മലമുകളിലെ കാടും കൂട്ടും

മലമുകളിലെ കാടും കൂട്ടും 



അതിരാവിലെ കിളികളുടെ ശബ്ദകോലാഹലം കേട്ടാണ് ഉറക്കമുണർന്നത്. 
"അലാറം ഓഫ് ആക്കെടാ" ഞാൻ അലറി. 
"അലാറം അല്ല ശരിക്കും കിളികൾ തന്നെയാ" അശ്വത്ത് പറഞ്ഞു. 
അപ്പോഴാണ് സത്യത്തിൽ ബോധം വന്നത് - വീട്ടിൽ അല്ല, വയനാട്ടിൽ ഒരു മലമുകളിലെ ക്യാമ്പ്സൈറ്റിൽ ആണ് ചക്ക വെട്ടിയിട്ട പോലെ കിടന്നുറങ്ങുന്നതെന്ന്. അതിരാവിലത്തെ പടംപിടുത്തം പരിപാടികൾക്കായി ഞാൻ ചാടി എണീറ്റ് ക്യാമറാ ബാഗും എടുത്ത് പുറത്തേക്കിറങ്ങി. കോടമഞ്ഞിൽ പുതഞ്ഞ പകലിൽ ഇടതൂർന്ന മരങ്ങൾക്കിടയിലൂടെ ഞാൻ നടന്നു. നടന്ന് നടന്ന് വ്യൂ പോയിന്റിൽ എത്തിയപ്പോൾ ഒരു രക്ഷയും ഇല്ലാത്ത കാഴ്ച്ച. "ക്‌ളൗഡ്‌ ബെഡ്" എന്നൊക്കെ കേട്ടിട്ടേ ഉണ്ടായിരുന്നുള്ളൂ. അന്ന് കണ്ടു- കൺനിറയെ.
പേര് പറഞ്ഞില്ല അല്ലേ? ഇത് കൂക്സ് അഡ്‌വെഞ്ചേഴ്‌സ്. വയനാട് ഓൾഡ് വൈത്തിരിയിൽ നിന്ന് വലത് തിരിഞ്ഞ് പന്ത്രണ്ട് കിലോമീറ്റർ പക്കാ ഓഫ് റോഡ് ജീപ്പ് യാത്രയിലൂടെ മാത്രം എത്തിപ്പെടാവുന്ന ഒരു കിക്കിടിലൻ ക്യാമ്പ് സൈറ്റ്. സമുദ്രനിരപ്പിൽ നിന്നും 5000 അടി ഉയരത്തിൽ ഏകദേശം അമ്പത്തി അഞ്ച് ഏക്കറിലായി പരന്നു കിടക്കുന്ന കാട്ടിനുള്ളിലെ ഈ പറുദീസയുടെ പഴയ പേര് ഡെയർ 5000. സ്വന്തം പ്രോപ്പർട്ടിക്കകത്ത് തന്നെ സ്തിഥി ചെയ്യുന്ന പ്രൈവറ്റ് സൺസെറ്റ് വ്യൂ പോയിന്റ്, ഒരു മാരക വെള്ളച്ചാട്ടം, മരങ്ങൾക്കിടയിൽ ടെന്റ്സ്റ്റേ, അല്പം കംഫർട്ട് ആഗ്രഹിക്കുന്നവർക്ക് കോട്ടേജുകൾ, പ്രകൃതി തന്നെ രൂപപ്പെടുത്തിയ ഗുഹ, സിപ് ലൈൻ, ബർമ ബ്രിഡ്ജ്, ഫീൽഡ് ക്രോസിങ് തുടങ്ങി അഡ്വെഞ്ചർ പരിപാടികൾ, ക്യാമ്പ്ഫയർ, ബാർബിക്യൂ, പിന്നെ കണ്ണെത്താ ദൂരം പരന്നു കിടക്കുന്ന കൊടും കാടും. വേറെ ഇനി എന്ത് വേണം? വിറകടുപ്പിൽ പാകം ചെയ്ത സ്വാദിഷ്ടമായ ഭക്ഷണവും കഴിച്ച് കൂടെയുള്ളവൻമാരെയും കൂട്ടി മലയിറങ്ങുമ്പോൾ മനസ്സ് നിറയെ കാടും വായിൽ ഇഞ്ചിയിട്ട് തിളപ്പിച്ച കട്ടൻ ചായയുടെ മധുരവും.





























Post a Comment

Popular Posts

Designed By OddThemes | Distributed By Blogger Templates