ആർത്തവം


 മദ്രസ്സയിൽ കർമശാസ്ത്ര പുസ്തകങ്ങൾ പഠിക്കാൻ തുടങ്ങിയ മുതൽ കുഞ്ഞബ്ദുള്ള കേൾക്കുന്ന ഒരു വാചകമാണ് ഈ ആർത്തവം. അവർക്ക് നമസ്കാരം നിർബന്ധമില്ല, നോമ്പ് നോക്കണ്ട, ഖുർആൻ വായിക്കേണ്ടാ തുടങ്ങി ഒരുപാട് ഒഴിവുകഴിവുകൾ. 'എന്താണ് ഈ ആർത്തവം?' ആ വാക്ക് പറയുമ്പോൾ എന്താ ചിലരുടെയൊക്കെ മുഖങ്ങളിൽ നേർത്ത ഒരു നാണവും പുഞ്ചിരിയും ഒക്കെ? ഒരെത്തും പിടിയും കിട്ടുന്നില്ല. കുഞ്ഞബ്ദുള്ളക്ക് വല്ലാത്ത ഒരു ജാതി സംശയം. പെൺകുട്ടികൾക്കാണ് ഈ സംഭവം എന്ന് മനസ്സിലായി. കാരണം, അതൊക്കെ കിത്താബിലുണ്ട്. 'ആർത്തവമുള്ള സ്ത്രീകൾ' എന്ന് തന്നെയാണ് പറഞ്ഞിരിക്കുന്നത്. അവന് തോന്നി, ഇത് എന്തോ ബ്രഹ്‌മാണ്ഡരഹസ്യം ആണെന്ന്. ഉസ്താദിനോട് ചോദിക്കാൻ പറ്റുമോ? അവന് അറിയില്ല. ആകെ ഹലാക്കായി. ചോദിക്കാഞ്ഞിട്ടാണെങ്കിൽ അവന് യാതൊരു സമാധാനവും ഇല്ല. രണ്ട് ദിവസം ചോദിക്കാതെ പിടിച്ചു നിന്നത് എങ്ങനെയെന്ന് അവനും പടച്ചോനും മാത്രമേ അറിയൂ. ഒടുവിൽ ധൈര്യം സംഭരിച്ച് അവൻ അത് ചോദിച്ചു - കൂടെ മദ്രസയിലേക്ക് വരുന്ന അയലത്തെ സുമയ്യത്താത്തയോട്. ഒരു നിമിഷം സുമയ്യയുടെ മുഖത്ത് നേരിയ ഒരു നാണം പ്രത്യക്ഷപ്പെട്ടെങ്കിലും അത് മറച്ചു പിടിച്ചുകൊണ്ട് അവൾ കോപപ്പെട്ടു: "മുട്ടേന്ന് വിരിഞ്ഞിട്ടില്ല. അപ്പോഴേക്കും അവന്റെ ഒരു സംശയം. നടക്കെടാ ചെക്കാ..." കോപം കൊണ്ട് ചുവന്ന് തക്കാളിപ്പരുവത്തിലായ മുഖം വെട്ടിച്ചുകൊണ്ട് അവൾ ദൃതിയിൽ മുന്നോട്ട് നടന്നു. മുന്നോട്ട് നടക്കുന്നതിനിടയിൽ അവൾ ചിരിച്ചോ? അവന് ഉറപ്പില്ല. ഏതായാലും സംഭവം പാളി എന്നുറപ്പായി. ഇത്താത്തയെങ്ങാനും അത് ഉസ്താദിനോട് പറഞ്ഞാലോ? അല്ലെങ്കിൽ സ്‌കൂളിൽ കൂടെ പഠിക്കുന്ന സഹപാഠികളോട് പറഞ്ഞാലോ? അതിൽ തന്റെ മാമന്റെ മോൾ ആയിശയെങ്ങാനും അത് കേട്ട് മാമിയോട് പറഞ്ഞാലോ? മാമി അത് വന്ന് ഉമ്മാനോട് പറഞ്ഞാലോ? അതൊന്നും ഇല്ലെങ്കിൽ അത് അവന്റെ കൂട്ടുകാർ അറിഞ്ഞാലോ? പിന്നെ അവന് പേര് വീഴൂലെ? "ആർത്തവം കുഞ്ഞബ്ദുള്ള" എന്ന്? അയ്യേ, ഇനി ഇപ്പൊ എന്ത് ചെയ്യും. അവന്റെ കണ്ണിൽ നിന്ന് കണ്ണുനീർ ഒഴുകാൻ തുടങ്ങി. ഭാഗ്യത്തിന് സുമയ്യത്താത്ത ആരോടും പറഞ്ഞില്ല. അവന് സമാധാനമായി. എന്നാലും എന്തായിരിക്കും അത്? അവന് വീണ്ടും സംശയം. മനസ്സിൽ തറച്ച സംശയം അല്ലേ? അതും വിശ്വവിഖ്യാതമായ ഒരു സംശയം. പെട്ടന്ന് മറക്കാൻ ഒക്കുമോ? സംശയം അവന്റെ ഉറക്ക് കെടുത്തി, വിശപ്പിനെ തളർത്തി, പുളിയച്ചാർ പോലും അവന് വേണ്ടാതായി. ആയിടക്കാണ് ഉസ്താദ് വീണ്ടും ഇതിനെ കുറിച്ച് പറയുന്നത്. രണ്ടും കൽപ്പിച്ച് അവൻ ആ ചോദ്യം ചോദിച്ചു. "എന്താണ് ഉസ്താദേ ഈ ആർത്തവം?". അതിൽ പിന്നെ കുറേക്കാലത്തേക്ക് അവന് 'ആർത്തവം' എന്ന് കേട്ടാൽ ഓർമ വന്നിരുന്നത് ഉസ്താദിന്റെ ചൂരൽ പ്രയോഗം മാത്രമായിരുന്നു.



