപ്പോള്‍ റംസി അവന്‍റെ ഒരു ശതമാനം മാത്രം ചാര്‍ജ്‌ ബാക്കി നില്‍ക്കുന്ന ഫോണ്‍ ചാകുന്നതിന്‌ മുന്‍പ്‌ അസ്മീറിനെ വിളിച്ചു. 
"അവര്‌ കോഴിക്കോടെത്താനായി ന്നാ പറഞ്ഞത്‌
സംസാരത്തിനിടെ ഓഫായ ഫോണ്‍ പോക്കറ്റില്‍ ഇടുന്നതിനിടയില്‍ അവന്‍ പറഞ്ഞു. 
"വൃത്തികെട്ടവന്‍മാര്‌. ഇത്ര പെട്ടന്ന് എത്യോ? ഞമ്മള്‌ ഇനിപ്പൊ എപ്പളാണെയ്ക്ക്യു?
ഞാന്‍ ആത്മഗതം ചെയ്‌തു. കുറച്ച്‌ ദൂരം പിന്നിട്ടപ്പോഴാണ്‌ ശ്രദ്ധിച്ചത്‌: 'റംസിയെ കാണ്‍മാനില്ല'. കുറേ നേരം കാത്തിരുന്നെങ്കിലും അവനെ കണ്ടില്ല. വീട്ടിലെത്താനുള്ള ദൃതിയോ ഉറക്കത്തിന്‍റെ സമ്മര്‍ദ്ദമോ - അറിയില്ല; ഞങ്ങള്‍ പിന്നെ അവനെ കാത്തു നിന്നില്ല.
                അത്യന്തം നാടകീയമായ കാഴ്ച്ചയാണ്‌ കുറ്റിപ്പുറം പാലത്തോടടുത്ത ഞങ്ങള്‍ കണ്ടത്‌. ഹൈറേഞ്ചുകളില്‍ മാത്രം കണ്ടു പരിചയിച്ച അതിശക്‌തമായ കോടമഞ്ഞില്‍ കുളിച്ച്‌ നില്‍ക്കുകയായിരുന്നു അവിടം. കുറ്റിപ്പുറം പാലത്തിലേക്ക്‌ ബൈക്കോടിച്ച്‌ ചെന്ന ഞാന്‍ ഇരുട്ടത്ത്‌ തപ്പിത്തടഞ്ഞ്‌ എത്തിയത്‌ മന്ത്രി കെ.ടി. ജലീലിന്‍റെ എം.എല്‍.എ ഫണ്ടില്‍ നിര്‍മ്മിച്ച ബസ്‌ സ്റ്റോപ്പിലേക്കായിരുന്നു എന്ന്‌ തൊട്ടടുത്തെത്തിയപ്പോഴാണ്‌ മനസ്സിലായത്‌. ഒരു വിധത്തില്‍ വണ്ടി വെട്ടിച്ചാണ്‌ പാലത്തില്‍ കയറിയത്‌. പാലം പിന്നിട്ടപ്പോഴേക്കും സുബ്‍ഹി നമസ്കാരം കഴിഞ്ഞ്‌ രാവിലത്തെ ചായയും വലിച്ചുകേറ്റി, ഇരുകൈകളും പട്ടാളക്കാരെ പോലെ ആകാശത്തിലേക്കും തിരിച്ചും അതിവേഗതയില്‍ ആട്ടിക്കൊണ്ട്‌ വളരേ പതുക്കെ നടന്നുപോകുന്ന കക്കാമാരെക്കൊണ്ട്‌ നിറഞ്ഞിരിക്കുകയായിരുന്നു റോഡിന്‍റെ ഇടതുവശം. കുറ്റിപ്പുറം പിന്നിട്ട്‌ ശ്രീ നാരായണ ഗുരു ആശ്രമത്തിന്‍റെ മുന്നില്‍ നിര്‍ത്തുമ്പോഴേക്കും വെളിച്ചം പരന്നു തുടങ്ങിയിരുന്നു. ഇരുപത്‌ മീറ്ററിനപ്പുറം ഒന്നും കാണാന്‍ സാധിക്കാത്തവിധം ശക്‌തമായിരുന്നു കോടമഞ്ഞ്‌. ഒരു പത്തിരുപത്തഞ്ച്‌ മിനിറ്റ്‌ ഞാനും റഫ്സലും എന്തൊക്കെയോ സംസാരിച്ച്‌ അവിടെ നിന്നു. നിമിഷങ്ങള്‍ക്കകം മറ്റൊരു നാടകത്തിന്‌ വേദിയാവുകയായിരുന്നു ആ സ്ഥലം.
                കോടമഞ്ഞിനെ കീറിമുറിച്ചുകൊണ്ട്‌ അങ്ങകലെ ഒരു മഞ്ഞവെളിച്ചം പ്രത്യക്ഷപ്പെട്ടു. വളരേ വേഗം അത്‌ ഞങ്ങളുടെ നേരെ പാഞ്ഞടുത്തു. സുപരിചിതമായ റോയല്‍ എന്‍ഫീല്‍ഡിന്‍റെ മുരള്‍ച്ച ആ വെളിച്ചത്തോടൊപ്പം ശക്‌തിയാര്‍ജ്ജിച്ച്‌ ഞങ്ങളുടെ തൊട്ടുമുന്നില്‍ വന്ന് ഒടുങ്ങി. ഹെല്‍മെറ്റ്‌ ഊരി 'അസ്സലാമു അലൈക്കും' എന്ന് പറഞ്ഞുകൊണ്ട്‌ റംസി ചാടിയിറങ്ങിയപ്പോള്‍ ഞങ്ങള്‍ അനുഭവിച്ച വല്ലാത്ത ഒരു തരം വികാരമുണ്ടായിരുന്നു. അത്‌ ഇവിടെ കുറിക്കാന്‍ എനിക്ക്‌ വാക്കുകള്‍ തികയുന്നില്ല. ഞങ്ങളുടെ കെട്ടിപ്പിടുത്തം രണ്ട്‌ മിനിട്ടോളം നീണ്ടു. കടുപ്പത്തിലൊരു ചായയും കുടിച്ച്‌ ഒരു സെല്‍ഫിയുമെടുത്ത്‌ ഞങ്ങള്‍ കുതിച്ചു. യാത്ര അവസാനിക്കുന്നതിന്‌ മുന്‍പ്‌ മറ്റൊരു നാടകീയ നിമിഷം കൂടി ഞങ്ങളെ കാത്തുകിടക്കുന്നുണ്ടായിരുന്നു.



ചേളാരി- ആ പേര്‌ എല്ലാവരും ഓര്‍ക്കുന്നത്‌ കാലികറ്റ്‌ യൂണിവേഴ്സിറ്റി സ്ഥിതി ചെയ്യുന്ന സ്ഥലം എന്ന നിലക്കാണെങ്കില്‍ ഞങ്ങള്‍ അഞ്ചു പേരും അത്‌ ഓര്‍ക്കുന്നത്‌ മറ്റൊരു നിലക്കാണ്‌. യൂണിവേഴ്സിറ്റി പിന്നിട്ട്‌ കോഴിക്കോട്‌ ഭാഗത്തേക്ക്‌ വരുമ്പോള്‍ ഒരു ഹല്‍വാ കടയുണ്ട്‌- സ്വാദീസ്‌. അത്‌ കഴിഞ്ഞ്‌ ഒരു മുപ്പത്‌ മീറ്റര്‍ കഴിഞ്ഞാല്‍ ഒരു ചെറിയ വളവാണ്‌. ആ വളവ്‌ തിരിയുമ്പോഴാണ്‌ ആരുടെയോ നാവില്‍ നിന്ന് ഒഴുകിയ എന്‍റെ പേര്‌ ബുള്ളറ്റിന്‍റെ ശബ്ദത്തെ അതിജീവിച്ച്‌ എന്‍റെ ഹെല്‍മെറ്റിനുള്ളിലൂടെ കാതില്‍ വന്ന് പതിഞ്ഞത്‌. അല്‍പം മുന്നിലായി വണ്ടി നിര്‍ത്തി തിരിഞ്ഞു നോക്കിയെങ്കിലും വളവായതിനാല്‍ ആരെയും കണ്ടില്ല. 'ആരാ ഇവ്‌ടെ ന്‍റെ പേര്‌ വിളിക്കാന്‍ പടച്ചോനേ' എന്നോര്‍ത്തുകൊണ്ട്‌ ഞാന്‍ വണ്ടി തിരിച്ചു. എന്നെ നൊക്കി ഇളിഞ്ഞ ചിരിയുമായി റോഡരികില്‍ നിന്ന രണ്ടു പേരെ കണ്ട്‌ ഞാന്‍ വാ പൊളിച്ചുപോയി. തലേന്ന് രാത്രിയിലെ വീരവിപ്ളവക്ളാരികള്‍. അരസഖാവ്‌ ഫസലും മുക്കാസഖാവ്‌ അസ്മീറും. ഇതൊരു ഭ്രമമാണോ എന്നുപോലും ഞാന്‍ ഒരു നിമിഷം ചിന്തിച്ചുപോയെങ്കിലും റഫ്സലും റംസിയും ഞങ്ങളെ കണ്ട്‌ അങ്ങോട്ട്‌ വന്നു.
                പിന്നെ മാലപ്പടക്കത്തിന്‌ തീ കൊടുത്ത പോലെ ഞങ്ങള്‍ മൂന്ന്പേരും പൊട്ടിച്ചിരിച്ചു. പരിസരം മറന്ന് ഞങ്ങള്‍ ചിരിച്ചു. നേരത്തെ കണ്ട അതേ ഇളിഞ്ഞ ചിരിയുമായി അസ്മീര്‍ പറഞ്ഞു: 
"ഫസല്‍റെ ടയറ്‌ പഞ്ചറായി. അയിച്ച്‌ നോക്കുമ്പം എല്ലംകൂട്യും തരിപ്പ മായിരിണ്ട്‌. നൊറച്ചും ഓട്ട". 
അതു കേട്ടതും ഞങ്ങള്‍ വീണ്ടും ചിരി തുടങ്ങി. പഞ്ചറൊക്കെ ഒട്ടിച്ച ശേഷം ആലിംഗനങ്ങളും യാത്ര പറയലുമൊക്കെ കഴിഞ്ഞ്‌ ഞങ്ങള്‍ യാത്ര തിരിച്ചു. ഇത്തവണ കൂട്ടമായിട്ടല്ല. ഓരോരുത്തരും ഓരോ വഴിക്ക്‌. ജീവിതമാകുന്ന യാത്രയില്‍ ഞങ്ങളുടെ കൂടെ യാത്ര ചെയ്യുന്ന യാത്റക്കാര്‍ക്കിടയിലേക്ക്‌.
മൂന്ന് ദിവസം കൊണ്ട്‌ ഒരുപാട്‌ അനുഭവങ്ങളും അറിവുകളും സമ്പാദിച്ച്‌ ഞങ്ങള്‍ തിരിച്ചെത്തി. എന്നെങ്കിലുമൊരിക്കല്‍ ഒരിക്കല്‍ കൂടെ ഇതുപോലെ മറ്റൊരു യാത്ര, മറ്റൊരു ലക്ഷ്യസ്ഥനത്തേക്ക്‌ പറന്നകലാം എന്ന പ്രതീക്ഷയില്‍. ഇന്നും ആ കാത്തിരിപ്പ്‌ തുടരുന്നു. ജീവിതത്തിന്‍റെ മലവെള്ളപ്പാച്ചിലില്‍ സമയവും സന്ദര്‍ഭവും ഒത്തു വരുമെന്ന പ്രതീക്ഷയില്‍.

1 comment :

  1. Dear Jaseemji,
    Exuberant reading experience...I felt that me too traveled.....
    Great travelogue....

    ReplyDelete

Popular Posts

Designed By OddThemes | Distributed By Blogger Templates