ഏതായാലും പേടിച്ച പോലെ കുഞ്ഞബ്ദുള്ളയ്ക്ക് ആ പേര് വീണു: "ആർത്തവം കുഞ്ഞബ്ദുള്ള". ഉസ്താദിനോടല്ലേ ചോദിച്ചത്. നാട്ട്കാരറിഞ്ഞു, വീട്ടുകാരറിഞ്ഞു ആകെ നാണക്കേടായി. എന്നാലും ആ സംശയം മാത്രം ബാക്കി. "എന്താണ് ആർത്തവം?". കുഞ്ഞബ്ദുള്ള എല്ലാ കാര്യങ്ങളും പങ്കുവെക്കാറുള്ളത് കൂട്ടുകാരൻ ഷുക്കൂറിനോടാണ്. അവനും ഈ കാര്യത്തിൽ യാതൊരറിവുമില്ല. ഏതായാലും അവന്റെ ഏട്ടൻ ഹമീദ് സഹായിച്ചു. ആർത്തവം എന്താണെന്നുള്ള ഏകദേശം അറിവ് അവന് ലഭിച്ചു. അത് ശരിയാണോ അല്ലേ എന്നൊന്നും അവന് ഉറപ്പില്ല. ഏതായാലും അവന്റെ സംശയം ശമിച്ചല്ലോ? അവൻ ആഹ്ലാദപുളകിതനായി. പിന്നെ കുറേ കാലത്തേക്ക് അതൊക്കെ മറന്നു. നാട്ടുകാർ അവന്റെ ഇരട്ടപ്പേരും. ഒരിക്കൽ കോളേജിൽ ലഞ്ച് ബ്രേക്കിനാണ് കൂട്ടുകാരി കല്യാണി വയറുവേദനയെന്നും പറഞ്ഞു HODയുടെ റൂമിന് പുറത്തെ ബെഞ്ചിൽ ഇരിക്കുന്നത് അവനും കൂട്ടുകാരൻ അരുണും കാണുന്നത്. അവളുടെ കൂടെ രണ്ട് കൂട്ടുകാരികളും. അവരോട് സംസാരിച്ച് മുന്നോട്ട് നീങ്ങുമ്പോഴാണ് അരുൺ ആ മഹാസത്യം പറയുന്നത്. "ഡാ, ഓൾക്ക് മറ്റേതാ". നിഷ്കളങ്കനല്ലയോ കുഞ്ഞബ്ദുള്ള. അവൻ ചോദിച്ചു: "എന്ത്?". "എടാ മെൻസസ്, ആർത്തവം" കുഞ്ഞബ്ദുള്ള ഒരു നിമിഷം ഒന്ന് ഞെട്ടി. തന്റെ പഴയ ഇരട്ടപ്പേര്. ഞെട്ടൽ മറച്ചു വെച്ചുകൊണ്ട് അവൻ ചോദിച്ചു: "എന്താ പറഞ്ഞത്?". ക്ലാസിനടുത്തെത്തിയ അരുൺ ശബ്ദം താഴ്ത്തി പറഞ്ഞു: "എടാ അവൾക്ക് മെൻസസ് ആയീ എന്ന്". ഈ മെൻസസ് എന്ന് പറയുന്നത് ഒരു പ്രകൃതിദത്തമായ ഒരു പ്രക്രിയ മാത്രമാണെന്നൊക്കെ കുഞ്ഞബ്ദുള്ളക്ക് അറിയാം. പിന്നെ എന്തിനാ ഇവൻ ഇത് വലിയ സംഭവം ആക്കി പറയുന്നത്. മാത്രമല്ല, അവൾ എന്തിനാ ഇങ്ങനെ തളർന്ന് ഇരിക്കുന്നത്. ഒരു പാഡ് ഉപയോഗിച്ചാൽ പോരെ? ചിലപ്പോ ചോര കുറേയധികം പോയത് കൊണ്ടായിരിക്കും. അവൻ അരുണിനോട് വലിയ താല്പര്യമില്ലാത്ത മട്ടിൽ ചോദിച്ചു: "അതിന്?". "ഒന്നൂല്യ, പറഞ്ഞെന്നെ ഉള്ളൂ". അവർ ക്ലാസിൽ കയറി. പക്ഷേ മറ്റൊരു സംശയം അവന്റെ തലയിൽ ഉടലെടുത്തു: ഇത് എല്ലാ പെണ്ണുങ്ങൾക്കും ഉണ്ടാകും എന്നാണല്ലോ അറിഞ്ഞത്. എന്നാൽ ഉമ്മാക്കും രണ്ട് പെങ്ങന്മാർക്കും ഇത് വരെ ഇത് വന്നിട്ടില്ലേ? അതിനെ പറ്റി വീട്ടിൽ ആരും സംസാരിക്കുന്നത് ഇതുവരെ ഞാൻ കേട്ടിട്ടില്ലല്ലോ? ഇന്നേ വരെ ഒരു പാഡ് പോലും അവർ തന്നെക്കൊണ്ട് വാങ്ങിച്ചിട്ടില്ലല്ലോ? അവന് പഴയ പോലെ സംശയങ്ങൾ തലപൊക്കാൻ തുടങ്ങി. ഉമ്മാനോട് ചോദിക്കാൻ പറ്റുമോ? പണ്ട് ഉസ്താദിനോട് ചോദിച്ചത് അറിഞ്ഞപ്പോ തന്നെ ഉമ്മാന്റെ പ്രതികരണം അവൻ അറിഞ്ഞതാണ്. വേണ്ട.
കോളേജ് കഴിഞ്ഞ് ജോലിക്ക് കയറിയ കുഞ്ഞബ്ദുള്ളയുടെ നിക്കാഹ് കഴിഞ്ഞു. ഒരു സുന്ദരിക്കൊച്ച്: ആമിന. നിക്കാഹ് കഴിഞ്ഞ് രാത്രിയുള്ള ഫോൺവിളികൾക്കിടയിലാണ് ഞെട്ടിക്കുന്ന ആ കാര്യം അവൾ അവനോട് പറഞ്ഞത്



"ഇക്കാ എനിക്ക് വയറുവേദന ആയി" ആമിന പറഞ്ഞു. നിഷ്കളങ്കനാല്ലയോ കുഞ്ഞബ്ദുള്ള. അവൻ ചോദിച്ചു: "എന്തു പറ്റിയെടാ, കഴിച്ചത് വല്ലതും പറ്റിയില്ലേ?". "അതല്ല ഇക്കാ, എനിക്ക് പീരിയഡ്‌സായി എന്ന്". നിഷ്കളങ്കതക്കും വേണ്ടേ ഒരതിര്, ആ മണ്ടൻ കുണാപ്പി വീണ്ടും ചോദിച്ചു: "അതും വയറുവേദനയും തമ്മിൽ എന്താ ബന്ധം?". "എന്റെ ഇക്കാ, ഇങ്ങക്ക് ഇതും അറിയൂലെ?" അവൾ ഗർവ്വിച്ചു. പിന്നീട് അവളിൽ നിന്നാണ് അവൻ കാര്യങ്ങളുടെ നിഗൂഢസത്യങ്ങൾ ഗ്രഹിക്കുന്നത്. അഞ്ചെട്ട് വർഷങ്ങൾക്കിപ്പുറം കുഞ്ഞബ്ദുള്ളയുടെ മകൻ ഷമീർ സ്കൂൾ വിട്ടു വന്നപ്പോൾ കാണുന്നത് വയറുവേദനയായി കട്ടിലിൽ കിടന്ന് ഞെരിപിരി കൊള്ളുന്ന ഉമ്മയെയാണ്. അടുത്തിരുന്ന് ഉമ്മായുടെ തലയിൽ തടവിക്കൊണ്ടിരുന്നു ഉപ്പയോട് അവൻ ആ ചോദ്യം ചോദിച്ചു. പണ്ട് കുഞ്ഞബ്ദുള്ള ചോദിച്ച ചോദ്യത്തിന്റെ മറ്റൊരു ഭാഷാന്തരം. "ഉപ്പാ, ഉമ്മാക്ക് എന്താ പറ്റിയത്? ഇടക്കിടക്കെന്താ ഉമ്മാക്ക് വയറുവേദന വരുന്നത്? ഉമ്മാന്റെ പള്ളേല് കുഞ്ഞുവാവ ഉണ്ടോ? അതോണ്ടാണോ ഈ വേദന?" എല്ലാ ചോദ്യങ്ങളും കൂടെ ഒറ്റശ്വാസത്തിൽ അവൻ ചോദിച്ചു തീർത്തു. കുഞ്ഞബ്ദുള്ള ചിരിച്ചു, കളിയാക്കിയിട്ടുള്ള ചിരിയല്ല കേട്ടോ, സന്തോഷത്തോടെ നല്ല എ-വൺ ചിരി. മകനെ എടുത്ത് കട്ടിലിൽ ഉമ്മാന്റെയടുത്ത് ഇരുത്തി. ശേഷം വിശദമായി തന്നെ പറഞ്ഞു കൊടുത്തു: "മോനെ, ഉമ്മയ്ക് മെൻസസ് ആയിരിക്കുകയാണ്". കൗതുകത്തോട് കൂടി ആ മകൻ ഉപ്പാന്റെ മുഖത്ത് നോക്കിയിരിക്കുകയാണ്. അയാൾ തുടർന്ന്: "എല്ലാ സ്ത്രീകൾക്കും മാസത്തിൽ കുറച്ച് ദിവസം ഇങ്ങനെ ഉണ്ടാകും. പടച്ചോന്റെ ഒരത്ഭുത സൃഷ്ടിയാണ് സ്ത്രീകൾ. നമുക്കില്ലാത്ത ഒരത്ഭുത അവയവം ഉണ്ട് അവർക്ക്- ഗർഭപാത്രം. മോൻ ഉമ്മാന്റെ വയറ്റിൽ ഒൻപത് മാസം കിടന്നത് ഗർഭപാത്രത്തിലായിരുന്നു. അത് എല്ലാ മാസവും ഗർഭം ധരിക്കാൻ വേണ്ടി തയാറെടുക്കും. ആ പ്രക്രിയ നടന്നില്ലെങ്കിൽ അതിൽ ഉള്ള ഒരു പാളി രക്തത്തിന്റെ കൂടെ ശരീരം പുറംതള്ളും. അതാണ് ആർത്തവം, മെൻസസ് അഥവാ പീരിയഡ്‌സ് എന്ന് പറയുന്നത്" മകൻ ഇതെല്ലാം കേട്ട് അത്ഭുതപ്പെട്ടിരിക്കുകയായിരുന്നു. അവനെ തലോടിക്കൊണ്ട് കുഞ്ഞബ്ദുള്ള തുടർന്നു. "ആ സമയത്ത് ഉമ്മാക്ക് നല്ല വേദനയുണ്ടാവും. രണ്ട് മൂന്ന് ദിവസം കൊണ്ട് അത് മാറും. പക്ഷേ മോൻ ആ സമയത്ത് ഉമ്മാനെ വെറുപ്പിക്കരുത് ട്ടോ. ഉമ്മ പാവല്ലേ. ഉമ്മാക്ക് നല്ല റസ്റ്റ് വേണ്ട സമയമാണ് അത്. ഉമ്മാക്ക് അന്നേരം എന്തെങ്കിലും ആവശ്യം വന്നാൽ മോൻ അത് ചെയ്ത് കൊടുക്കണം ട്ടോ" അയാൾ പറഞ്ഞു നിർത്തി. സ്നേഹത്തോടെ ഉമ്മായെ നോക്കി ഒരു മുത്തവും നൽകി മകൻ ചോദിച്ചു: "മ്മാക്ക് എന്തെങ്കിലും വേണോ മ്മാ?". "ഒരു ഉമ്മയും കൂടെ തരുമോ?" അവനെ കെട്ടിപ്പിടിച്ചുകൊണ്ട് ആമിന ചോദിച്ചു. "തരൂല" എന്ന് കൊഞ്ചിക്കൊണ്ട് അവൻ ഉമ്മാമയുടെ അടുത്തേക്ക് ഓടി.

Post a Comment

Popular Posts

Designed By OddThemes | Distributed By Blogger Templates